Begin typing your search above and press return to search.
വനിതാ സംരംഭകരുടെ മഹാസംഗമം കൊച്ചിയില്‍; വെന്‍ ബിസ്‌കോണ്‍ ഓഗസ്റ്റ് 9ന്
വനിതാ സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിമെന്‍ എന്‍ട്രപ്രണേഴ്സ് നെറ്റ്‌വർക്ക് ഫൗണ്ടേഷന്‍ (വെന്‍) സംഘടിപ്പിക്കുന്ന വനിതാ സംരംഭക സംഗമം-വെന്‍ ബിസ്‌കോണ്‍ അടുത്തമാസം കൊച്ചിയില്‍ നടക്കും. ഓഗസ്റ്റ് ഒന്‍പതിന് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന പരിപാടിയില്‍ 700ലേറെ വനിതാ സംരംഭകര്‍ പങ്കെടുക്കും.
വനിത സംരംഭകരെ ബിസിനസിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനും സ്‌കില്‍ ഡെവലപ്‌മെന്റ് പരിശീലനം നല്‍കാനുമായി 2016ല്‍ ആരംഭിച്ച കൂട്ടായ്മയാണ് വെന്‍. കൊച്ചി, തൃശൂര്‍, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചാപ്റ്ററുകളുണ്ട്. കേരളത്തിന് പുറത്ത് കോയമ്പത്തൂരിലും പുതിയ ചാപ്റ്റര്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വെന്‍. ചെറുകിട വ്യവസായ യൂണിറ്റുകള്‍ മുതല്‍ വ്യവസായ രംഗത്തെ പ്രമുഖരായ വനിതകള്‍ വരെ ഇതില്‍ അംഗങ്ങളാണ്.
പങ്കെടുക്കാന്‍ പ്രമുഖരുടെ നിര
ബിസിനസില്‍ വിജയംവരിച്ച പ്രമുഖര്‍ വെന്‍ ബിസ്‌കോണില്‍ പങ്കെടുക്കുന്നുണ്ട്. ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ പേര്‍ളി മണി, നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ സഹസ്ഥാപകനും സി.എം.ഡിയുമായ സി.കെ. കുമാരവേല്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റെയിലിസ്റ്റുമായ അംബിക പിള്ള തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും.
ധനകാര്യ മേഖലയില്‍ വനിതാ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉത്തര രാമകൃഷ്ണന്‍ സംസാരിക്കും. ലക്ഷ്മി മേനോന്‍ (അമ്മൂമ്മത്തിരി), നോറീന്‍ അയ്ഷ (ഫെമിസേഫ്), നികിത ശങ്കര്‍ (ഷോപ്പര്‍ ഡോട്ട് കോം), സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന് യുനെസ്‌കോ പുരസ്‌കാരം നേടിയ സ്വാതി സുബ്രഹ്‌മണ്യന്‍ (ഇഴ കണ്‍സര്‍വേഷന്‍ ആര്‍ക്കിറ്റെക്റ്റ്‌സ്) എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെക്കുറിച്ച് മനസുതുറക്കും.
ടൈയുമായി ചേര്‍ന്ന് 2018, 2019 വര്‍ഷങ്ങളില്‍ സംരംഭകര്‍ക്കായി പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന വെന്‍ കാര്‍ണിവല്‍ വലിയ വിജയമായിരുന്നു.
വെന്‍ ബിസ്‌കോണില്‍ പുരുഷന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: https://www.wenindia.org/wen-bizcon.
Next Story
Videos