
വ്യാപാരയുദ്ധത്തിന് പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കുള്ള റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതിക്ക് കര്‍ശന നിയന്ത്രണമാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹന രംഗത്ത് മുതല്‍ പ്രതിരോധ മേഖലയില്‍ വരെ അനിവാര്യമായ ഇത്തരം റെയര്‍ എര്‍ത്ത് ഉത്പന്നങ്ങളുടെ കയറ്റുമതി നിലച്ചതോടെ പല കമ്പനികളും പ്രതിസന്ധിയിലായിട്ടുണ്ട്. ലോകരാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായതോടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കയറ്റുമതിയാകാമെന്ന് ചൈന നിലപാടെടുത്തിരുന്നു.
ഇപ്പോഴിതാ ചൈനയുടെ നീക്കത്തിനെതിരേ ആഗോള കമ്പനികള്‍ വീണ്ടും രംഗത്തു വന്നിരിക്കുകയാണ്. ഇറക്കുമതിക്കായി സമീപിക്കാന്‍ കര്‍ശന നിബന്ധനകളാണ് ബീജിംഗ് മുന്നോട്ടു വയ്ക്കുന്നതെന്നും തങ്ങളുടെ രഹസ്യ വിവരങ്ങള്‍ പോലും കൈമാറാന്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് ആരോപണം. വ്യാപാര രഹസ്യങ്ങള്‍ പുറത്താകുന്നത് തിരിച്ചടിയാകുമെന്നാണ് പാശ്ചാത്യ കമ്പനികള്‍ പറയുന്നത്.
ചൈനയിലെ വാണിജ്യമന്ത്രാലയം, റെയര്‍ എര്‍ത്ത് ഉത്പന്നങ്ങളുടെയും മാഗ്‌നറ്റുകളുടെയും കയറ്റുമതി അനുമതിക്കായി കമ്പനികളില്‍ നിന്ന് നിര്‍മ്മാണ ശാലകളുടെ ചിത്രങ്ങള്‍, ഉപഭോക്താക്കളുടെ പട്ടിക, ഉല്‍പ്പാദനതലവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആവശ്യപ്പെടുകയാണെന്നാണ് ആരോപണം.
തങ്ങളുടെ കമ്പനി രഹസ്യങ്ങള്‍ ഇതുവരെ മോഷണത്തിലൂടെ കൈക്കലാക്കിയവര്‍ ഇപ്പോള്‍ നിയമപരമായി ഇവ വാങ്ങിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ജര്‍മനിയിലെ മാഗ്‌നറ്റ് നിര്‍മ്മാതാക്കളായ മാഗ്‌നോസ്ഫിയര്‍ കമ്പനിയുടെ സി.ഇ.ഒ ഫ്രാങ്ക് എക്കാര്‍ഡ് ആരോപിച്ചു.
ഞങ്ങള്‍ക്ക് റെയര്‍ എര്‍ത്ത് ധാതുക്കള്‍ ലഭിക്കുന്നതിനായി നിര്‍മാണശാലയുടെയും ഫാക്ടറിയുടെയും ഫോട്ടോകളും വീഡിയോകളും വിപണിവിവരങ്ങളും നല്‍കേണ്ടിവന്നു. ഞങ്ങളുടെ ഉപയോക്താക്കളുടെ പേരുകള്‍ കൂടി നല്‍കിയാല്‍ മാത്രമേ അനുമതിക്കായി അപേക്ഷ സ്വീകരിക്കൂവെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇറ്റലിയിലെ ബിആന്‍ഡ്‌സി സ്പീക്കേഴ്സ് എന്ന കമ്പനി ആരോപിക്കുന്നു.
വ്യാപാര രംഗത്തെ പരസ്പര വിശ്വാസം പോലും ലംഘിക്കുന്ന വിധത്തിലാണ് പല ഘട്ടങ്ങളിലുമുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് ചൈനയിലെ ഒരു കയറ്റുമതി നിയമ വിദഗ്ധന്‍ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏപ്രില്‍ മുതലാണ് വാഹന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന റെയര്‍ മെറ്റല്‍സിന്റെ ഇറക്കുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവില്‍ ലോകത്ത് 70 ശതമാനം റെയര്‍ മെറ്റല്‍ ഉത്പാദനവും നടക്കുന്നത് ചൈനയിലാണ്. റെയര്‍ എര്‍ത്ത് മാഗ്‌നറ്റിന്റെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നതും ചൈനയാണ്.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ന്ന തതുല്യ ചുങ്കം ഏര്‍പ്പെടുത്തിയതിന്റെ മറുപടിയായാണ് ഏഴ് റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഈ ചൈന നീക്കം. സെമിയം, ഗഡോലിനിയം, ടെര്‍ബിയം, ഡിസ്പ്രോസിയം, ലുട്ടൂഷ്യം, സ്‌കാന്‍ഡിയം, യട്രിയം എന്നിവയുടെ കയറ്റുമതിയാണ് നിയന്ത്രിച്ചിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine