സോഫ്റ്റ് ബാങ്കിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങി വീവര്‍ക്ക് സ്ഥാപകന്‍ ആദം ന്യൂമാന്‍

സോഫ്റ്റ് ബാങ്കിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങി വീവര്‍ക്ക് സ്ഥാപകന്‍ ആദം ന്യൂമാന്‍

Published on

ഓഫീസ് ഷെയറിംഗ് സ്റ്റാര്‍ട്ടപ്പ് ആയ വീവര്‍ക്കിന്റെ സഹസ്ഥാപകന്‍ ആദം ന്യൂമാന്‍ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനും വിഷന്‍ ഫണ്ടിനുമെതിരെ നിയമ യുദ്ധത്തിനു തുടക്കമിട്ടു.  വീവര്‍ക്ക് ഓഹരിയുടമകള്‍ക്ക് 3 ബില്യണ്‍ ഡോളര്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ടെണ്ടര്‍ ഓഫര്‍ കൊറോണ വൈറസ് ബാധയുടെ മറവില്‍ പിന്‍വലിച്ചതാണു കാരണം.

9.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക രക്ഷാ പദ്ധതിയുടെ ഭാഗമായാണ് വിവര്‍ക്കുമായുള്ള ടെണ്ടര്‍ ഓഫര്‍ ഒക്ടോബറില്‍ സോഫ്റ്റ്ബാങ്ക് സമ്മതിക്കുകയും കമ്പനിയുടെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്തത്.പക്ഷേ, കോവിഡ് 19 പകര്‍ച്ച വ്യാധി വന്നതോടെ  വീവര്‍ക്കിന്റെ  ഒക്യുപ്പന്‍സി നിരക്ക് ഇടിഞ്ഞത് സോഫ്റ്റ്ബാങ്കിനെ പുനര്‍ ചിന്തയ്ക്കു പ്രേരിപ്പിച്ചു. നിരവധി മുന്‍ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ ടെണ്ടര്‍ ഓഫറുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് ആദം ന്യൂമാന്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ കഴിഞ്ഞ മാസം സോഫ്റ്റ്ബാങ്ക് അറിയിച്ചത്. നിക്ഷേപം രക്ഷിച്ചെടുക്കാന്‍ ഒരുങ്ങിയിരുന്ന ന്യൂനപക്ഷ ഓഹരി ഉടമകളെ ഇത് നിരാശരാക്കി.

സോഫ്റ്റ്ബാങ്ക് , എസ്ബിവിഎഫ് (സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട്) എന്നിവ നടത്തിയ ദുരുദ്ദേശ്യപരമായ കളികള്‍ വളരെ ലജ്ജാകരമാണെന്ന് വീവര്‍ക്ക് ബോര്‍ഡിന്റെ പ്രത്യേക സമിതിയുടെ ആഭിമുഖ്യത്തില്‍് ഡെലവെയര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ആരോപിക്കുന്നു. മറ്റ് ചിലരും ഇതേ ആരോപണങ്ങളുമായി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്്. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സോഫ്റ്റ് ബാങ്കിന്റെ ചീഫ് ലീഗല്‍ ഓഫീസര്‍ റോബ് ടൗണ്‍സെന്റ് പ്രതികരിച്ചു. ഏറ്റവും വലിയ ഗുണഭോക്താവായ ന്യൂമാന്‍ ഒരു ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ ഇതിനിടെ വില്‍ക്കാന്‍ ശ്രമിച്ചതോടെ ടെണ്ടര്‍ ഓഫര്‍ പൂര്‍ത്തിയാക്കാനുള്ള ബാധ്യത സോഫ്റ്റ് ബാങ്കിന് ഇല്ലാതായെന്നാണ് അദ്ദേഹത്തിന്റെ വാദം.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച് മിക്ക രാജ്യങ്ങളിലും ഓഫീസുകള്‍ക്ക് കെട്ടിട സൗകര്യമൊരുക്കുന്ന ബിസിനസില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കിയ ശേഷം പിന്നിലേക്കു പോയ ചരിത്രമാണ് വീവര്‍ക്ക് സഹസ്ഥാപകനായ ആദം ന്യൂമാന്റേത്. സിഇഒ സ്ഥാനം കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനു രാജിവയ്‌ക്കേണ്ടിവന്നു. ന്യൂമാന്റെ നേതൃത്വത്തില്‍ ഐപിഒ നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സ്ഥാനമൊഴിഞ്ഞത്. വീവര്‍ക്കിന്റെ ഏറ്റവും വലിയ നിക്ഷേപകരായ ജാപ്പനീസ് ടെക്നോളജി ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ പിന്തുണ ലഭിക്കാതെ പോയതാണ് ഐപിഒ ശ്രമം പരാജയപ്പെട്ടതും തുടര്‍ന്നു ന്യൂമാന്റെ രാജിയില്‍ കലാശിച്ചതും. ആദം ന്യൂമാന്‍ സ്ഥാനം രാജിവയ്ക്കുമ്പോള്‍ 47 ബില്യന്‍ ഡോളറായിരുന്നു അദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാപനത്തിന്റെ മൂല്യം.

വീവര്‍ക്കിന്റെ മാതൃസ്ഥാപനമാണു വീ കമ്പനി. 2010-ലാണ് വീ വര്‍ക്ക് സ്ഥാപിച്ചത്. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍, സേവനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള ഇടം ഒരുക്കുകയാണ് വീ വര്‍ക്ക് കമ്പനി നല്‍കുന്ന സേവനം. കോ വര്‍ക്കിംഗ് സ്പേസ് ബിസിനസ്്. ഫിസിക്കല്‍ സ്പേസും, വെര്‍ച്വല്‍ സ്പേസും വീവര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെ 30-ലേറെ രാജ്യങ്ങളില്‍, 528-ാളം ലൊക്കേഷനുകളിലായി 5,000-ാളം ജീവനക്കാരും വീവര്‍ക്കിനുണ്ടായിരുന്നു. ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുള്ള കെട്ടിടങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് ലീസിനെടുക്കും അഥവാ പാട്ടത്തിനെടുക്കും. എന്നിട്ട് ഓഫീസിന്റെ മാതൃകയില്‍ സജ്ജീകരിക്കും. തുടര്‍ന്ന്  വന്‍കിട കമ്പനികള്‍ക്ക് വരെ ഓഫീസായി പ്രവര്‍ത്തിക്കാന്‍ തക്കവിധം സൗകര്യമൊരുക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യും. ഇതായിരുന്നു വീവര്‍ക്ക് ബിസിനസ് മോഡല്‍.

വീ വര്‍ക്കിനെ ആഗോള പ്രശസ്തമാക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചു ഇസ്രയേലില്‍ ജനിച്ച് വളര്‍ന്ന ആദം ന്യൂമാന്‍. ഇദ്ദേഹത്തിന്റെ പതനം വളരെ പെട്ടെന്നായിരുന്നു. അത് പൂര്‍ണമായും മനസിലാക്കുവാന്‍ പ്രയാസമാണ്. 2008, ലോകം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴാണ് ഇസ്രയേല്‍ വംശജനായ ന്യൂമാനും വീ കമ്പനിയുടെ സഹസ്ഥാപകനുമായ മിഗുവല്‍ മക്കെല്‍വിയും ചേര്‍ന്ന് ഫ്രീലാന്‍സര്‍മാര്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും, ഒരു ജോലി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ള മറ്റുള്ളവര്‍ക്കും താല്‍ക്കാലിക ഓഫീസ് സ്ഥലം വാടകയ്ക്കു തുടങ്ങുന്ന ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. വീ വര്‍ക്ക് എല്ലാ അര്‍ഥത്തിലും ഒരു ക്ലബ്ബ് ഹൗസായിരുന്നു (രഹൗയ വീൗലെ). അതായത്, ഒരു ക്ലബ്ബിലുള്ളതു പോലെ ശാന്തമായും ഒരുമയോടെയും പരസ്പരം സഹകരിച്ച് ഇരുന്നു ജോലി ചെയ്യാനും എന്നാല്‍ ജോലിയുടെ വിരസതയില്ലാതെ വിനോദങ്ങളില്‍ ഏര്‍പ്പെടാനും, യോഗ ചെയ്യുവാനുമൊക്കെയുള്ള സംവിധാനം വീ വര്‍ക്ക് നല്‍കി. പ്രചോദിപ്പിക്കുവാനായി മോട്ടിവേഷണല്‍ സ്പീക്കര്‍മാരെ കൊണ്ടു വന്നു ക്ലാസ് നല്‍കി. ആരംഭകാലത്ത്, വീ വര്‍ക്കിന്റെ പ്രവര്‍ത്തന രീതി അല്ലെങ്കില്‍ ബിസിനസ് മോഡല്‍ പലരെയും ആകര്‍ഷിച്ചു.

2010-നും 2019-നുമിടയില്‍ വീവര്‍ക്കിലെ അംഗത്വം 450-ല്‍നിന്നും 5,27,000 ആയി ഉയര്‍ന്നു. ഈ മുന്നേറ്റം സമ്പന്നരും ശക്തരുമായ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു. വീവര്‍ക്ക് അടുത്ത ആലിബാബയാണെന്ന് (ചൈനീസ് ഇന്റര്‍നെറ്റ്, ഇ-കൊമേഴ്സ് ഭീമന്‍) സോഫ്റ്റ്ബാങ്ക് സിഇഒ മസായോഷി സണ്‍ വിലയിരുത്തി. ആലിബാബയുടെ ആരംഭഘട്ടത്തില്‍, 2000 ഫെബ്രുവരിയില്‍ 20 മില്യന്‍ ഡോളര്‍ നിക്ഷേപിച്ച വ്യക്തിയാണു മസായോഷി.  ഇത്തരത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഭാവി പ്രവചിക്കാന്‍ കെല്‍പ്പുള്ള മസായോഷിയെ പോലുള്ളവര്‍ വീവര്‍ക്കിന്റെ ഭാവിയെ കുറിച്ച് പ്രവചിച്ചപ്പോള്‍ സല്‍പ്പേരുയര്‍ന്നു.

2019ന്റെ ആദ്യ ആറ് മാസത്തില്‍ മാത്രം കമ്പനിക്ക് റെക്കോര്‍ഡ് വരുമാനമായ 1.54 ബില്യന്‍ ഡോളറുണ്ടായെങ്കിലും ഇക്കാലയളവില്‍ 2.9 ബില്യന്‍ ഡോളറിന്റെ ചെലവുണ്ടായി. 2018-ല്‍ കമ്പനിക്കു വരുമാനം വര്‍ധിച്ചപ്പോഴും 1.6 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി രേഖകള്‍ പറയുന്നു. ഇത്തരം കണക്കുകള്‍ പുറത്തുവന്നതോടെ വീവര്‍ക്ക് എന്നെങ്കിലും പണം സമ്പാദിക്കുമോ എന്ന ചോദ്യവും ഉയരാന്‍ തുടങ്ങി. ഇതാകട്ടെ നിക്ഷേപകരെ ആശങ്കപ്പെടുത്തുകയും കമ്പനിയുടെ മൂല്യനിര്‍ണയത്തില്‍ സംശയം ജനിക്കുകയും ചെയ്തു.

ഐപിഒ പാളിയതിനു പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, കമ്പനിയുടെ വര്‍ധിച്ചുവരുന്ന സാമ്പത്തിക നഷ്ടം. രണ്ടാമത്തേത്, ആദം ന്യൂമാന്റെ ചില സ്വഭാവങ്ങള്‍. ആഡംബര വീടിനും മറ്റും കാര്യങ്ങള്‍ക്കുമായി ന്യൂമാന്‍ കമ്പനിയുടെ പണം ചെലവഴിക്കുകയുണ്ടായി. ഇതിനു പുറമേ അദ്ദേഹം കമ്പനിയില്‍ അദ്ദേഹത്തിന്റെ ഭാര്യയെ പ്രധാന തസ്തികയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. കമ്പനിയുടെ സ്ഥാപകരില്‍ ഒരാളാക്കി ഭാര്യ റെബേക്കയെ മാറ്റി ന്യൂമാന്‍. അദ്ദേഹത്തിന്റെ സല്‍പ്പേരിനു തന്നെ കളങ്കം വരുത്തിവയ്ക്കുന്നതായി മാറി ഇത്തരം തീരുമാനങ്ങള്‍.

കമ്പനി ഒരു ടെക്നോളജി ബിസിനസ് എന്ന നിലയില്‍ വിലമതിക്കപ്പെടാനാണ് ശ്രമിച്ചതെങ്കിലും ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയെ പോലെ പ്രവര്‍ത്തിച്ചു. ന്യൂമാന്റെ ഉടമസ്ഥതയിലുള്ള നാല് കെട്ടിടങ്ങളില്‍ വീവര്‍ക്കിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ വാടകയിനത്തില്‍ 20 മില്യന്‍ ഡോളര്‍ ന്യൂമാന്‍ കമ്പനിയില്‍നിന്നും സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐ പി ഒയ്ക്കു ശ്രമമുണ്ടായതും പാളിയതും. ഇതിന്റെ പേരില്‍ അദ്ദേഹം കുറ്റപ്പെടുത്തിയത് വന്‍ നിക്ഷേപം നടത്തിയ സോഫ്റ്റബാങ്കിനെയാണ്. വീവര്‍ക്കിന്റെ ഗതിയില്‍ വീണ്ടും കരിനഴലാണു പടരുന്നത്. ബൊളീവിയയുടെ ജിഡിപിയേക്കാള്‍ കൂടുതല്‍ വരുന്ന തുകയായ 18.5 ബില്യണ്‍ ഡോളര്‍ വിവര്‍ക്കില്‍ സോഫ്റ്റ് ബാങ്ക് ഇതിനകം നിക്ഷേപിച്ചിട്ടുള്ളതായി നിരീക്ഷകര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com