വാളെടുത്താല്‍ പണികിട്ടുക കാനഡയ്ക്ക്; ട്രൂഡോ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയ്‌ക്കെന്ത് സംഭവിക്കും?

ഇന്ത്യ-കാനഡ ബന്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത വര്‍ഷം കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഖലിസ്ഥാന്‍ രാഷ്ട്രത്തിനായി വാദിക്കുന്ന ഒരുകൂട്ടം സിഖ് വംശജരെ പ്രീതിപ്പെടുത്താനാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ശ്രമം. ബന്ധം വഷളാകുന്നതിനിടെ ഇന്ത്യയ്‌ക്കെതിരേ ഉപരോധം അടക്കമുള്ള വശങ്ങള്‍ പരിഗണിക്കുമെന്നാണ് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി വ്യക്തമാക്കിയത്.
ഉപരോധം ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധിയൊന്നും സൃഷ്ടിക്കില്ലെങ്കിലും കാനഡയ്ക്ക് പരിക്കുപറ്റിയേക്കും. കാനഡ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം ഏതുരീതിയിലാകുമെന്ന് നോക്കാം.
25 ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ നിന്നുള്ള ഫീസും മറ്റ് വരുമാനവും കാനഡയുടെ വിദ്യാഭ്യാസ സാമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമാണ്. കാനഡയില്‍ പഠിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അതു വലിയ തിരിച്ചടിയാകും. കാനഡയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളിലേറെയും ഇന്ത്യക്കാരാണ്.
8.4 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യ-കാനഡ വ്യാപാരം. ഇന്ത്യയിലേക്കുള്ള കാനഡയുടെ കയറ്റുമതി 4.6 ബില്യണ്‍ ഡോളറാണ്. ഇന്ത്യയുടെ കയറ്റുമതിയാകട്ടെ 3.8 ബില്യണ്‍ ഡോളര്‍ മാത്രവും. നഷ്ടമുണ്ടാകുക കൂടുതലും കാനഡയ്ക്കാകും.
ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 1 ശതമാനത്തില്‍ താഴെയാണ് കാനഡയിലേക്കുള്ളത്. കാനഡ ഉപരോധം ഏര്‍പ്പെടുത്തിയാലും ഇന്ത്യയെ അത് തരിമ്പും ഏശില്ല.
കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യുന്നത് പയര്‍വര്‍ഗങ്ങളാണ്. ഇന്ത്യ-ഓസ്‌ട്രേലിയ വ്യാപാര കരാര്‍ അടുത്തിടെ ശക്തിപ്പെട്ടിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരം ഓസ്‌ട്രേലിയയെ ആ സ്ഥാനത്ത് അവരോധിക്കുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പയര്‍വര്‍ഗങ്ങളുടെ 25 ശതമാനവും കാനഡയില്‍ നിന്നാണ്. ഇത് ഓസ്‌ട്രേലിയ, ടാന്‍സാനിയ രാജ്യങ്ങളിലേക്ക് വഴിമാറ്റാന്‍ സാധിക്കും.
ഖലിസ്ഥാന്‍ അനുകൂല സംഘടനകളോട് വിധേയത്വവും ആഭിമുഖ്യവും പുലര്‍ത്തുന്ന ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരുടെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡുകള്‍ റദ്ദാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
ഖലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യയിലെ സ്വത്തവകാശം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. വീസകള്‍ താമസിപ്പിക്കുകയും സൂക്ഷ്മപരിശോധന വര്‍ധിപ്പിക്കുകയും ചെയ്യുക വഴി സമ്മര്‍ദ്ദം ശക്തമാക്കാന്‍ സാധിക്കും.
Related Articles
Next Story
Videos
Share it