
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണതിന്റെ കാരണങ്ങള്‍ തേടുകയാണ് അന്താരാഷ്ട്ര തലത്തിലുള്ള വ്യോമയാന വിദഗ്ധര്‍. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിംഗ് 787 വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന് 1.5 കിലോമീറ്റര്‍ മാത്രം പിന്നിടും മുമ്പ് താഴേക്ക് പതിച്ചത് ഏറെ ആശങ്കയോടെയാണ് വിലയിരുത്തപ്പെടുന്നത്. ടേക്ക് ഓഫിന് മുമ്പ് എല്ലാ സാങ്കേതിക പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്തിന് യാത്രാ ആനുമതി നല്‍കുന്നത്. എന്നാല്‍ തികച്ചും സാങ്കേതികമായ കാരണങ്ങളാണ് അഹമ്മദാബാദ് ദുരന്തത്തിന് പിന്നിലുള്ളതെന്നാണ് ആദ്യ നിഗമനങ്ങള്‍.
ഉച്ചക്ക് 13.39 നാണ് വിമാനം റണ്‍വേയില്‍ നിന്ന് പൊങ്ങിയത്. 30 സെക്കന്റിനുള്ളില്‍ തകര്‍ന്ന് വീഴുകയും ചെയ്തു. ഏറെ പരിചയ സമ്പന്നരായ രണ്ട് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. 242 യാത്രക്കാരും 100 ടണ്‍ ഇന്ധനവുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇത്തരമൊരു വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ മുകളിലേക്ക് കുതിച്ചുയരുകയാണ് പതിവ്. എന്നാല്‍ എയര്‍ ഇന്ത്യ വിമാനത്തിന് 625 അടി ഉയരത്തില്‍ മാത്രമാണ് കുതിക്കാനായത്. പിന്നീട് മുന്നോട്ട് പോകാനാകാതെ, പൈലറ്റിന് നിയന്ത്രിക്കാന്‍ കഴിയും മുമ്പ് താഴേക്ക് പതിക്കുകയായിരുന്നു.
വളരെ അപൂര്‍വമായി സംഭവിക്കുന്ന ഇരട്ട എഞ്ചിന്‍ പരാജയം അഹമ്മദാബാദില്‍ സംഭവിച്ചിരിക്കാമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ധനത്തിന്റെ ഗുണനിലവാരമില്ലായ്മയും എഞ്ചിനുകള്‍ ഒരേ സമയം പ്രവര്‍ത്തന രഹിതമാകാന്‍ കാരണമാകാറുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമാനത്തിന്റെ ഭാരം കണക്കുകൂട്ടുന്നതില്‍ പൈലറ്റിന് സംഭവിക്കുന്ന അപാകതയും ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യാത്രക്കാര്‍, ഇന്ധനം,ലഗ്ഗേജ് എന്നിവയുടെ ഭാരം അനുസരിച്ച് വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്റിംഗ് വേഗതകള്‍ ക്രമീകരിക്കാറുണ്ട്. അപകടത്തില്‍ പെട്ട വിമാനത്തിന്റെ ഭാരം കണക്കുകൂട്ടിയതില്‍ പൈലറ്റിന് പിഴച്ചിട്ടുണ്ടെങ്കില്‍ അത് പ്രധാന കാരണമാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിമാന അപകടങ്ങള്‍ നടന്നാല്‍ അന്വേഷണ സംഘങ്ങള്‍ ആദ്യം കണ്ടെത്താന്‍ ശ്രമിക്കുന്നത് ബ്ലാക്ക് ബോക്‌സാണ്. അപകടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പെട്ടെന്ന് കണ്ടെത്താനുള്ള സൗകര്യത്തിനായി ഇതിന് ഓറഞ്ച് നിറമാണുള്ളത്. വിമാനത്തിന്റെ യാത്രയെ കുറിച്ച് നൂറ് കണക്കിന് വിവരങ്ങള്‍ സൂക്ഷിച്ചു വെക്കാന്‍ കഴിയുന്ന മെമ്മറി ചിപ്പുകളാണ് ബ്ലാക്ക് ബോക്‌സില്‍ ഉള്ളത്. 1930 ല്‍ ഫ്രഞ്ച് എഞ്ചിനിയറായ ഫ്രാങ്കോയിസ് ഹസിനോട്ട് വികസിപ്പിച്ചെടുത്ത ഈ ഉപകരണം പിന്നീട് ഒട്ടേറെ സാങ്കേതിക പരിണാമങ്ങള്‍ക്ക് ശേഷമാണ് ഇന്ന് കാണുന്ന ആധുനിക രീതിയില്‍ എത്തിയിട്ടുള്ളത്. വിമാനങ്ങളുടെ യാത്രയിലെ താളപിഴകള്‍ അതിസൂക്ഷ്മമായി ബ്ലാക്ക്‌ബോക്‌സില്‍ രേഖപ്പെടുത്തിയിരിക്കും. അഹമ്മദാബാദില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ബ്ലാക്ക് ബോക്‌സ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സൂക്ഷ്മ പരിശോധന അന്വേഷണത്തില്‍ നിര്‍ണായകമാണ്. ഇന്ത്യന്‍ വ്യോമയാന വകുപ്പും അമേരിക്കന്‍ വ്യോമയാന ഏജന്‍സികളും സമാന്തരമായ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വിമാന യാത്രയില്‍ കൂടുതല്‍ അപകടരമായ രണ്ട് ഘട്ടങ്ങള്‍ ടേക്ക് ഓഫും ലാന്റിംഗുമാണ്. ഈ ഘട്ടങ്ങളിലാണ് അപകടസാധ്യത കൂടുന്നതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും അപകടകരമായ ഘട്ടം ലാന്റിംഗ് ആണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ലോകത്ത് നടന്ന ചെറുതും വലുതമായ അപകടങ്ങളില്‍ 53 ശതമാനവും ലാന്റിംഗിനിടെ സംഭവിച്ചതാണ്. 8.5 ശതമാനമാണ് ടേക്ക് ഓഫ് സമയത്തെ അപകട തോത്. വിമാനങ്ങളില്‍ പക്ഷികള്‍ ഇടിക്കുന്നത് അപകടത്തിനുള്ള സാധ്യതയായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അഹമ്മദാബാദ് വിമാനത്താവളം പക്ഷികളുടെ സാന്നിധ്യം ഏറെയുള്ളതാണ്. എന്നാല്‍ അത്തരത്തിലുള്ള സൂചനകള്‍ ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ല.
വിമാനത്തിന്റെ ചിറകുകളുടെ ക്രമീകരണത്തില്‍ വരുന്ന മാറ്റവും വിമാനത്തിന് മുന്നോട്ടു കുതിക്കാനുള്ള ശേഷിയെ തടസ്സപ്പെടുത്താറുണ്ട്. ഇത്തരം സാഹചര്യത്തില്‍ പൈലറ്റിന് കൃത്യമായ സന്ദേശം ലഭിക്കാറുണ്ട്. ഇവിടെ അത് സംഭവിച്ചിട്ടുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് നല്‍കിയ മെയ്‌ഡേ കാള്‍, ജീവന്‍ അപകടത്തിലാണെന്നതിന്റെ സൂചനയായിരുന്നു.
വ്യോമയാന, കപ്പല്‍ ഗതാഗത രംഗത്ത് ഉപയോഗിക്കുന്ന മെയ്‌ഡേ കാള്‍ അതീവ ഗുരുതരമായ ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് സന്ദേശമാണ്. ഒരു വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിന് മെയ്‌ഡേ കാള്‍ നല്‍കിയാല്‍, ആ വിമാനം തകര്‍ച്ചയില്‍ നിന്ന് ഒഴിവാകാനുള്ള സാധ്യത വിരളമാണെന്നാണ് അര്‍ത്ഥം. മറ്റെല്ലാം ശ്രമങ്ങളും പരാജയപ്പെടുമ്പോഴാണ് പൈലറ്റ് മെയ്‌ഡേ കാള്‍ നല്‍കുന്നത്.
രക്ഷിക്കൂ എന്ന് അര്‍ത്ഥം വരുന്ന ഫ്രഞ്ച് വാക്കായ മെയ്ഡറില്‍ നിന്നാണ് മെയ്‌ഡേകാള്‍ എന്ന പ്രയോഗം വന്നത്. അപകടഘട്ടങ്ങളില്‍ മൂന്നു തവണ തുടര്‍ച്ചയായി മെയ്‌ഡേ കാള്‍ നല്‍കും. 1920 ലാണ് വ്യോമയാന രംഗത്ത് ഈ വാക്ക് ഉപയോഗിച്ച് തുടങ്ങിയത്. ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. എഞ്ചിന്‍ തകാര്‍, അഗ്നിബാധ, നിയന്ത്രണം നഷ്ടമാകല്‍ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിലാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിന് സന്ദേശം നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine