ഒരു മണിക്കൂറില്‍ കാറ്റഴിച്ചു വിട്ടതുപോലെ ക്രൂഡ് വില കൂപ്പുകൂത്തി! എണ്ണവിപണിയില്‍ 'ശേഖരം' വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ഇറാന്റെയും റഷ്യയുടെയും എണ്ണയ്ക്ക് ഉണ്ടായിരുന്ന ഉപരോധം താല്ക്കാലികമായി പിന്‍വലിച്ചതും എണ്ണയുടെ അധിക ഒഴുക്കിന് കാരണമാകും
mohammed bin salman and narendra modi
x.com/narendramodi
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവായി രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തല്‍ നടപ്പില്‍ വന്നതോടെ രാജ്യാന്തര എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധം തുടങ്ങിയതോടെ അടിച്ചുകയറിയ ക്രൂഡ് വില യുദ്ധവിരാമ വാര്‍ത്തകള്‍ വന്നതോടെ നിലംപൊത്തി. ബാരലിന് 110 ഡോളറിന് മുകളിലേക്ക് പോയ ബ്രെന്റ് ക്രൂഡ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇടിഞ്ഞത് 15 ശതമാനമാണ്. ഇപ്പോള്‍ 93 ഡോളറുകളിലാണ് ബ്രെന്റ് ക്രൂഡ്. ഡബ്ല്യുഡിഐ, മര്‍ബന്‍ ക്രൂഡ് എന്നിവയുടെ വിലയും താഴേക്ക് പോയി.

ഹോര്‍മൂസ് കടലിടുക്കില്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് മടങ്ങാന്‍ വെടിനിര്‍ത്തല്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ ആകെ എണ്ണവിതരണത്തിന്റെ 20 ശതമാനവും ഹോര്‍മൂസ് കടലിടുക്ക് വഴിയായിരുന്നു. യുദ്ധം തുടങ്ങിയതോടെ ഈ വഴിയുള്ള കപ്പലുകളുടെ സഞ്ചാരം ഇറാന്‍ തടഞ്ഞിരുന്നു. ഇതോടെയാണ് എണ്ണവില കുതിച്ചുയര്‍ന്നത്.

രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തലാണ് നിലവില്‍ വന്നതെങ്കിലും ചിലപ്പോള്‍ ദീര്‍ഘകാല സമാധാനത്തിലേക്ക് ഇത് വഴിയൊരുക്കിയേക്കും. യുദ്ധം തുടങ്ങും മുമ്പ് ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 60 ഡോളറുകളിലേക്ക് എത്തിയിരുന്നു. ഉത്പാദനം കൂടിയതും ഡിമാന്‍ഡ് കുറഞ്ഞതുമാണ് വിലയില്‍ പ്രതിഫലിച്ചിരുന്നത്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ എണ്ണ ആവശ്യകത കുറഞ്ഞ തോതിലാണ്.

യുദ്ധത്തിന് താല്ക്കാലിക വിരാമമായതോടെ ക്രൂഡ് വില 80 ഡോളറിലേക്ക് താഴ്‌ന്നേക്കുമെന്നാണ് വിവരം. ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തുന്നതും ഇറാന്റെയും റഷ്യയുടെയും എണ്ണയ്ക്ക് ഉണ്ടായിരുന്ന ഉപരോധം താല്ക്കാലികമായി പിന്‍വലിച്ചതും എണ്ണയുടെ അധിക ഒഴുക്കിന് കാരണമാകും. ഇങ്ങനെ വരുമ്പോള്‍ വിലകുറച്ച് വിപണി പിടിക്കാന്‍ രാജ്യങ്ങള്‍ മത്സരിക്കും.

സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങള്‍ക്ക് യുദ്ധകാലത്ത് വലിയ നഷ്ടം സംഭവിച്ചിരുന്നു. ഇത് മറികടക്കാന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം സൗദി വ്യക്തമാക്കിയിരുന്നു. വലിയ പ്രതിസന്ധിക്ക് ശേഷം ആവശ്യത്തിലധികം എണ്ണ വിപണിയിലേക്ക് ഒഴുക്കാനുള്ള മത്സരം ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

വിലകുറച്ച് ശേഖരിക്കാന്‍ ഇന്ത്യ

എണ്ണവില കുറഞ്ഞത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യാണ് ഇന്ത്യ. ഇന്ത്യയുടെ എണ്ണ റിസര്‍വ് ഏറെക്കുറെ ശോഷിച്ചിരുന്നു. ഈയവസരത്തില്‍ എണ്ണ വീണ്ടും ശേഖരിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണിത്. രണ്ടാഴ്ച്ച കൊണ്ട് പരമാവധി എണ്ണ വാങ്ങിക്കൂട്ടാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ശ്രമിക്കും. വില കുറയുന്നതിനാല്‍ വലിയ സാമ്പത്തികഭാരവും ഇല്ലാതാകും.

Global crude oil prices plunge after ceasefire, prompting India to ramp up strategic oil reserves at lower costs

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com