നാടുവിട്ട് യുവാക്കള്‍, വിശ്വാസം നഷ്ടപ്പെട്ട് സഹകരണമേഖല, മൂക്കുപൊത്തേണ്ട ടൂറിസം കേന്ദ്രങ്ങള്‍; കേരളത്തിനിത് എന്തുപറ്റി?

സാമൂഹ്യ, സുസ്ഥിര വികസന, സാങ്കേതിക രംഗങ്ങളിലെല്ലാം മുമ്പേ നടന്ന കേരളത്തിന്റെ നിറംകെടുത്തുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്
Image : Canva
Image : Canva
Published on

പല രംഗത്തും അഭിമാനിക്കാന്‍ തക്ക നേട്ടമാണ് കേരളത്തിന്റേത്. സാമൂഹ്യ, സുസ്ഥിര വികസന, സാങ്കേതിക രംഗങ്ങളിലെല്ലാം മുമ്പേ നടന്ന കേരളത്തിന്റെ നിറംകെടുത്തുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഗുരുതരമായ ആ കാര്യങ്ങളെന്തൊക്കെ; ഇനി എന്ത് ചെയ്യണം?

ഒന്നാമതാണ് പലതിലും, പക്ഷേ...

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം തുടര്‍ച്ചയായി നാലാം തവണയും ഒന്നാമതെത്തിയിട്ടുണ്ട്. 2018-19 മുതലാണ് സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സൂചിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ആദ്യവര്‍ഷം സൂചികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ഉത്തരാഖണ്ഡ് ഈ വര്‍ഷം കേരളത്തിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

അടുത്തിടെ കൊച്ചിയില്‍ വെച്ച് ഐബിഎമ്മിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ജെനറേറ്റീവ് എഐ കോണ്‍ക്ലേവ്, ഇത്തരത്തില്‍ രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തുന്ന ആദ്യത്തെ കോണ്‍ക്ലേവ് എന്ന രീതിയിലും ശ്രദ്ധേയമായി. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ കാര്യത്തിലും ദേശീയതലത്തില്‍ തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചുവരുന്നത്.

ബിസിനസ് സൗഹൃദ റാങ്കിംഗിലും സംസ്ഥാനം മുന്നേറുന്നുണ്ട്. ഇതെല്ലാം നേട്ടങ്ങളാണെന്ന കാര്യത്തിലും തര്‍ക്കമില്ല. പക്ഷേ ഇവയില്‍ അഭിരമിക്കുമ്പോള്‍ കാണാതെ പോകുന്ന, കൃത്യമായി പരിഹാരമില്ലാതെ പോകുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ മുന്‍കാലങ്ങളിലൊന്നുമില്ലാത്ത വിധമുള്ള പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

തലസ്ഥാനത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനീക്കത്തിന് ഇറങ്ങിയ ഒരു സാധാരണക്കാരന്റെ മുങ്ങിമരണവും നിപ്പ ബാധിച്ച് പതിനാലുകാരന്‍ മരിച്ചതും കേരളത്തിലെ വിവിധ മേഖലകളിലെ ഗുരുതരമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചെങ്കിലും നമ്മുടെ ഒരു ശീലം വെച്ച് ഇവയെല്ലാം അതിവേഗം കെട്ടടങ്ങും. പിന്നെ അടുത്ത 'വൈറല്‍' വിഷയത്തിന് പിന്നാലെയാകും. കേരളത്തിന് എന്താണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്? എന്ത് ചെയ്താല്‍ കരകയറാം?

ടൂറിസം കേന്ദ്രങ്ങളിലെന്തുണ്ട്?

ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കേരളത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം ഏതാണ് എന്ന ചോദ്യത്തോടെ പോസ്റ്റ് ചെയ്ത റീല്‍സിന് ലഭിച്ച പ്രതികരണങ്ങള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ നല്ല സ്ഥലങ്ങളുണ്ട്, പക്ഷേ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്ന് അവയെ എല്ലാം പറയാന്‍ പറ്റില്ലെന്നായിരുന്നു കമന്റ് ചെയ്തവരില്‍ പലരും അഭിപ്രായപ്പെട്ടത്.

ശുചിത്വമുള്ള ടോയ്‌ലറ്റ് സൗകര്യമില്ല, ഇന്‍ഫര്‍മേഷന്‍ സെന്ററില്ല ഉണ്ടെങ്കില്‍ തന്നെ ഇന്‍ഫര്‍മേഷന്‍ അവിടെ കിട്ടില്ല. നല്ല ഭക്ഷണം കിട്ടാന്‍ സൗകര്യങ്ങള്‍ കുറവ്, നല്ല റോഡില്ല, മറ്റ് പശ്ചാത്തല സൗകര്യങ്ങളില്ല. ഈ പരാതികള്‍ മാറാന്‍ കണ്ണില്‍ പൊടിയിടുന്ന കാര്യങ്ങള്‍ പോര. കൃത്യമായ നയം കൊണ്ട് വന്ന് സ്വകാര്യ പങ്കാളിത്തത്തോടെ, കൃത്യമായ മാസ്റ്റര്‍ പ്ലാനോടെ പദ്ധതികള്‍ നടപ്പാക്കപ്പെടണം.

വിശ്വാസം നഷ്ടപ്പെട്ട് സഹകരണ മേഖല

സാധാരണക്കാര്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സമീപിച്ചിരുന്ന സഹകരണ ബാങ്കിലെ തട്ടിപ്പുകള്‍ ആ മേഖലയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഇളക്കം തട്ടിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന ഈ രംഗത്തെ രാഷ്ട്രീയ അതിപ്രസരമാണ് ഏറ്റവും വലിയ പ്രശ്‌നം. ഒരു തട്ടിപ്പ് കണ്ടെത്തിയാല്‍ രാഷ്ട്രീയ മുതലെടുപ്പിനായി അത് മൂടിവെയ്ക്കാന്‍ ആണ് പലരും ശ്രമിക്കുന്നത്. പിന്നീട് തട്ടിപ്പ് വലിയ സംഖ്യയില്‍ എത്തുമ്പോള്‍ മാത്രമാണ് പുറത്തറിയുന്നതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്ക് നേരെയും കേരളം മുഖംതിരിക്കുകയാണ്. സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് ഗ്യാരണ്ടി സ്‌കീം പ്രകാരം അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് സ്ഥാപനം ലിക്വിഡേഷന്‍ നടത്തിയ ശേഷം മാത്രമേ നിക്ഷേപകന് ലഭിക്കുള്ളൂ. ഈ നിയമത്തില്‍ ഭേദഗതി വരുത്തി പെട്ടന്ന് പണം നല്‍കാനുള്ള നിയമം ഉണ്ടായാല്‍ മാത്രമേ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. കൂടാതെ നിലവില്‍ നടന്ന തട്ടിപ്പുകള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ കനത്ത നടപടിയും ഉണ്ടാകണം.

ക്ലാസ് മുറികളില്‍ വരെ മയക്കുമരുന്ന്!

യുവസമൂഹത്തിലെ, പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗമാണ് കേരളത്തെ തുറിച്ചുനോക്കുന്ന വലിയൊരു അപകടം. ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും 10-15 വയസിനിടയിലുള്ളവരാണെന്ന് പല സര്‍വേകളും വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് മയക്കുമരുന്നിന് അടിമകളായ 40 ശതമാനത്തോളം പേര്‍ 18 വയസില്‍ താഴെയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളില്‍ വരെ മയക്കുമരുന്ന് ഇടം നേടിയിരിക്കുന്നു. കേരളീയ യുവത്വത്തിന്റെ ചോരയും നീരും ഊറ്റിയെടുക്കുന്ന രാസലഹരി, മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാനുള്ള നിശ്ചയദാര്‍ഢ്യവും ആര്‍ജവവും ഭരണകൂടത്തിനുണ്ടായേ മതിയാവൂ.

അഴിമതിയും സ്വജനപക്ഷപാതവും സാധാരണക്കാരെ പിഴിയലും!

നിയമാനുസൃതമായി ചെയ്യുന്ന കാര്യത്തില്‍ വരെ ഇടങ്കോലിടാന്‍ പ്രാദേശികമായ സംഘടിത ശക്തികള്‍ക്ക് കേരളത്തില്‍ എളുപ്പത്തില്‍ സാധിക്കും. തന്റേടവും കാര്യങ്ങളെ കുറിച്ച് അറിവുമുള്ളവരും ഇതിനെതിരെ പോരാടി നില്‍ക്കും. സാധാരണക്കാരെ പിഴിയുന്ന നിരക്ക് വര്‍ധനയിലും കേരളത്തില്‍ മയമില്ല. വൈദ്യുതി ചാര്‍ജായാലും സേവന നിരക്കുകളാണെങ്കിലും അന്യായമായ വിധത്തിലാണ് കൂട്ടുന്നത്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുത്തനെ കൂട്ടിയത് വലിയ തോതിലാണ് ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. ഇത് സാധാരണക്കാരെ വലച്ചുവെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ചര്‍ച്ചകള്‍ വന്നതോടെയാണ് കൂട്ടിയ നിരക്കില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയാറായത്.

അറിവും കഴിവും നൈപുണ്യവുമുള്ളവരാണ് മലയാളികള്‍; ലോകം കണ്ടവര്‍. കേരളമെന്ന വികാരം മനസിലേറ്റി നടക്കുന്നവരും. അടിസ്ഥാനപരമായി കേരളത്തില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് ഭരണാധികാരികള്‍ തുറന്ന് സമ്മതിക്കാന്‍ ഇനിയും വൈകിക്കൂടാ. പിന്നീട് അവയോരോന്നും പരിഹരിക്കാന്‍ ആര്‍ജവത്തോടെ രാഷ്ട്രീയ - ഭരണ നേതൃത്വങ്ങള്‍ മുന്നോട്ട് വന്നാല്‍ ആശയമായും മറ്റ് വിഭവങ്ങളായും ലോക മലയാളികള്‍ തന്നെ കൂട്ടുനില്‍ക്കും. എത്രയും വേഗം ഇത് നടക്കുന്നുവോ അത്രയും നല്ലത്. അല്ലെങ്കില്‍ പരാജയപ്പെട്ട സമൂഹമായി വീണ്ടും നമ്മള്‍ മാറും.

പകര്‍ച്ചവ്യാധികളുടെ സ്വന്തം നാട്!

ആറ് വര്‍ഷം മുമ്പാണ് നിപ്പ ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം അഞ്ചുതവണ നിപ്പ ബാധയുണ്ടായി. ഇത്തവണ ഒരു പതിനാലുകാരന്റെ ജീവനും അപഹരിച്ചു. കേരളത്തില്‍ ആപല്‍ക്കരമായി പിടിമുറുക്കുന്ന രോഗങ്ങളുടെ പട്ടികയില്‍ ഒന്നുമാത്രമാണിത്. പകര്‍ച്ചപ്പനി, എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനി, കോളറ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, വെസ്റ്റ്‌നൈല്‍ ഫീവര്‍, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ നീണ്ട പട്ടികയാണ് കേരളത്തിലിപ്പോള്‍. ഈ മഴക്കാലത്ത് മാത്രം പകര്‍ച്ചപ്പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം രണ്ടരലക്ഷത്തോളമാണ്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവുമധികം മരണത്തിന് കാരണമായ പകര്‍ച്ചവ്യാധി എലിപ്പനിയാണ്. ഡെങ്കിപ്പനി വ്യാപനമാണ് ആശങ്കയുണര്‍ത്തുന്ന മറ്റൊന്ന്. പ്രതിരോധ-നിവാരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയം സ്ഥാപനങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. പകര്‍ച്ചവ്യാധികള്‍ പടരുന്നതിന് മുഖ്യകാരണം മാലിന്യം കെട്ടിക്കിടക്കുന്നത് തന്നെയാണ്. മതിയായ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ പലയിടത്തും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിച്ചിട്ടില്ല.

''ആയിരത്തോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്ള സംസ്ഥാനമാണിത്. ആരോഗ്യവകുപ്പിന്റെ ഏറ്റവും അറ്റത്ത് അയ്യായിരം ജനസംഖ്യയ്ക്ക് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്. അതിന് താഴെ ആശ പ്രവര്‍ത്തകരും ഉണ്ട്. വളരെ നല്ല ജീവനക്കാരുടെ ഇത്രയും വലിയ ശൃംഖലയെ മരവിപ്പിച്ചതിന്റെ ദുരന്തങ്ങളാണ് നമ്മള്‍ അനുഭവിക്കുന്നത്,'' പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. എസ്.എസ്. ലാല്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് അയച്ച തുറന്ന കത്തില്‍ പറയുന്നു. ഇടതുപക്ഷ സഹയാത്രികനായ പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. ബി. ഇക്ബാലും ആരോഗ്യരംഗത്തെ കേരളത്തിന്റെ വീഴ്ചകളില്‍ ആശങ്ക തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്.

ചികിത്സയ്ക്കായി ചെലവിടുന്നത് വന്‍ തുക

ജീവിതശൈലീ രോഗങ്ങളില്‍ പലതിന്റെയും തലസ്ഥാനമാണ് കേരളം. വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ എണ്ണത്തിന്റെ പേരിലും മരുന്ന് കച്ചവടത്തിന്റെ പേരിലും നമുക്ക് അഭിമാനിക്കാനാവില്ല. ഇതെല്ലാം രോഗാതുരമായ സമൂഹത്തിന്റെ നേര്‍ചിത്രം മാത്രം. രോഗ ചികിത്സയില്‍ നമ്മള്‍ മുമ്പിലാണ്. രോഗം വരാതെ സൂക്ഷിക്കുന്നതില്‍ ഏറെ പിന്നിലും. 2022-23ലെ ഗാര്‍ഹിക ഉപഭോഗ ചെലവിനെ കുറിച്ച് എന്‍എസ്എസ്ഒ (നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ്) നടത്തിയ സര്‍വേയുടെ ഫലത്തില്‍ നിന്ന് മനസിലാകുന്ന കാര്യമുണ്ട്. കേരളത്തിലെ കുടുംബങ്ങള്‍ ചികിത്സയ്ക്കായി ചെലവിടുന്ന തുക രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണ്.

ചികിത്സാ ചെലവിന്റെ മൂന്നിലൊന്ന് ആശുപത്രി വാസത്തിനും ബാക്കി മരുന്നിനുമാണ് ചെലവിടുന്നത്. ഓരോ വ്യക്തിയും പ്രതിമാസം 250 രൂപ ആശുപത്രി വാസത്തിനും 400 രൂപ മരുന്നിനും ചെലവിടുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഓണം പോലെ, വിഷു പോലെ, ക്രിസ്മസ് പോലെ ഓരോ വര്‍ഷവും ഓരോ സീസണിലും രോഗങ്ങള്‍ മാറിമാറി വരുന്ന നാടായി കേരളം മാറിയിരിക്കുന്നു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് പ്രതിരോധ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമില്ല. കേരളീയ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

മഞ്ഞപ്പനിക്ക് കാരണമായ ഒരുതരം വൈറസ് ഒഴികെ കൊതുകു വഴി പകരുന്ന ഏതാണ്ടെല്ലാ വൈറസുകളും കേരളത്തിലുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കേരളീയരുടെ വര്‍ധിച്ച രാജ്യാന്തര യാത്രകള്‍, ഇതര സംസ്ഥാനത്തുനിന്ന് ഇവിടെ വന്ന് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി

വരുന്ന തൊഴിലാളികള്‍ വര്‍ധിച്ചുവരുന്നത്, കാലാവസ്ഥാ വ്യതിയാനം, വിവിധ ജീവികളുമായുള്ള അടുത്ത ഇടപഴകലുകള്‍ (മുമ്പൊന്നും മലയാളികള്‍ വീടുകളുടെ അകത്തളത്തില്‍ കയറ്റാത്ത ജീവികള്‍ വരെ ഇപ്പോള്‍ വീടിനുള്ളില്‍ കഴിയുന്നുണ്ട്) എന്നിവയെല്ലാം പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നു.

രോഗപ്രതിരോധ ശേഷി കുറഞ്ഞ സമൂഹമായി മലയാളി മാറിയതും പ്രശ്‌നമാണ്. കേരളത്തില്‍ 20 ശതമാനം പേര്‍ പ്രമേഹ രോഗികളാണ്. മൂന്നിലൊന്ന് പേര്‍ക്ക് രക്താതിസമ്മര്‍ദ്ദമുണ്ട്. കരള്‍, വൃക്ക രോഗികളുടെ എണ്ണവും കൂടുന്നു. ഇപ്പോള്‍ പടരുന്ന സാംക്രമിക രോഗങ്ങളില്‍ 78 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. സുസ്ഥിര പ്രതിരോധത്തിലൂടെ മാത്രമേ കേരളത്തെ രോഗക്കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ സാധിക്കൂ.

മാറ്റമില്ലാതെ

കോടികള്‍ ഒഴുക്കിയിട്ടും ഇന്നും മാറ്റമില്ലാത്ത ഒന്നാണ് കേരളത്തിലെമാലിന്യ സംസ്‌കരണം. ആമയിഴഞ്ചാന്‍ തോട്ടിലെ മനുഷ്യബലി വീണ്ടും മാലിന്യസംസ്‌കരണ മേഖലയിലെ പ്രശ്‌നത്തെ മുഖ്യധാരയിലെത്തിച്ചിട്ടുണ്ട്. അതിനുമുമ്പ് കൊച്ചിയിലെ ബ്രഹ്‌മപുരത്തെ തീപിടിത്തമാണ് ഈ പ്രശ്‌നത്തെ ആളിക്കത്തിച്ചത്. ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന ഡമ്പിംഗ് ഗ്രൗണ്ടുകള്‍ അതേപടി ഇപ്പോഴും തുടരുകയാണ്. വൃത്തിയുടെ കാര്യത്തില്‍ ഏറെ അഭിമാനിക്കുന്ന മലയാളിയുടെ സ്വന്തം നാട്ടില്‍ എവിടെ തിരിഞ്ഞാലും മാലിന്യം കാണാം. മൂക്കുപൊത്താതെ വഴിനടക്കാനും കഴിയില്ല.

രോഗങ്ങളുടെ ഉത്ഭവകേന്ദ്രമായും മാലിന്യക്കൂനകള്‍ മാറുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കേരള ത്തില്‍ തന്നെ പത്തിലേറെ വകുപ്പുകള്‍/സംവിധാനങ്ങളുണ്ട്. ''ആളു കൂടിയാല്‍ പാമ്പ് ചാവില്ല എന്ന് വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അതാണ് കേരളത്തിലെ സ്ഥിതി. 5 ണവ്യ അിമഹ്യശെ െഎന്നൊരു പ്ലോബ്ലം സോള്‍വിംഗ് ടെക്‌നിക്ക് ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ ഉപയോഗിക്കാറുണ്ട്. ഒരു പ്രശ്‌നത്തിന്റെ മൂലകാരണം 5 ണവ്യ (5 എന്തുകൊണ്ട്) ഒന്നിന് പുറകെ ഒന്നായി ചോദിച്ചാല്‍ മനസിലാകും എന്നാണ്. അതിന് പിന്നാലെ How എന്നതു കൂടി ചോദിച്ചാല്‍ പരിഹാരവും കിട്ടും. ഇങ്ങനെയൊക്കെ പരിശോധിച്ചാല്‍ നമുക്ക് ഒരു കാര്യം മനസിലാകും. മാലിന്യം എന്തുകൊണ്ട് കുമിഞ്ഞുകൂടുന്നു, തോടുകളില്‍ ഒഴുകിനടക്കുന്നു എന്ന് നോക്കുമ്പോള്‍ പ്രത്യാഘാതം ഇല്ലായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണ് മൂലകാരണം,'' സിഗ്നിഫൈ ചീഫ് ഡിജിറ്റല്‍ & ഇന്‍ഫര്‍മേഷന്‍ ഓഫീസറും നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ സിഐഒയുമായ ടോണി തോമസ് പറയുന്നു.

പരിഹാരമുണ്ടോ?

കേരളം എങ്ങനെ വെടിപ്പാകും? ''അതിന് കേരളം പൂര്‍ണമായും മാറണം''. ടോണി തോമസ് പറയുന്നു. എല്ലാ കുപ്പിവെള്ളം വില്‍ക്കുമ്പോഴും ഒരു രൂപ കൂട്ടി വില്‍ക്കുക. ഒഴിഞ്ഞ കുപ്പി റീസൈക്ലിംഗ് സ്വീകരിക്കുന്ന സ്ഥലത്ത് എത്തിക്കുമ്പോള്‍ ആ ഒരു രൂപ തിരിച്ചുനല്‍കുക. മദ്യക്കുപ്പി അഞ്ചു രൂപ കൂട്ടി വില്‍ക്കുക. ഒഴിഞ്ഞ കുപ്പി സ്വീകരിക്കുമ്പോള്‍ ആ അഞ്ചു രൂപ തിരികെ നല്‍കുക. ട്രെട്രാ പായ്ക്കിലും കാനിലും വില്‍പ്പന നടത്തുന്നവയ്ക്കും ഇതുപോലെ വില കൂട്ടുക. കൂട്ടിയ വിലറീസൈക്ലിംഗിന് എത്തുമ്പോള്‍ തിരികെ നല്‍കുക. അങ്ങനെ എല്ലാ വസ്തുക്കള്‍ക്കുംഒരു വില നിശ്ചയിച്ചാല്‍ പ്ലാസ്റ്റിക്കും കുപ്പികളും കൃത്യമായി എത്തേണ്ടയിടത്ത് എത്തും - ടോണി തോമസ് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ നാലായിരത്തിലധികം ബയോ ബിന്നുകള്‍ കേരളത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രവര്‍ത്തിപ്പിച്ചു വരുന്നുണ്ടെന്ന് ക്ലീന്‍ സിറ്റി മൂവ്‌മെന്റ്, ഹൈടെക് ബയോ ഫെര്‍ട്ടിലൈസേഴ്‌സ് ഇന്ത്യ എന്നിവയുടെ ഡയറക്റ്ററും കേരളത്തിലെ ഉറവിട മാലിന്യ സംസ്‌കരണ രീതികളുടെ പ്രയോക്താവുമായ ജോസ് ജോസഫ് മൂഞ്ഞേലി പറയുന്നു. എറണാകുളത്ത് ലെ മെറിഡിയന്‍ ഹോട്ടലില്‍ 2008 മുതലും തിരുവനന്ത പുരത്ത് ടെക്‌നോപാര്‍ക്കില്‍ 2013 മുതലും ഉറവിട മാലിന്യ സംസ്‌കരണം വിജയകരമായി നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി ജോസ് ജോസഫ് മുന്നോട്ട് വെയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇതൊക്കെയാണ്.

$ അജൈവമാലിന്യങ്ങള്‍ ഉപഭോക്താവിന്റെ ഉപയോഗ ശേഷം പ്രകൃതി സൗഹാര്‍ദപരമായി സംസ്‌കരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഉല്‍പ്പാദകരുടെ ഉത്തരവാദിത്തമാണ്. ERP (Extended Producers Responsibility)

നിയമം ഉറപ്പാക്കണം.

$ നിരത്തുകളും ജലസ്രോതസ്സുകളും മലിനമാക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ തന്നെ ശ്രദ്ധിക്കണം.

$ ജൈവമാലിന്യ സംസ്‌കരണത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മികച്ച കേന്ദ്രങ്ങളൊരുക്കണം.

$ അജൈവമാലിന്യ സംസ്‌കരണത്തിന് ഫാക്ടറികള്‍ കേരളത്തില്‍ തന്നെ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കണം.

ഇതുവഴി ഒട്ടേറെ തൊഴിലുകളും സൃഷ്ടിക്കാനാകും.

സുല്‍ത്താന്‍ ബത്തേരി മാതൃക

അന്തര്‍സംസ്ഥാന ദേശീയപാത കടന്നുപോകുന്ന, കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമനഗരിയായ സുല്‍ത്താന്‍ബത്തേരി വൃത്തിയുടെ പേരില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന പട്ടണമാണ്.

ഒരു തുണ്ട് കടലാസ് പോലും കടകളില്‍ നിന്ന് തെരുവിലേക്ക് വീഴില്ലെന്ന് നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും അതിലെ തൊഴിലാളികളും നഗരസഭയ്ക്ക് ഉറപ്പുനല്‍കി. കടകളുടെ മുമ്പില്‍ മനോഹരമായപൂച്ചട്ടികള്‍ ഇവര്‍ സ്ഥാപിച്ചു. നഗരസഭ സ്ഥാപിച്ച പൂച്ചെടികളുടെയും പരിപാലനവും ഇവര്‍ ഏറ്റെടുത്തു. പൊതുസ്ഥലത്ത് തുപ്പുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏക നഗരമാണിത്.

ആളെ കൊല്ലാനോ ഈ പാതകള്‍?

ദേശീയപാതയിലെ പണികള്‍ അക്ഷരാര്‍ത്ഥത്തില്‍ മലയാളികളെ പെരുവഴിയിലാക്കിയിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാരണം സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ പേര്‍ അപകടത്തില്‍ പെട്ട് പരിക്കുപറ്റിയെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചത്. കണക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാമായിരിക്കും. പക്ഷേ ഓരോ ദിവസത്തെയും പത്രങ്ങളില്‍ റോഡിലെ കുഴികള്‍ ജീവന്‍ അപഹരിച്ചതോ, അല്ലെങ്കില്‍ പരുക്ക് പറ്റിയതോ ആയ റിപ്പോര്‍ട്ടുകളുണ്ട്. റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ശാസ്ത്രീയമായ രീതികളാണ് അവലംബിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറയുന്നുണ്ടെങ്കിലും റോഡ് പണിയുടെ കാര്യത്തില്‍ പൊതുമരാമത്ത്, വൈദ്യുതി, ജലവിഭവ വകുപ്പുകളുടെ ഏകോപനം ഇപ്പോഴുമില്ലെന്ന് റോഡിലൂടെ പോയാല്‍ മനസിലാകും.

റോഡിലെ കുഴികളുടെ ഫോട്ടോ എടുത്ത് അയച്ചാല്‍ അതിന് പരിഹാരം കാണുമെന്നായിരുന്നു ഒരിക്കല്‍ പൊതുമരാമത്ത് മന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ ഇന്ന് നിരത്തിലെ കുളങ്ങളുടെ എണ്ണമെടുക്കേണ്ട സ്ഥിതിയിലാണ് ജനങ്ങള്‍. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരെ പലയിടത്തും വളഞ്ഞുചുറ്റിയാണ് സഞ്ചാരം. തൃശൂര്‍ ജില്ലയില്‍ അടുത്തിടെ ഇത് കണ്ടതാണ്. കേരളത്തിലെ നിരത്തുകള്‍ എക്കാലത്തും ഏറെ ജീവനുകള്‍ എടുത്തിട്ടുണ്ട്. ഇപ്പോഴും അതിന് മാറ്റവുമില്ല. ''നിത്യവും ഒട്ടേറെ വാഹനങ്ങളാണ് അറ്റകുറ്റപ്പണികള്‍ക്കായി വരുന്നത്. പണികിട്ടുന്നുവെന്ന ആശ്വാസമുണ്ടെങ്കിലും റോഡുകളുടെ ഈ അവസ്ഥ ഉണ്ടാക്കുന്ന നഷ്ടം ഭരിക്കുന്നവര്‍ക്ക് മനസിലാകുന്നില്ലേ?,'' പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത വിധം മോശമായികിടക്കുന്ന കുന്ദംകുളത്തെ റോഡരികില്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന ഒരു യുവാവ് ചോദിക്കുന്നു.

ദേശീയപാതയുടെ നിര്‍മാണം നടക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രിമാര്‍ക്കടക്കം മനസിലായിരുന്നില്ലേ? ''ഒരു പദ്ധതി വരുമ്പോള്‍ അതുമൂലം ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് മനസിലാക്കാന്‍ മാത്രം വിവരമുള്ള ആരും തലപ്പത്തില്ലേ? പ്രധാന പാത സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ബദല്‍ പാതകളിലെ കുഴികള്‍ അടച്ചിരുന്നെങ്കില്‍ പോലും ഇത്രയും മണിക്കൂറുകള്‍ നിരത്തില്‍ കിടക്കേണ്ടി വരില്ലായിരുന്നു,'' കണ്ണൂര്‍ - കോഴിക്കോട് റൂട്ടില്‍ നിത്യം ബസില്‍ യാത്ര ചെയ്യുന്ന യൂണിവേഴ്‌സിറ്റി ജീവനക്കാരി അഭിപ്രായപ്പെടുന്നു.

അടിമുടി അഴിച്ചുപണി വേണം

മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ മെട്രോ നിര്‍മാണം ആരംഭിച്ചപ്പോള്‍, പ്രധാന റോഡുകളിലെ ഗതാഗതം വഴിതിരിച്ചു വിടുന്ന ഇടറോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കിയ രീതി കേരളം കണ്ടതാണ്. ദേശീയപാത നിര്‍മാണം പോലെ ഏറെ കാലതാമസമെടുക്കുന്ന, ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മെഗാ പദ്ധതി നടത്തിപ്പ് സംസ്ഥാനത്ത് ആരംഭിച്ചപ്പോള്‍ യാതൊരു വിധ ആസൂത്രണവും നടത്തിയില്ലെന്നതാണ് ഏറ്റവും ഖേദകരം. ''ഏപ്പോഴും പുതിയ മെഗാ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം നിലവിലുള്ളവ കൃത്യമായ രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് വേണ്ടത്,'' കൊച്ചി ആസ്ഥാനമായുള്ള അര്‍ബന്‍ പ്ലാനര്‍ ബില്ലി മേനോന്‍ പറയുന്നു.

നാടുവിട്ടോടുന്ന യുവസമൂഹം

കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് പോയത് 2.5 ലക്ഷം വിദ്യാര്‍ത്ഥികളാണ്. 2018ല്‍ 1,29,763 വിദ്യാര്‍ത്ഥികളാണ് കേരളം വിട്ടത്. അഞ്ച് വര്‍ഷം കൊണ്ട് വിദേശപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായി. നോര്‍ക്ക നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേയാണ് ഈ കണക്ക് പറയുന്നത്. കേരളത്തിലെ മൊത്തം പ്രവാസികളുടെ എണ്ണത്തില്‍ ഇപ്പോള്‍ 11.3 ശതമാനവും വിദ്യാര്‍ത്ഥികളാണ്. പോകുന്നവരില്‍ അധികവും ബിരുദം നേടിയവരാണ്. ഒപ്പം പ്ലസ് ടു പഠനശേഷം പോകുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

കേരളത്തില്‍ നിന്നാല്‍ രക്ഷപ്പെടില്ല എന്ന തോന്നല്‍ യുവസമൂഹത്തില്‍ ശക്തമാണ്. മൂന്ന് വര്‍ഷത്തെ ബിരുദം നാലുവര്‍ഷമായി വലിച്ചുനീട്ടിയത് കൊണ്ട് തീരുന്നതല്ല കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍. ഇപ്പോള്‍ തന്നെ സാധാരണ ആര്‍ട്‌സ്, സയന്‍സ് കോളെജുകളില്‍ പരമ്പരാഗത കോഴ്‌സുകള്‍ക്ക് മതിയായ വിദ്യാര്‍ത്ഥികളെ കിട്ടുന്നില്ല. പത്താം ക്ലാസിലും പ്ലസ് ടുവിലും ഫുള്‍ എ പ്ലസ് ലക്ഷ്യമിട്ടാണ് കേരള സിലബസിലുള്ള സ്‌കൂളുകളിലെ പഠനം. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പ്ലസ് ടു പാസാകുന്ന കുട്ടികള്‍ക്ക് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐഐടികളിലോ എന്‍ഐടികളിലോ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ പ്രവേശനം ലഭിക്കുന്നില്ല.

കാരണം അവയ്ക്കുള്ള പ്രവേശന പരീക്ഷകളില്‍ ഈ കുട്ടികള്‍ പിന്തള്ളപ്പെടുകയാണ്. ഈ കുട്ടികള്‍ കൂട്ടത്തോടെ കേരളത്തിലെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളില്‍ ഒരുവര്‍ഷത്തോളം കഠിന പരിശീലനത്തിനായാണ് പോകുന്നത്; കേരളത്തിലെ കോളെജുകളിലേക്കല്ല. ഒരു വര്‍ഷം പരിശീലനത്തിനായി കളയേണ്ടെന്ന് ചിന്തിക്കുന്നവര്‍ മംഗളൂരു, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിങ്ങനെ രാജ്യത്തെമറ്റിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേക്കേറുന്നു.

കേരളത്തിലെ തൊഴില്‍ രംഗത്ത് ആവശ്യമുള്ളതൊഴിലുകള്‍ ചെയ്യാന്‍ ആളെ കിട്ടാനുമില്ല. കേരളത്തിലെ ബിരുദമെടുത്ത് വിദേശത്ത് പോയി ഹോട്ടലില്‍ പണിയെടുക്കുന്നവര്‍ കേരളത്തില്‍ ആ ജോലി ചെയ്യില്ല. ഇവിടുത്തെ ആവശ്യത്തിനനുസരിച്ച് കോഴ്‌സുകള്‍ കോളെജുകളില്‍ ഇല്ല. കോളെജുകളിലുള്ള കോഴ്‌സ് പഠിച്ചാല്‍ ഇവിടെ പണിയും കിട്ടില്ല.

രാഷ്ട്രീയ മുക്തമാക്കണം;പൊളിച്ചെഴുതണം

സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് അടിമുടി പൊളിച്ചെഴുത്താണ് വേണ്ടത്. പരമ്പരാഗത കോഴ്‌സുകള്‍ ആചാരം പോലെ നടത്തുന്ന രീതി മാറ്റണം. യൂണിവേഴ്‌സിറ്റികള്‍ രാഷ്ട്രീയ മുക്തമാക്കണം. അക്കാദമിക് താല്‍പ്പര്യങ്ങള്‍ക്കുപരി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രമുള്ള കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല അധികം താമസിയാതെ തകര്‍ന്ന് വീഴുമെന്ന് മുരളി തുമ്മാരുകുടിയെ പോലുള്ളവര്‍ വീണ്ടും വീണ്ടും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

$ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് എ പ്ലസ് ലക്ഷ്യമിട്ടുള്ള പഠന സമ്പ്രദായം തന്നെ മാറ്റണം. കേരളത്തിലെ കുട്ടികളെ ദേശീയതലത്തില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ളവരാക്കണം.

$ ഭാഷ, നൈപുണ്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയില്‍ വിദ്യാഭ്യാസ രീതി മാറ്റണം.

$ എല്ലാ തൊഴിലിനും മാന്യതയുണ്ടെന്ന ബോധ്യം കുട്ടികളിലും സമൂഹത്തിലും കൊണ്ടുവരണം.

$ സംസ്ഥാനത്തിലെ തൊഴില്‍ കമ്പോളത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തി അതിന് അനുസൃതമായ വിധത്തില്‍ കോഴ്‌സുകള്‍ പുനഃക്രമീകരിക്കണം.

$ കാലഹരണപ്പെട്ട കരിക്കുലം കാലോചിതമായി പരിഷ്‌ക്കരിക്കണം. സംഘടനാശക്തി കൊണ്ട് കേരള

ത്തിലെ യുവസമൂഹത്തിന്റെ ഭാവി ഇരുട്ടിലാക്കുന്ന പ്രവണതകള്‍ ഒഴിവാക്കാന്‍ ഇച്ഛാശക്തിയോടെ ഭരണകൂടം ഇടപെടണം.

പ്രമുഖരുടെ പ്രതികരണങ്ങള്‍

അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനും കേരളത്തിന്റെ തന്നെ ഭാവിക്കും ഏറെ നിര്‍ണായകമാണ്. ഡിഗ്രി നാലു വര്‍ഷമായാലും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയാകും. വിദേശത്തേക്കുള്ള കുട്ടികളുടെ ഒഴുക്ക് വര്‍ധിക്കും. കോളെജുകള്‍ പൂട്ടും. സര്‍വകലാശാലകള്‍ പലതും നിര്‍ബന്ധമായും മറ്റുള്ളവയുമായി ലയിക്കേണ്ടി വരും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ പലയിടത്തും പറഞ്ഞിട്ടും ഒന്നും മാറിയിട്ടില്ല. ഒന്നും നടപ്പിലാക്കാനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ല എന്നും അറിയാം.

മുരളി തുമ്മാരുകുടി

ദുരന്ത അപകട സാധ്യത ലഘൂകരണ

വിഭാഗം തലവന്‍, യുഎന്‍ഇപി

ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയില്‍ വികസിത രാജ്യങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ നിന്നും, ആരോഗ്യമേഖലയില്‍ മികച്ച് നില്‍ക്കുന്ന ക്യൂബ, നിക്കാരഗ്വ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തുടച്ചുനീക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകര്‍ച്ചവ്യാധികള്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. പകര്‍ച്ചവ്യാധികളുടെയും മറ്റും സാന്നിധ്യം പരിഗണിച്ച് നിഷേധ പരിഗണന (നെഗറ്റീവ് വെയ്‌റ്റേജ്) നല്‍കിയാല്‍ കേരളം ആരോഗ്യമികവിന്റെ പട്ടികയില്‍ പുറകിലാകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം ശക്തിപ്പെടുകയാണ്. കേരളം ആരോഗ്യപ്രതിസന്ധിയിലേക്കെന്ന് സംശയമുണ്ട്.

ഡോ. ബി. ഇക്ബാല്‍, ആരോഗ്യ വിദഗ്ധന്‍

കൊടൈക്കനാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് ഐബി സിലബസില്‍ പഠിച്ചുവന്ന എന്റെ മകള്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളെജില്‍ ചേര്‍ന്ന് ഒരു വര്‍ഷം പഠിച്ചപ്പോള്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പറയുന്നു, മകള്‍ക്ക് ഡിഗ്രി പഠനത്തിന് യോഗ്യതയില്ലെന്ന്. ഐബി എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത കിഴങ്ങന്മാരാണ് ഗാന്ധി യൂണിവേഴ്‌സിറ്റിയിലുള്ളത്. അവരാണോ നിങ്ങളെ രക്ഷിക്കാന്‍ പോകുന്നത്. എന്റെ മകള്‍ ബാംഗ്ലൂരില്‍ പോയി പഠനം തുടര്‍ന്നു. അവളുടെ അക്കാദമിക് മികവ് പരിഗണിച്ച് ഒരു വര്‍ഷം നഷ്ടമാകാത്ത വിധത്തില്‍ തുടര്‍പഠനത്തിന് അവസരവും ലഭിച്ചു.

സന്തോഷ് ജോര്‍ജ് കുളങ്ങര

സ്ഥാപകന്‍, സഫാരി ടി.വി. എംഡി, ലേബര്‍ ഇന്ത്യ

കേരളം വലിയ അസമത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് നാഷണല്‍ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട്. ദരിദ്രരും ധനികരും തമ്മിലുള്ള വിടവ് ഇവിടെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മറ്റൊരുതരത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉടലെടുക്കുകയാണ്. പണ്ട് പശുക്കളെയും ബ്രാഹ്‌മ

ണരെയും സംരക്ഷിക്കുക എന്നതായിരുന്നു രാജധര്‍മം എങ്കില്‍ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പെന്‍ഷന്‍ കാരെയും സംരക്ഷിക്കുക എന്നതായി മാറിക്കഴിഞ്ഞു.

ജോസ് സെബാസ്റ്റ്യന്‍, സാമ്പത്തിക വിദഗ്ധന്‍

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com