
കുറഞ്ഞ ചെലവില്‍ ഉല്‍പാദനം നടത്തിയാണ് ആഗോള തലത്തില്‍ ചൈന വലിയ സാമ്പത്തികശക്തിയായി മാറിയത്. ഒട്ടുമിക്ക രാജ്യങ്ങളിലും തൊഴില്‍ നിയമങ്ങള്‍ ശക്തമാണെങ്കിലും ചൈനയില്‍ പക്ഷേ നേരെ മറിച്ചാണ്. കൂടുതല്‍ ഉത്പാദനം, കുറഞ്ഞ കൂലി എന്നതാണ് ചൈനയിലെ രീതി. അതുകൊണ്ട് തന്നെ വന്‍കിട കമ്പനികളെല്ലാം തങ്ങളുടെ ഫാക്ടറികള്‍ ചൈനയിലേക്ക് മാറ്റിയത്.
യു.എസുമായുള്ള താരിഫ് യുദ്ധം തുടങ്ങിയതോടെയാണ് പല കമ്പനികളും ചൈനയ്ക്ക് പുറത്തേക്ക് മാറുന്നതിനെ പറ്റി ഗൗരവകരമായി ചിന്തിച്ചു തുടങ്ങിയത്. താരിഫില്‍ ചൈനയ്ക്ക് വലിയ പരിക്ക് പറ്റിയെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി ചൈനയില്‍ നിന്ന് വരുന്നു. അതും തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടാണ്.
ചൈനയുടെ തൊഴില്‍ രീതി പൊതുവേ അറിയപ്പെടുന്നത് '996' എന്നാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെ ആഴ്ച്ചയില്‍ 6 ദിവസം ജോലി എന്നതിനെ സൂചിപ്പിക്കുന്നതാണ് 996. ചൈനയിലെ ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ 12 മണിക്കൂര്‍ ജോലി ചെയ്യണം എന്ന നിലപാടുകാരാണ്. പലരും രാവിലെ ഒന്‍പതിന് എത്തി പരമാവധി ജോലി ചെയ്യണമെന്ന് ശാഠ്യം പിടിക്കും. ഫാക്ടറികളില്‍ മാത്രമല്ല സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ പോലും ഈ രീതിയാണ് തുടരുന്നത്.
അടുത്തിടെ ചൈനീസ് പരമോന്നത കോടതി ഈ തൊഴില്‍രീതി നിയമപരമല്ലെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. അതോടെ 996 രീതി മാറ്റാന്‍ കമ്പനികള്‍ തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. പല കമ്പനികളും തൊഴിലാളികളെ വൈകുന്നേരം 6.30ന് തന്നെ വീട്ടിലേക്ക് പറഞ്ഞു വിടാന്‍ തുടങ്ങിയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയിലെ മുന്‍നിര ഹോംഅപ്ലൈന്‍സ് നിര്‍മാതാക്കളായ മിഡിയ (Midea) വൈകുന്നേരം 6.20ന് തന്നെ തൊഴിലാളികള്‍ ഫാക്ടറി വിട്ടുവെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി വാര്‍ത്തയില്‍ പറയുന്നു. ഡ്രോണ്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ഡി.ജെ.ഐ രാത്രി 9 മണിക്കു ശേഷം ഓഫീസ് പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതായി 'ദ എക്കണോമിസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലാളികളെ കൊണ്ട് കൂടുതല്‍ ജോലിയെടുപ്പിക്കുന്നതില്‍ കുപ്രശസ്തിയാര്‍ജിച്ച കമ്പനിയാണ് ഡി.ജെ.ഐ.
ചൈനയിലെ തൊഴില്‍ നിയമം അനുസരിച്ച് ദിവസം എട്ടു മണിക്കൂറും ആഴ്ച്ചയില്‍ 40 മണിക്കൂറുമാണ് തൊഴില്‍ സമയം. മാസത്തില്‍ 36 മണിക്കൂര്‍ വരെ ഓവര്‍ടൈമും നിയമപ്രകാരം അനുവദിക്കുന്നു. പക്ഷേ കമ്പനികളൊന്നും ഈ നിയമം പാലിക്കുന്നില്ലെന്ന് മാത്രം.
കഠിനാധ്വാനവും കൂടുതല്‍ സമയം തൊഴിലിടങ്ങളില്‍ ചെലവിടേണ്ടി വരുന്നതുമായ ജോലികളോട് ചൈനീസ് യുവത്വത്തിന് താല്പര്യം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമ്മര്‍ദം കുറഞ്ഞ ജോലികളിലേക്ക് പലരും മാറുന്നു.
ശമ്പളം കുറവാണെങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ സമയം നീക്കിവയ്ക്കാന്‍ യുവത്വം തീരുമനിച്ചതും തൊഴിലുടമകളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഏറെ സമയം ജോലി ചെയ്തിട്ടും മെച്ചപ്പെട്ട ജീവിതഭദ്രത കൈവരിക്കാന്‍ സാധിക്കാത്തതില്‍ ചൈനീസ് യുവാക്കളുടെ മനോഭാവ മാറ്റത്തിന് കാരണമായിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine