

രാജ്യ തലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ തേടി ഡല്‍ഹി സര്‍ക്കാര്‍. വായു മലിനീകരണം പരിധിവിട്ടതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയത്. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കുമോ എന്ന റിപ്പോര്‍ട്ട് തയറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്കാകും ബാക്കി നടപടികള്‍.
ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ തോതിലാണെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലാണെന്ന് പരിസ്ഥിതി മന്ത്രി മജീന്ദര്‍സിംഗ് സിര്‍സ വ്യക്തമാക്കി. കൃത്രിമമഴയുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളില്‍ കൃത്രിമ മഴ പെയ്യിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധന നടത്തും. വ്യാപകമായി മഴ പെയ്യിക്കുന്ന കാര്യം പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും സിര്‍സ കൂട്ടിച്ചേര്‍ത്തു.
ജലക്ഷാമത്തിന് പരിഹാരമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. 1946ല്‍ അമേരിക്കയിലാണ് ഇതിനായുള്ള ആദ്യശ്രമം തുടങ്ങിയത്. വിന്‍സന്റ് ജെ ഷഫര്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു ഇതിനു പിന്നില്‍. ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ചു മഴ പെയ്യിക്കുവാനുള്ള സാങ്കേതികവിദ്യയാണ് ക്ലൗഡ് സീഡിങ്.
ഇപ്പോള്‍ വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത രീതികള്‍ കൃത്രിമ മഴ പെയ്യിക്കാനായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലൊരു പരീക്ഷണമാണ് 2021 ജൂലൈയില്‍ യു.എ.ഇ വിജയകരമായി പരീക്ഷിച്ചത്. പെയ്യാതെ പോകുന്ന മേഘങ്ങളിലേക്ക് രാസവസ്തുക്കള്‍ വിതറി ഘനീഭവിപ്പിച്ചു മഴ പെയ്യിക്കുന്ന രീതിയാണിത്.
2023ല്‍ 242 ക്ലൗഡ് സീഡിങ് പദ്ധതികളാണ് യു.എ.ഇ നടപ്പാക്കിയത്. ഡ്രോണുകള്‍ ഉപയോഗിച്ചാണ് അവര്‍ ഈ പ്രക്രിയ ചെയ്യുന്നത്. മേഘങ്ങളുടെ കൂട്ടങ്ങളിലേക്ക് ഡ്രോണുകളെ വേഗത്തില്‍ കടത്തിവിട്ടു 'ഇലക്ട്രിക് ഷോക്ക്' നല്‍കുന്നു. ഇതോടെ മേഘങ്ങളിലെ വെള്ളത്തുള്ളികള്‍ പരസ്പരം ഒട്ടുകയും അവ വലിയ തുള്ളികളായി മാറുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഡല്‍ഹിയില്‍ ഏതു തരത്തിലാണ് മഴ പെയ്യിക്കുകയെന്ന കാര്യം ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine