പാറ്റ പാര്‍ട്ടി! കോക്‌റോച്ച് ജനത പാര്‍ട്ടിയാണ് ട്രെന്‍ഡ്, 'കൂറ'യുടെ വളര്‍ച്ച കണ്ട് അന്തം വിട്ട് രാഷ്ട്രീയക്കാര്‍

അഴിമതി, തൊഴിലില്ലായ്മ, രാഷ്ട്രീയ വ്യവസ്ഥയിലെ തകരാറുകള്‍, യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെ പരിഹാസവും മീമുകളും ഉപയോഗിച്ച് അവതരിപ്പിക്കുന്നതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത
പാറ്റ പാര്‍ട്ടി! കോക്‌റോച്ച് ജനത പാര്‍ട്ടിയാണ് ട്രെന്‍ഡ്, 'കൂറ'യുടെ വളര്‍ച്ച കണ്ട് അന്തം വിട്ട് രാഷ്ട്രീയക്കാര്‍
Published on

ഒരു തമാശാ മീമായിട്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ നിരാശയും കോപവും പറയുന്ന ഒരു ഓണ്‍ലൈന്‍ പ്രസ്ഥാനമായി കോക്‌റോച്ച് ജനത പാര്‍ട്ടി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പാറ്റ പാര്‍ട്ടി വൈറല്‍. അഴിമതി, തൊഴിലില്ലായ്മ, രാഷ്ട്രീയ വ്യവസ്ഥയിലെ തകരാറുകള്‍, യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെ പരിഹാസവും മീമുകളും ഉപയോഗിച്ച് അവതരിപ്പിക്കുന്നതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. കഠിന സാഹചര്യങ്ങളിലും അതിജീവിക്കുന്ന ജീവിയായ കോക്ക്രോച്ചിനെ തന്നെയാണ് ഇവര്‍ പ്രതീകമായി സ്വീകരിച്ചിരിക്കുന്നത്.

വെറും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ കോടിക്കണക്കിന് ഫോളോവേഴ്സിനെ സ്വന്തമാക്കിയാണ് ഈ കൂട്ടായ്മ ശ്രദ്ധനേടിയത്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭരണകക്ഷിയായ ബിജെപിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സി.ജെ.പി.യുടെ ഫോളോവേഴ്സ്.

ചീഫ് ജസ്റ്റിസ് പറഞ്ഞതില്‍ പിടിച്ച്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശത്തില്‍ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ പിറവി. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം രൂപപ്പെട്ടത്. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, 'കോക്ക്രോച്ച് ജനത പാര്‍ട്ടി' എന്ന പരിഹാസ അക്കൗണ്ട് അതിനകം തന്നെ ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.

''ഇത് പദ്ധതിപൂര്‍വ്വം തുടങ്ങിയ ഒന്നല്ല,'' എന്നാണ് സി.ജെ.പി സ്ഥാപകനായ അഭിജീത് ദിപ്‌കെ പറഞ്ഞത്. യുവാക്കള്‍ ഒതുക്കിവെച്ചിരുന്ന അസ്വസ്ഥതയും അമര്‍ഷവും പുറത്തു ചാടാന്‍ ഈ പ്രസ്ഥാനം നിമിത്തമായി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബോസ്റ്റണ്‍ സര്‍വകലാശാല വിദ്യാര്‍ഥിയും രാഷ്ട്രീയ കമ്മ്യൂണിക്കേഷന്‍ വിദഗ്ധനുമായ ദിപ്‌കെ മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അംഗത്വ യോഗ്യത

'തൊഴിലില്ലാത്തവര്‍, മടിയന്‍മാര്‍, എപ്പോഴും ഓണ്‍ലൈനില്‍ ഇരിക്കുന്നവര്‍, പ്രൊഫഷണലായി പരാതി പറയാന്‍ അറിയുന്നവര്‍' എന്നതാണ് പാര്‍ട്ടിയുടെ തമാശ കലര്‍ന്ന അംഗത്വ യോഗ്യത. എന്നാല്‍ അതിന് പിന്നിലെ സന്ദേശം അത്ര തമാശയല്ല. യുവാക്കളുടെ തൊഴില്‍ പ്രതിസന്ധി, ഉയര്‍ന്ന ജീവിതച്ചെലവ്, പരീക്ഷ ചോര്‍ച്ചകള്‍, രാഷ്ട്രീയ പാര്‍ട്ടികളോട് വളരുന്ന നിരാശ എന്നിവയെല്ലാം ഇവര്‍ തുറന്നു പറയുന്നുണ്ട്.

ഇന്ത്യയിലെ യുവാക്കളുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോടെ വീണ്ടും ചര്‍ച്ചയാകുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം യുവാക്കളായിട്ടും, തൊഴിലവസരങ്ങളുടെ കുറവ് വലിയ പ്രശ്‌നമായി തുടരുന്നു. 15 മുതല്‍ 29 വയസ്സ് വരെയുള്ളവരില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക മാറ്റങ്ങള്‍ എന്‍ട്രി ലെവല്‍ ജോലികളെ ബാധിക്കുമോ എന്ന ആശങ്കയും യുവാക്കളില്‍ ശക്തമാണ്.

സി.ജെ.പി പൂര്‍ണമായും ഒരു മീം രാഷ്ട്രീയ പ്രസ്ഥാനം മാത്രമാണോ, അല്ലെങ്കില്‍ ഭാവിയില്‍ യഥാര്‍ത്ഥ രാഷ്ട്രീയ ശക്തിയായി മാറുമോ എന്ന ചര്‍ച്ചയും ഇപ്പോള്‍ സജീവമാണ്. ചിലര്‍ ഇതിനെ 'ഡിജിറ്റല്‍ ഗിമ്മിക്ക്' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ അഭിപ്രായത്തില്‍, ''ഇത് ഇന്ത്യയിലെ രാഷ്ട്രീയ സംഭാഷണം മാറ്റാന്‍ കഴിവുള്ള ഒരു പ്രസ്ഥാനമാണ്.'

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com