പുതിയ എം.പിമാര്‍ പാര്‍ലമെന്റിലേക്ക്; ആനുകൂല്യങ്ങള്‍ എന്തൊക്കെ?

എം.പിമാര്‍ക്ക് ലക്ഷം രൂപ ശമ്പളം മുതല്‍ സൗജന്യ വിമാനടിക്കറ്റ് വരെ
Image Courtesy: x.com/RahulGandhi, x.com/ShashiTharoor, x.com/narendramodi, x.com/LokSabhaSectt
Image Courtesy: x.com/RahulGandhi, x.com/ShashiTharoor, x.com/narendramodi, x.com/LokSabhaSectt
Published on

ഈ മാസം 24ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹിക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ് എം.പിമാര്‍. അവരില്‍ കൈത്തഴക്കം വന്നവരും പുതുമുഖങ്ങളുമുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പു വരെയുള്ള പ്രവര്‍ത്തന കാലയളവില്‍ ഒരു എം.പിക്ക് എന്തെല്ലാമാണ് സൗകര്യങ്ങളെന്ന് പരിശോധിക്കാം.

ശമ്പളം ഒരുലക്ഷം രൂപ

ഓരോ എം.പിക്കും പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളം. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ശമ്പളത്തില്‍ മാറ്റംവരുന്നത്. വിലക്കയറ്റം, ജീവിത നിലവാര സൂചിക തുടങ്ങി പല ഘടകങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് ശമ്പളം വര്‍ധിപ്പിക്കുന്നത്. ശമ്പളത്തേക്കാള്‍ കൂടുതല്‍ മറ്റ് ആനുകൂല്യങ്ങളാണ് എം.പിമാര്‍ക്കുള്ളത്.

മണ്ഡലം അലവന്‍സ് എന്ന പേരില്‍ ഓരോ മാസവും 70,000 രൂപ വീതം ലഭിക്കും. ഓഫീസ് വാടകയ്ക്കും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പോകുന്നതിനുമാണ് ഈ അലവന്‍സ്. ഇതിനൊപ്പം ഓഫീസ് ചെലവിലേക്കായി 60,000 രൂപയും ഉണ്ടാകും. ഓഫീസ് ജീവനക്കാരുടെ ശമ്പളം, സ്റ്റേഷനറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായിട്ടാണ് ഈ തുക. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്ന ഓരോ ദിവസവും 2,000 രൂപ വീതം ദിവസബത്തയ്ക്കും അര്‍ഹതയുണ്ട്.

യാത്ര സൗജന്യങ്ങളും ഏറെ

എം.പിക്കും അവരുടെ അടുത്ത കുടുംബാംഗത്തിനുമായി ഓരോ വര്‍ഷവും 34 സൗജന്യ വിമാനടിക്കറ്റുകളും ലഭിക്കും. ആഭ്യന്തര യാത്രയ്ക്കാണ് ഈ ആനുകൂല്യമുള്ളത്. ഔദ്യോഗികമോ വ്യക്തിപരമോ ആയ ട്രെയിന്‍ യാത്രയും സൗജന്യമാണ്. ഇനി റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ കിലോമീറ്റര്‍ അനുസരിച്ച് മൈലേജ് അലവന്‍സും കൃത്യമായി ലഭിക്കും.

എം.പിയായിരിക്കുന്ന കാലത്തോളം ഡല്‍ഹിയില്‍ താമസിക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ചെലവിലാണ്. സീനിയോരിറ്റി അനുസരിച്ച് ബംഗ്ലാവോ ഫ്‌ളാറ്റോ ഹോസ്റ്റല്‍ മുറികളോ ലഭിക്കും. സ്വന്തം നിലയിലാണ് താമസമെങ്കില്‍ മാസം ഹൗസിംഗ് അലവന്‍സായി രണ്ടു ലക്ഷം രൂപ വീതം അവകാശപ്പെടാം.

സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സി.ജി.എച്ച്.എസ്) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എം.പിമാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ചികിത്സ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഇതിനുള്ള സൗകര്യമുണ്ട്.

ടെലിഫോണ്‍ കോളുകള്‍ക്കായി ഓരോ വര്‍ഷവും ഒന്നരലക്ഷം രൂപ വീതം ലഭിക്കും. ഇതിനൊപ്പം അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം വീട്ടിലും ഓഫീസിലും അനുവദിക്കും. പ്രതിവര്‍ഷം 50,000 യൂണിറ്റ് വൈദ്യുതിയും 4,000 കിലോ ലിറ്റര്‍ വെള്ളവും എം.പിയുടെ ആനുകൂല്യത്തില്‍ ഉള്‍പ്പെടും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com