

എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ യാത്രക്കാരില്‍ നിന്നും ഈടാക്കിയ 'ക്യൂട്ട് ചാര്‍ജ്' ചോദ്യം ചെയ്യുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കി. പോസ്റ്റ് വൈറല്‍ ആയതോടെ മറുപടിയായി ഇന്‍ഡിഗോയും രംഗത്ത്.
ലക്‌നൗവില്‍ നിന്നും ബംഗളൂരുവിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി താന്‍ അടക്കേണ്ടി വന്ന വിവിധ ചാര്‍ജുകള്‍ ചോദ്യം ചെയ്ത കൊണ്ടായിരുന്നു അഭിഭാഷകന്റെ എക്സിലെ പോസ്റ്റ്. പ്രിയ indigo6E , എന്താണ് ക്യൂട്ട് ഫീസ്? നിങ്ങളുടെ ഉപയോക്താക്കളുടെ സൗന്ദര്യത്തിനും നിങ്ങള്‍ ഫീസ് ഈടാക്കുന്നുണ്ടോ? അതോ, നിങ്ങളുടെ വിമാനം ഭംഗിയുള്ളതു കൊണ്ടാണോ ഈ ഫീസ് ഈടാക്കുന്നത്, എന്നിങ്ങനെയുള്ള ശ്രയാന്‍ഷ് സിംഗിന്റെ ചോദ്യങ്ങള്‍ 1.7 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
എയര്‍ലൈന്‍സിന്റെ ടിക്കറ്റ് നിരക്കുകളുടെ സ്‌ക്രീന്‍ഷോട്ട് അടങ്ങുന്ന പോസ്റ്റില്‍ ഇന്‍ഡിഗോ ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ്, ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് എന്നിവയെക്കുറിച്ചും അഭിഭാഷകന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി.
എന്താണ് ഉപയോക്തൃ വികസന ഫീസ്? നിങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന വികസനം എന്താണ്? എന്താണ് ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ്? ഞാന്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റിന് നികുതി അടയ്ക്കുന്നില്ലേ തുടങ്ങിയ അഭിഭാഷകന്റെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ വൈകാതെ തന്നെ മറുപടിയുമായി ഇന്‍ഡിഗോയും രംഗത്തെത്തി.
എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും ചെക്കിംഗിനുമായി ഉപയോഗിക്കുന്ന മെറ്റല്‍ ഡിറ്റക്റ്റിങ് മെഷീനുകള്‍, എസ്‌കലേറ്ററുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവയ്ക്കായി ഈടാക്കുന്ന തുകയെ ആണ് 'ക്യൂട്ട് ചാര്‍ജുകള്‍' അഥവാ കോമണ്‍ യൂസര്‍ ടെര്‍മിനല്‍ എക്യുപ്മെന്റ് ചാര്‍ജ് എന്ന് വിളിക്കുന്നത്. ഉപയോക്തൃ വികസന ഫീസ് എയര്‍പോര്‍ട്ട് അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമുള്ള ഫീസുമാണ്.
ഒരു എയര്‍പോര്‍ട്ടില്‍ നല്‍കുന്ന സുരക്ഷാ സേവനങ്ങള്‍ക്ക് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതാണ് ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് അടയ്ക്കാനാണ് ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് ഈടാക്കുന്നതെന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം.
Read DhanamOnline in English
Subscribe to Dhanam Magazine