
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ സൈനികമായും നയതന്ത്ര തലത്തിലും പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്കുന്നത്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലും സൈനിക മേഖലകളിലും ആക്രമണം നടത്തിയ ഇന്ത്യ മറുവശത്ത് നയതന്ത്ര തലത്തിലും പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കിയിരുന്നു.
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ഇനി ഇന്ത്യയുടെ വെള്ളം പാക്കിസ്ഥാന് നല്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് പാക് കാര്‍ഷിക മേഖലയുടെ നട്ടെല്ല്. വെള്ളം വിട്ടുനല്കിയില്ലെങ്കില്‍ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന പാക് പ്രകോപനത്തിന് അടുത്ത പ്രഹരം നല്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
40 വര്‍ഷം മുമ്പ് പ്രാഥമിക നടപടികള്‍ തുടങ്ങിയ തുള്‍ബുള്‍ (Tulbul) നാവിഗേഷന്‍ പ്രൊജക്ട് പൊടിതട്ടിയെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 1984ലാണ് പദ്ധതിക്കായി ആദ്യം ശ്രമം തുടങ്ങിയത്. ഝലം (Jhelum) നദിയില്‍ ജലസംഭരണി പണിയുകയാണ് ലക്ഷ്യം. പാക്കിസ്ഥാനിലേക്ക് ഒഴുകേണ്ട ജലം ഇതുവഴി ഇന്ത്യയ്ക്ക് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാം.
പാക്കിസ്ഥാന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് 1987ല്‍ പദ്ധതി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ 2008-2014 കാലഘട്ടത്തില്‍ ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പദ്ധതി 80 ശതമാനം പൂര്‍ത്തിയാക്കി. ഒരിടയ്ക്ക് ഈ പദ്ധതിക്കെതിരേ തീവ്രവാദി ആക്രമണവും നടന്നിരുന്നു. ശൈത്യകാലത്ത് വൈദ്യുതി ഉത്പാദനത്തിനും ഈ അണക്കെട്ടിലെ ജലം ഉപയോഗിക്കാന്‍ സാധിക്കും.
അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി രവി, ബീസ്, സത്‌ലജ് നദികളുടെ അവകാശം ഇന്ത്യയ്ക്കാണ്. സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ വെള്ളം പാക്കിസ്ഥാനും. ഈ നദികളില്‍ ഇന്ത്യയ്ക്ക് പരിമിതമായ അവകാശങ്ങളേയുള്ളൂ. എന്നാല്‍, ജലഗതാഗതം, വൈദ്യുതി ഉത്പാദനം എന്നിവയ്ക്കായി ഈ ജലത്തില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. തുള്‍ബുള്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ കരാര്‍ വഴി പരമാവധി ജലം ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് പരമാവധി കുറയ്ക്കാനും സാധിക്കും. ഝലം നദിയിലൂടെയുള്ള വാണിജ്യപാത പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാക്കുന്നതോടെ പ്രാദേശിക വിപണിക്കും അതു ഗുണം ചെയ്യും. തുള്‍ബുള്‍ പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തു പോരുന്ന പാക്കിസ്ഥാന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഏറ്റവും പ്രധാന പാക് പഞ്ചാബിലെ കാര്‍ഷികമേഖലയ്ക്ക് ജലം കിട്ടാതെയാകുമെന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine