

രാജ്യത്തെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ താളംതെറ്റി. 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂ രൂപപ്പെട്ടിട്ടുണ്ട്. മിക്ക സര്‍വീസുകളും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അഭാവവും ടെക്‌നിക്കല്‍ പ്രശ്‌നങ്ങളുമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണം.
ഇന്‍ഡിഗോ വിമാനങ്ങള്‍ക്കൊപ്പം ചില എയര്‍ ഇന്ത്യ സര്‍വീസുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. അതേസമയം, സര്‍വീസുകള്‍ താറുമാറായ സംഭവത്തില്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സാങ്കേതിക തകരാറാണ് സര്‍വീസുകളെ ബാധിച്ചതെന്ന് ഇന്‍ഡിഗോ പറയുമ്പോഴും ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് വിവരം. ശൈത്യകാല ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, പുതുക്കിയ ഡ്യൂട്ടി സമയപരിധികള്‍ എന്നിവ സര്‍വീസുകളെ ബാധിച്ചു.
നവംബര്‍ ഒന്നുമുതല്‍ പുതിയ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (FDTL) നിലവില്‍ വന്നിരുന്നു. പുതിയ നിയമപ്രകാരം പൈലറ്റുമാര്‍ക്ക് കൃത്യമായ വിശ്രമം അനിവാര്യമാണ്. ഇത് പൈലറ്റുമാരുടെ ക്ഷാമത്തിലേക്ക് നയിച്ചു. പല സര്‍വീസുകളും റദ്ദാക്കാനുള്ള പ്രധാന കാരണം ആവശ്യത്തിന് ക്യാബിന്‍ ക്രൂ ലഭ്യമല്ലാത്തതായിരുന്നു.
കുറച്ചു ജീവനക്കാരെ വച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുകയായിരുന്നു എയര്‍ലൈന്‍ കമ്പനികള്‍ ചെയ്തിരുന്നത്. ആവശ്യത്തിന് ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ മടിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സാങ്കേതിക പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇന്‍ഡിഗോയുടെ ഔദ്യോഗിക വിശദീകരണം. സര്‍വീസുകള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുകയോ അല്ലെങ്കില്‍ മറ്റ് വിമാനങ്ങളില്‍ യാത്ര സൗകര്യം ഒരുക്കുകയോ ചെയ്യുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി പറഞ്ഞു.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളത്തിലാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ ഏറ്റവും അധികം റദ്ദാക്കിയത്. ഡല്‍ഹിയില്‍ മാത്രം റദ്ദാക്കിയത് 60 ലധികം വിമാനങ്ങളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine