
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം പരസ്പരമുള്ള ആക്രമണങ്ങളിലേക്ക് വളര്‍ന്നതോടെ പശ്ചിമേഷ്യയാകെ ആശങ്കയിലാണ്. യുദ്ധം ടെഹ്‌റാനും ടെല്‍ അവീവിനും ഇടയിലാണെങ്കിലും ഇതിന്റെ അലയൊലികള്‍ ഇന്ത്യ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വരെ പ്രതിഫലിക്കും. ആഗോള എണ്ണ വ്യാപാര റൂട്ടുകളിലേക്ക് സംഘര്‍ഷം പടര്‍ന്നാല്‍ ലോകത്തിന്റെ സാമ്പത്തിക രംഗത്തും ഗുരുതര പ്രത്യാഘാതമുണ്ടാകും.
ഇറാനെതിരേ നേരിട്ട് രംഗത്തു വരാന്‍ യു.എസ് തയാറെടുക്കുന്നതിനിടെ ചില നാടകീയ സംഭവങ്ങളും അണിയറയില്‍ നടന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനം പാക്കിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറിന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അത്താഴവിരുന്ന് നല്കിയെന്നതാണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന് ഒരിക്കല്‍ വൈറ്റ് ഹൗസിലേക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ അസീം മുനീറിന് വൈറ്റ് ഹൗസിലേക്ക് വേഗത്തില്‍ അനുമതി കിട്ടിയതിന് പിന്നിലെന്താണ്? അവിടെയാണ് ട്രംപിന്റെയും യു.എസിന്റെയും നീക്കം ശ്രദ്ധേയമാകുന്നത്. ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിനൊപ്പം ചേരാനൊരുങ്ങുകയാണ് യു.എസ്. ഗള്‍ഫ് രാജ്യങ്ങളില്‍ യു.എസിന് സൈനിക ബേസുകളുണ്ടെങ്കിലും ഇറാനോട് ഏറ്റവുമടുത്ത് കിടക്കുന്ന പാക്കിസ്ഥാനിലാണ് ട്രംപിന്റെ കണ്ണ്.
ഇറാനെ പ്രതിരോധിക്കാന്‍ പാക് മണ്ണ് തിരഞ്ഞെടുത്താല്‍ ഗുണം രണ്ടാണ്. ഇറാന്‍ ചേരിയിലാണ് നിലവില്‍ പാക്കിസ്ഥാന്‍. ഇസ്രയേലിനെതിരേ ആദ്യം രംഗത്തു വന്ന രാജ്യം കൂടിയാണ് പാക്കിസ്ഥാന്‍. ഇതേ പാക്കിസ്ഥാനെ ഇറാനെതിരേ തിരിക്കാന്‍ ട്രംപിന്റെ നീക്കങ്ങള്‍ക്ക് സാധിക്കുമെന്നാണ് നിരീക്ഷണം. പാക് മണ്ണില്‍ നിന്ന് വളരെയടുത്താണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍. ഇരുരാജ്യങ്ങളും 900 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്നുണ്ട്.
സുന്നി മുസ്ലീങ്ങളാണ് പാക്കിസ്ഥാന്റെ ജനസംഖ്യയുടെ 85 ശതമാനത്തിലേറെയും. ഇറാനാകട്ടെ ഷിയാ സ്വാധീന രാജ്യവും. ഇറാനും പാക്കിസ്ഥാനും തമ്മില്‍ സൗഹൃദത്തിലെങ്കിലും മതപരമായ പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ട്. പാക്കിസ്ഥാനെ ഒപ്പംകൂട്ടുന്നതിലൂടെ ഇറാന് മേഖലയില്‍ ആശ്രയിക്കാന്‍ പറ്റുന്നവര്‍ ആരുമില്ലാത്ത അവസ്ഥ വരും.
ഇറാന്റെ അതിര്‍ത്തി പങ്കിടുന്ന മറ്റൊരു രാജ്യം അഫ്ഗാനിസ്ഥാനാണ്. അവരും സുന്നി ഭൂരിപക്ഷമാണ്. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന് ഇറാനോട് വലിയ താല്പര്യവുമില്ല. അതുകൊണ്ട് തന്നെ ഈ യുദ്ധത്തില്‍ ഇറാന് കാര്യമായ പിന്തുണ താലിബാനില്‍ നിന്ന് കിട്ടില്ല. അഫ്ഗാന്റെ കാര്യങ്ങള്‍ മാത്രം നോക്കി ഒതുങ്ങി കൂടാനാണ് താലിബാന് ഇപ്പോള്‍ താല്പര്യം.
പണവും ആയുധവും നല്‍കി അസീം മുനീറിനെ സമ്മര്‍ദത്തിലാക്കാനാണ് ട്രംപ് ശ്രമിച്ചത്. ഇത് വിജയം കണ്ടുവെന്നാണ് വിവരങ്ങള്‍. ഇറാനെതിരേ പാക് മണ്ണ് യു.എസ് ഉപയോഗിച്ചാല്‍ മേഖലയില്‍ പാക്കിസ്ഥാന് തന്നെയാകും തിരിച്ചടി. യുദ്ധം അവസാനിച്ച ശേഷം പാക്-ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകും. മറ്റൊരു പ്രധാന പ്രശ്‌നം കൂടി പാക്കിസ്ഥാന്‍ നേരിടേണ്ടി വരും. അതു ഇറാന്‍ അതിര്‍ത്തിയില്‍ ശക്തി പ്രാപിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളാണ്.
ഇറാനികത്തുള്ള ജയ്‌ഷെ അല്‍ അദെല്‍ (Jaish al-Adl -JaA) എന്ന തീവ്രവാദ ഗ്രൂപ്പും ബലൂച് മേഖലയിലെ സുന്നി തീവ്രവാദ സംഘടനകളും ഇരുരാജ്യങ്ങള്‍ക്കും ഭീഷണിയാകും. യുദ്ധത്തില്‍ ഇറാന്‍ ദുര്‍ബലമായാല്‍ കിട്ടിയ അവസരം ഈ ഗ്രൂപ്പുകള്‍ മുതലാക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിര്‍ത്തി അശാന്തമാകും. പാക്കിസ്ഥാന് വലിയ തലവേദനയായി അതു മാറും.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിലേക്ക് പാക്കിസ്ഥാന്‍ അവരറിയാതെ പങ്കാളികളാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മറുവശത്ത് തന്ത്രപരമായ നീക്കമാണ് ഇന്ത്യയുടേത്. ഇറാനും ഇസ്രയേലും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളാണ്. വിഷയത്തില്‍ നേരിട്ട് ഇടപെടാതെ ഇരുരാജ്യങ്ങളെയും പിണക്കാതെ മുന്നോട്ടു പോകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ശരിയായ നയതന്ത്രം അതുതന്നെയാണെന്നാണ് വിദേശകാര്യ വിദഗ്ധരും പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine