മലയാളി കുടിയേറ്റ സ്വപ്‌നങ്ങള്‍ അസ്തമിക്കുമോ? യൂറോപ്പില്‍ വലതു പക്ഷക്കാറ്റ്

കൊവിഡ് മഹാമാരിക്കു ശേഷം യൂറോപ്പിലേക്ക് മലയാളികളുടെ ഒഴുക്കായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍, ജീവിത സാഹചര്യങ്ങളായിരുന്നു പലരെയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് ആകര്‍ഷിച്ചത്. യൂറോപ്യന്‍ സ്വപ്‌നം ലക്ഷ്യംകണ്ട് രണ്ടുലക്ഷത്തിലധികം പേരാണ് കേരളത്തിലെ വിവിധ ഐ.ഇ.എല്‍.ടി.എസ് കേന്ദ്രങ്ങളില്‍ പഠിക്കുന്നത്. എന്നാല്‍, യൂറോപ്പിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് അത്ര സുഖകരമായ വാര്‍ത്തകളല്ല വരുന്നത്.
കുടിയേറ്റ വിരുദ്ധത മൂര്‍ച്ഛിക്കുന്നു
യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുകയാണ്. യു.കെയ്ക്ക് പിന്നാലെ ജര്‍മനിയിലും ഫ്രാന്‍സിലും കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന രാഷ്ടീയ പാര്‍ട്ടികള്‍ ആധിപത്യം നേടുന്നതിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്. ഈയിടെ നടന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക രാജ്യങ്ങളിലും വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
യു.കെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പാത പിന്തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതിനു കാരണമായത് വലതുപക്ഷ പാര്‍ട്ടികളുടെ ജനപിന്തുണ വര്‍ധിക്കുന്നതാണ്.
ഫ്രാന്‍സില്‍ നാഷണല്‍ റാലി പാര്‍ട്ടിയും ജര്‍മനിയില്‍ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയെന്ന പതിനൊന്ന് വയസ് മാത്രം പ്രായമുള്ള പാര്‍ട്ടിയും മാറുന്ന യൂറോപ്പിനെയാണ് അടയാളപ്പെടുത്തുന്നത്. ബെല്‍ജിയം മുതല്‍ പോര്‍ച്ചുഗല്‍ വരെയും ഈ വലതു ചേര്‍ന്ന രാഷ്ട്രീയമാറ്റം പ്രകടമാണ്. പുതിയ വോട്ടര്‍മാരില്‍, പ്രത്യേകിച്ച് യുവാക്കളില്‍ വലതുപക്ഷ പാര്‍ട്ടികളുടെ ആശയങ്ങള്‍ ആഴത്തില്‍ വേരോടുന്നുവെന്ന നിരീക്ഷണങ്ങളാണ് വരുന്നത്.
മലയാളികളെ സംബന്ധിച്ച് യു.കെ കഴിഞ്ഞാല്‍ കൂടുതല്‍ പേരും ജോലിക്കും പഠനത്തിനുമായി വിമാനം കയറിയിരുന്നത് ജര്‍മനിയിലേക്കും ഫ്രാന്‍സിലേക്കുമാണ്. എന്നാല്‍ അനിയന്ത്രിതമായ അഭയാര്‍ത്ഥി, കുടിയേറ്റ പ്രവാഹത്തിനെതിരേ തദ്ദേശീയരില്‍ നിന്ന് വലിയ എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത്. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ എതിര്‍പ്പിനെ കൃത്യമായി മുതലെടുക്കുന്ന കാഴ്ചയാണ് യൂറോപ്പില്‍ ദൃശ്യമാകുന്നത്. വരുംനാളുകളില്‍ യൂറോപ്പിലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വലതുകാറ്റ് വീശാന്‍ സാധ്യതയുണ്ട്.
പന്തിയല്ല കാര്യങ്ങള്‍
യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിലെ വലതുപക്ഷമായ നാഷണല്‍ റാലി പാര്‍ട്ടി മേധാവിത്വം നേടുമെന്ന ഘട്ടത്തിലാണ് മക്രോണ്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ജൂണ്‍ 30, ജൂലൈ 7 തിയതികളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വലതുപക്ഷം മുന്‍തൂക്കം നേടിയാല്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ മാക്രോണിനോട് തോറ്റ മരീന്‍ ലെ പെനിന്റെ പാര്‍ട്ടിക്ക് യുവാക്കളുടെ ഇടയില്‍ വലിയതോതില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
അഭയാര്‍ത്ഥികളായും കുടിയേറ്റക്കാരായും എത്തിയവര്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സമാധാനം നശിപ്പിക്കുന്നുവെന്ന ചിന്ത അതിവേഗം അന്നാട്ടുകാരില്‍ വളരുന്നുണ്ട്. തൊഴില്‍ രംഗങ്ങളില്‍ അടക്കം കുടിയേറ്റക്കാരുടെ മേധാവിത്വമാണെന്ന പ്രചാരണവും തീവ്രവതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്നുണ്ട്.
യു.കെയിലും സ്ഥിതി വ്യത്യസ്തമല്ല. കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനക് നിര്‍ബന്ധിതനായി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി കുടിയേറ്റ വിരുദ്ധതയിലൂന്നിയാണ് അവരുടെ പ്രചാരണം നടത്തുന്നത്. യു.കെയില്‍ ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും മലയാളികള്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
Lijo MG
Lijo MG  

Sub-Editor

Related Articles

Next Story

Videos

Share it