ഒ.ടി.ടികള്‍ക്ക് 'ബദല്‍' തന്ത്രവുമായി മലയാള സിനിമ, സിനിമകള്‍ കൂട്ടത്തോടെ യുട്യൂബിലേക്ക്, വരുമാനം എങ്ങനെ?

അടുത്തിടെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം നല്ലരീതിയില്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കാന്‍ സാധിക്കുന്നുവെന്നാണ് സിനിമരംഗത്തുള്ളവര്‍ പറയുന്നത്
Image : Canva
Image : Canva
Published on

മലയാള സിനിമ വല്ലാത്തൊരു പ്രതിസന്ധിയുടെ നടുവിലാണ്. മലവെള്ളപ്പാച്ചില്‍ പോലെ സിനിമകള്‍ പുറത്തിറങ്ങുമ്പോഴും വരുമാനം ഉയരുന്നില്ല. ഒരുകാലത്ത് ഷൂട്ടിംഗ് തുടങ്ങും മുമ്പേ മുടക്കുമുതല്‍ തിരിച്ചു പിടിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കഥമാറി. ഒ.ടി.ടി വരുമാനം നിലച്ചതോടെ മുടക്കുമുതല്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് ഈ മേഖലയിലേക്ക് വരുന്നവര്‍.

ഒ.ടി.ടിക്ക് വേണ്ടെങ്കില്‍ പ്ലാന്‍ ബി

ഇടക്കാലത്ത് മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായിരുന്നു. കഥയില്‍ പോലും ഇടപെട്ടിരുന്ന ഒ.ടി.ടി കമ്പനികള്‍ പറയുന്ന രീതിക്കായിരുന്നു സിനിമകള്‍ ഇറക്കിയിരുന്നത്. പറയുന്ന തുകയ്ക്ക് സിനിമ വാങ്ങിക്കുമെന്നതിനാല്‍ അണിയറ പ്രവര്‍ത്തകരും ഈ ഇടപെടലിനോട് നോ പറഞ്ഞിരുന്നില്ല.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാണ് മലയാള സിനിമയ്ക്കും തിരിച്ചടിയായത്. പ്രാദേശികമായി ആരംഭിച്ച ഒ.ടി.ടി കമ്പനികള്‍ പലതും പൂട്ടിപ്പോയി. കോവിഡിന്റെ തുടക്കത്തില്‍ ആരംഭിച്ചതായിരുന്നു ഇത്തരം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. കാര്യമായ സാമ്പത്തികനേട്ടം ഇല്ലാതായതോടെ മലയാള സിനിമകള്‍ വാങ്ങുന്നത് വന്‍കിട ഒ.ടി.ടി കമ്പനികള്‍ നിജപ്പെടുത്തുകയും ചെയ്തു. ഹോട്ട്‌സ്റ്റാര്‍, സോണി ലിവ്, ജിയോ സിനിമ തുടങ്ങിയ കമ്പനികളെല്ലാം മലയാളം സിനിമകള്‍ക്കായി പണം മുടക്കുന്നത് കുറച്ചിരുന്നു.

ഒ.ടി.ടി കമ്പനികള്‍ നോ പറഞ്ഞതോടെ ഇപ്പോള്‍ ഒട്ടുമിക്ക സിനിമകളും യുട്യൂബിലേക്ക് എത്തുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 60ഓളം ചിത്രങ്ങളാണ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത്. ഒ.ടി.ടി റൈറ്റ്‌സിനെ അപേക്ഷിച്ച് നാമമാത്ര തുകയാണ് ലഭിക്കുന്നതെങ്കിലും കിട്ടുന്നതാകട്ടെയെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. രണ്ടു രീതിയിലാണ് യുട്യൂബ് അവകാശ വില്പന. ആദ്യത്തേത് നിശ്ചിത തുക കരാര്‍ ഉറപ്പിച്ച് സിനിമയുടെ ഡിജിറ്റല്‍ അവകാശം നല്‍കുന്നതാണ്. യുട്യൂബില്‍ മാത്രം അപ്‌ലോഡ് ചെയ്യാന്‍ മാത്രമാണ് അനുമതി.

രണ്ടാമത്തെ രീതി വരുമാനം പങ്കുവയ്ക്കുന്നതാണ്. യുട്യൂബില്‍ കാഴ്ച്ചക്കാരുടെ എണ്ണത്തിനാണ് പണം ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക നിര്‍മാതാവും യുട്യൂബ് അവകാശം വാങ്ങുന്ന കമ്പനിയും തമ്മില്‍ പങ്കുവയ്ക്കും. ഒട്ടുമിക്ക സിനിമകളുടെയും യുട്യൂബ് അവകാശം വില്‍ക്കുന്നത് ഈ രീതിയിലാണ്. അടുത്തിടെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം നല്ലരീതിയില്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കാന്‍ സാധിക്കുന്നുവെന്നാണ് സിനിമരംഗത്തുള്ളവര്‍ പറയുന്നത്.

തീയറ്ററില്‍ ഒരാഴ്ച പോലും തികച്ച് ഓടാതിരുന്ന ചിത്രങ്ങള്‍ യുട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിദേശ മലയാളികള്‍ ഉള്‍പ്പെടെ യുട്യൂബില്‍ സിനിമ കാണുന്നത് വരുമാനം വര്‍ധിപ്പിക്കുന്നുണ്ട്. യുട്യൂബില്‍ ഓരോ രാജ്യങ്ങളില്‍ നിന്നുള്ള കാഴ്ച്ചയ്ക്കും ലഭിക്കുന്ന വരുമാനം വ്യത്യസ്തമാണ്. യു.എസ്, യു.കെ, കാനഡ എന്നിവിടങ്ങളില്‍ നിന്ന് കാഴ്ച്ചക്കാര്‍ കൂടുതലായി വരുന്നത് സിനിമ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കും ഗുണകരമാണ്.

2025ല്‍ സിനിമ കുറയും

2024ല്‍ 200ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസായത്. മുടക്കുമുതല്‍ തിരിച്ചുപിടിച്ചത് വെറും 30 എണ്ണത്തില്‍ താഴെയും. ഏകദേശം 700 കോടി രൂപ ഇന്‍ഡസ്ട്രിക്ക് കഴിഞ്ഞ വര്‍ഷം നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. ഇത്തവണ സിനിമകളുടെ എണ്ണം 150ല്‍ കുറഞ്ഞാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സിനിമരംഗത്തുള്ളവര്‍ പറയുന്നു.

ഒ.ടി.ടി, സാറ്റ്‌ലൈറ്റ് വരുമാനം കുറഞ്ഞതും ഓവര്‍സീസ് അവകാശം വില്‍ക്കുന്നതില്‍ വലിയ ലാഭമില്ലാത്തതും സിനിമകളെ ബാധിക്കുന്നു. തീയറ്ററില്‍ നിന്ന് മാത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. തീയറ്ററിലെത്തി സിനിമ കാണുന്നവരാകട്ടെ കൂടുതല്‍ സെലക്ടീവായതും തിരിച്ചടിയായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com