ഖുമൈനി എവിടെ? പുറത്തു വന്നാല്‍ തട്ടിക്കളയാന്‍ തക്കം പാര്‍ത്ത് ഇസ്രായേല്‍, രഹസ്യ കേന്ദ്രം കണ്ടെത്താന്‍ മൊസാദിനും കഴിയുന്നില്ല, ഇറാന്‍ ഭരണാധികാരിയുടെ പിന്‍ഗാമി ആര്?

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും വധിച്ച ഇസ്രയേല്‍ ഖുമൈനിയെയും ലക്ഷ്യം വെക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു
Iranian Supreme Leader Ayathulla Khamenei
X.com /Khamenei.ir
Published on

ഇസ്രയേലുമായി നീണ്ടുനിന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനി കഴിഞ്ഞ ദിവസം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. യു.എസ് ആക്രമണത്തില്‍ രാജ്യത്തെ ആണവകേന്ദ്രങ്ങള്‍ക്ക് നാശമുണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചതായും പ്രഖ്യാപിച്ചു. ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കുന്നതിന് മുമ്പ് രക്ഷകനായി അമേരിക്ക അവതരിച്ചതാണ്. അമേരിക്കയുടെ മുഖത്തേറ്റ അടിയാണിത്. യു.എസ് ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശമുണ്ടായിട്ടില്ലെന്നും അദ്ദേഹം ടെലിവിഷന്‍ സന്ദേശത്തില്‍ അവകാശപ്പെട്ടു.

ഇറാനെതിരെ ഇസ്രയേല്‍ സൈനിക നടപടി തുടങ്ങിയതിന് ശേഷം ഖുമൈനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും വധിച്ച ഇസ്രയേല്‍ ഖുമൈനിയെയും ലക്ഷ്യം വെക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ചാണ് ഇറാന്‍ ഇതിന് പകരംവീട്ടിയത്. ഇതോടെ രംഗത്തിറങ്ങിയ യു.എസ് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു. 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും നിരവധി ടോംഹോക്ക് മിസൈലുകളും ഉപയോഗിച്ച് മൂന്ന് ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് യു.എസ് പറയുന്നത്. ഇതിന് പകരമായി സുഹൃദ് രാജ്യമായ ഖത്തറിലെ യു.എസ് ബേസിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇരുരാജ്യങ്ങളും വെടിനിറുത്തല്‍ കരാറില്‍ ഒപ്പിട്ടതായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.

ലോകത്തെ മുള്‍മുനയില്‍ നിറുത്തിയ യുദ്ധത്തില്‍ ഇറാനില്‍ 627 പേര്‍ കൊല്ലപ്പെടുകയും 5,000 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഖുമൈനി എവിടെ?

പതിവ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യമാണ് ഖുമൈനിയുടെ പേരില്‍ കഴിഞ്ഞ ദിവസം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതെവിടെയാണ് ചിത്രീകരിച്ചതെന്ന കാര്യം വ്യക്തമല്ല. ഖുമൈനി തന്റെ കുടുംബത്തോടൊപ്പം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ കീഴിലുള്ള വലിയെ അമര്‍ (vali ye amr) സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ സുരക്ഷയിലാണ് ഇവര്‍ ഒളിവില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ട് തുടരുന്നു. ആഭ്യന്തര കാര്യങ്ങള്‍ ഖുമൈനിയെ കൃത്യമായി അറിയിക്കാനായി മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഖുമൈനിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ഇറാനില്‍ നടക്കുന്നതായാണ് വിവരം. 86 കാരനായ ഖുമൈനിയുടെ മരണം സംഭവിച്ചാല്‍ ഒട്ടുംവൈകാതെ അടുത്ത പരമോന്നത നേതാവിനെ പ്രഖ്യാപിച്ച് ഭരണത്തുടര്‍ച്ച ഒഴിവാക്കാനാണ് ഇറാന്റെ ശ്രമം.

പവര്‍ഫുള്‍ ലീഡര്‍, താമസം ഭൂഗര്‍ഭ അറയില്‍

രാജ്യത്തിന്റെ പ്രധാന കാര്യങ്ങളില്ലെല്ലാം തീരുമാനമെടുക്കാനുള്ള അവസാന വാക്ക് ഖുമൈനിയുടേതാണ്. ഖത്തറിലെ യു.എസ് കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്താനും ഇസ്രയേലുമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കാനും തീരുമാനമെടുത്തത് സായുധ സേനയുടെ കമാണ്ടര്‍ ഇന്‍ ചീഫെന്ന നിലയില്‍ ഖുമൈനിയാണ്. വധിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ എല്ലാ ഇലക്ട്രോണിക് ആശയ വിനിമയ ഉപാധികളും ഒഴിവാക്കി ഭൂഗര്‍ഭ അറകളില്‍ ഒളിച്ചുകഴിയുകയാണ് ഖുമൈനി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം പോലും വിശ്വസ്തരെ ഉപയോഗിച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഖുമൈനിയെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭീഷണിപ്പെടുത്തിയിരുന്നു. പൊതുവേദിയിലെത്തിയാല്‍ വകവരുത്തുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് അടക്കമുള്ളവര്‍ പറയുന്നത്. ഖുമൈനിക്ക് നേരെയുള്ള ആക്രമണ സാധ്യത യു.എസും തള്ളുന്നില്ല.

ആരാകും ഖുമൈനിയുടെ പിന്‍ഗാമി

ഖുമൈനി രണ്ട് വര്‍ഷം മുമ്പ് ചുമതലപ്പെടുത്തിയ ഇറാനിലെ മൂന്ന് പണ്ഡിതന്മാര്‍ അടങ്ങുന്ന സമിതി ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 1989ലാണ് അലി ഹസന്‍ ഖുമൈനിയെന്ന ആയത്തുള്ള അലി ഖുമൈനി ഇറാന്റെ പരമോന്നത നേതാവാകുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാഷ്ട്രത്തലവന്മാരില്‍ ഒരാളുമാണ് ഖുമൈനി. എന്നാല്‍ ആരാകും അടുത്ത പരമോന്നത നേതാവ് എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. ആരോഗ്യപ്രശ്‌നങ്ങളും സുരക്ഷാ ഭീഷണിയും കാരണം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ ഖുമൈനിക്ക് എത്രകാലം ഇറാന്റെ പരമോന്നത നേതാവായി തുടരാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

Ayatollah Ali Khamenei resurfaced in a prerecorded video on June 26, marking his first public communication since entering hiding on June 13, but his exact location—likely a deep bunker in Tehran—remains undisclosed amid succession planning and ongoing threats.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com