
യൂറോപ്യന്‍ രാജ്യങ്ങളിലും യു.എസിലും പ്രചാരത്തിലുള്ളതാണ് വിസ്‌കി ടൂറിസം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിസ്‌കി നിര്‍മിക്കുന്ന കേന്ദ്രങ്ങളില്‍ പോയി നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരിട്ട് കാണുകയും ഇവ രുചിച്ചു നോക്കുകയും ചെയ്യുന്നതാണ് വിസ്‌കി ടൂര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വലിയ ഡിമാന്‍ഡ് ആണുള്ളത്.
യൂറോപ്യന്‍ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും ഇത്തരത്തിലുള്ള വിസ്‌കി ടൂറിസത്തിന് പ്രചാരമേറുന്നുവന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവയില്‍ ഇത്തരത്തില്‍ വിസ്‌കി നിര്‍മാണ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിരവധി പേരാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ നിര്‍മിത വിസ്‌കിക്ക് ആഗോള തലത്തില്‍ കൂടുതല്‍ മുന്നേറ്റം കാഴ്ച്ചവയ്ക്കാനായത് ടൂറിസത്തിനും ഗുണം ചെയ്യുന്നുണ്ട്.
സന്ദര്‍ശകര്‍ക്ക് വിസ്‌കി നിര്‍മ്മാണപ്രക്രിയ നേരില്‍ കാണാനും ഓരോ ഘട്ടങ്ങളും മനസിലാക്കാനും അവസരമുണ്ട്. മദ്യ നിര്‍മാണത്തിനൊപ്പം മറ്റു രീതിയിലും വരുമാനം നേടാന്‍ കമ്പനികള്‍ക്കു ഇതുവഴി സാധിക്കുന്നു.
ഗോവയിലെ നിരവധി ഡിസ്റ്റിലറികള്‍ ഇപ്പോള്‍ സന്ദര്‍ശക സെന്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളില്‍ വിസ്‌കി നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും വിശദമായി കാണിക്കാറുണ്ട്. വിസ്‌കി ടൂറിസത്തിന്റെ ഭാഗമായി ഇവ രുചിച്ചു നോക്കാനും അവസരമുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഇതിന് അനുമതിയുള്ളത്.
ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യയുടെ വിസ്‌കി മാര്‍ക്കറ്റ് വളരുകയാണ്. 2024ല്‍ 260.07 മില്യണ്‍ കുപ്പി വിസ്‌കിയാണ് രാജ്യത്ത് വിറ്റത്. 2034ഓടെ ഇത് 502 മില്യണ്‍ കെയ്‌സ് ആകുമെന്നാണ് വിലയിരുത്തല്‍. മധ്യവര്‍ഗത്തിന്റെ വരുമാനം വര്‍ധിക്കുന്നതും നഗരവല്‍ക്കരണം വേഗത്തിലാകുന്നതും വിസ്‌കി ഉപയോഗം വര്‍ധിപ്പിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine