കരാര്‍ രേഖകളില്‍ അമേരിക്കയുടെ വെട്ടിത്തിരുത്തല്‍, 'പ്രതിബദ്ധത' വഴിമാറി 'താല്‍പര്യം' മാത്രമാകുമ്പോള്‍ എന്തു സംഭവിക്കും?

'commit' എന്നതില്‍നിന്ന് 'intend' എന്നിലേക്കുള്ള മാറ്റം കരാറിന്റെ ബാധ്യതകള്‍ കുറയ്ക്കുന്ന സൂചനയാണെന്ന് ചിലര്‍ വിലയിരുത്തുന്നു
modi and trump
narendra modi and donald trump
Published on

ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനെ കുറിച്ച് ഫെബ്രുവരി 9ന് പുറത്തിറക്കിയ ഫാക്ട് ഷീറ്റ് വൈറ്റ് ഹൗസ് 24 മണിക്കൂറിനുള്ളില്‍ തിരുത്തി. ചില പ്രധാന വാചകങ്ങള്‍ മയപ്പെടുത്തി. ചില ഉല്‍പ്പന്നങ്ങളെക്കുറിച്ച പ്രത്യേക പരാമര്‍ശങ്ങള്‍ നീക്കി. ഡിജിറ്റല്‍ നികുതി സംബന്ധിച്ച സൂചനകളും ലഘുവാക്കി. ഇതേക്കുറിച്ച് രണ്ടു രാജ്യങ്ങളിലും ചര്‍ച്ച സജീവം.

ഭാഷയിലെ സൂക്ഷ്മ മാറ്റം

യുഎസില്‍നിന്ന് ഊര്‍ജ്ജം, ടെക്നോളജി തുടങ്ങി 500 ബില്യണ്‍ ഡോളറിന്റെ വിവിധ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രതിബദ്ധത ആദ്യം യു.എസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് Commit എന്നതില്‍ നിന്ന് 'intends to buy' എന്നാക്കി. അഥവാ, ഉറപ്പുള്ള വാഗ്ദാനം കൈവിട്ടു; താല്‍പര്യ പ്രകടനം മാത്രമായി.

കൃഷി ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന ചില പയറുവര്‍ഗങ്ങള്‍ എന്ന പരാമര്‍ശവും മാറ്റി. കുരുക്കള്‍, സോയാബീന്‍ ഓയില്‍ തുടങ്ങിയവ നിലനിര്‍ത്തിയെങ്കിലും പയറുവര്‍ഗങ്ങള്‍ (certain pulses) ഒഴിവാക്കിയത് ശ്രദ്ധേയം. ഇന്ത്യക്ക് കര്‍ഷക മേഖല രാഷ്ട്രീയമായി സൂക്ഷ്മത വേണ്ട വിഷയമാണെന്ന കാര്യം പരിഗണിച്ചുള്ളതാകാം മാറ്റമെന്നാണ് പറയുന്നത്.

ആദ്യം ഇന്ത്യ ഡിജിറ്റല്‍ സര്‍വീസ് നികുതി നീക്കും എന്ന സൂചന ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. Robust bilateral digital trade rules എന്ന പൊതുവായ പരാമര്‍ശത്തിലേക്കാണ് അത് മാറിയത്. അതായത്, വ്യക്തമായ നികുതി ഇളവിന് പകരം ചര്‍ച്ചകള്‍ക്ക് പ്രതിബദ്ധത മാത്രം.

ഇടക്കാല കരാറിന്റെ പശ്ചാത്തലം

ഡൊണള്‍ഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇടക്കാല വ്യാപാര ചട്ടക്കൂട് രൂപപ്പെട്ടത്. 2025ല്‍ ഉയര്‍ന്നിരുന്ന പരസ്പര തീരുവ പ്രശ്‌നങ്ങള്‍ക്കു ശേഷം യുഎസ് ഇന്ത്യന്‍ കയറ്റുമതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന 'reciprocal tariffs' കുറയ്ക്കുന്നതും ഇന്ത്യ ചില വ്യാവസായിക-കൃഷി ഉല്‍പ്പന്നങ്ങളില്‍ തീരുവ ഇളവ് പരിഗണിക്കുന്നതുമാണ് പ്രധാന ഘടകങ്ങള്‍. സമഗ്ര ഉഭയകക്ഷി വ്യാപാര കരാര്‍ (BTA) ലക്ഷ്യമിട്ട് ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം.

ഫാക്ട് ഷീറ്റില്‍ ഭാഷ മയപ്പെടുത്തിയത് ഇന്ത്യയിലും യുഎസിലും രാഷ്ട്രീയ-വ്യാപാര നിരീക്ഷകരുടെ ശ്രദ്ധ നേടി. 'commit' എന്നതില്‍നിന്ന് 'intend' എന്നിലേക്കുള്ള മാറ്റം കരാറിന്റെ ബാധ്യതകള്‍ കുറയ്ക്കുന്ന സൂചനയാണെന്ന് ചിലര്‍ വിലയിരുത്തുന്നു. പയറുവര്‍ഗങ്ങള്‍ നീക്കിയത് ഇന്ത്യന്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിച്ചാകാമെന്ന വിലയിരുത്തലും ഉണ്ട്. ഡിജിറ്റല്‍ നികുതി വിഷയത്തില്‍ വ്യക്തത കുറയുന്നത് ടെക് മേഖലയ്ക്ക് പ്രധാനപ്പെട്ട ചോദ്യമായി തുടരുന്നു.

ഇനി എന്ത്?

ഇടക്കാല കരാറിന്റെ വിശദാംശങ്ങള്‍ അന്തിമരൂപം നല്‍കുന്നതിനും സമഗ്ര BTA ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്നതിനുമായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ തുടരുന്നു. തീരുവ പട്ടിക, കൃഷി ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ വ്യാപാര ചട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അന്തിമ ധാരണയാകുന്നതു വരെ ഭാഷയിലെ ഇത്തരം മാറ്റങ്ങള്‍ കൂടുതലായി കടന്നു വന്നേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com