ലോകാരോഗ്യ സംഘടനയക്ക് പിന്നാലെ കൊവാക്‌സിനെ അംഗീകരിച്ച് അമേരിക്ക

കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ അനുമതി നല്‍കി അമേരിക്ക. നവംബര്‍ എട്ടുമുതല്‍ കൊവാക്‌സിന്റെ രണ്ടുഡോസ് സ്വീകരിച്ചവര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.

പല രാജ്യങ്ങളുടെയും അംഗീകാരം ലഭിക്കാത്തതിനാല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവരുടെ വിദേശ യാത്രകള്‍ പ്രതിസന്ധിയിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് നാട്ടിലെത്തിയ, കൊവാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും മടങ്ങിപ്പോകാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ് ഉണ്ടായിരുന്നത്. ലോകാരോഗ്യ സംഘടനയുടെയും ഇപ്പോള്‍ അമേരിക്കയുടെയും അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ ആശങ്കകള്‍ക്കാണ് പരിഹാരമായിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്ന കൂടുതല്‍ രാജ്യങ്ങള്‍ വാക്‌സിന് അംഗീകാരം നല്‍കിയേക്കും. മാത്രമല്ല നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് കൂടുതല്‍ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാനും സാധിക്കും.
നവംബര്‍ ഒന്നിന് ഓസ്‌ട്രേലിയയും കൊവാക്‌സിന് അംഗീകാരം നല്‍കിയിരുന്നു.സിംബാബ്വെ, എസ്‌തോണിയ, ഗ്രീസ്, ശ്രീലങ്ക, ഇറാന്‍, മെക്‌സിക്കോ, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ഒമാന്‍, മൗറീഷ്യസ് തുടങ്ങിയവരും കൊവാക്‌സിന് അംഗീകാരം നല്‍കിയ രാജ്യങ്ങളാണ്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന ഏഴാമത്തെ വാക്‌സിനാണ് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍. ലക്ഷണങ്ങളുള്ള കൊവിഡിനെതിരെ 77.8 ശതമാനവും ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനവും ഫലപ്രാപ്തിയാണ് കൊവാക്‌സിന് ഉള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it