
ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന ആശ്വാസ വാര്‍ത്ത വരുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളുണ്ട്. ഇരുരാജ്യങ്ങളും യുദ്ധത്തില്‍ നിന്ന് പിന്‍വലിയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? ആരാണ് ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്?. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തലിനെ കുറിച്ച് ആദ്യം തന്നെ പ്രസ്താവന നടത്തി. സൗദി സര്‍ക്കാരിന്റെ നേതൃത്വത്തിലും രണ്ടു ദിവസമായി അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്.
അപ്പോഴും ഇന്ത്യയെയും പാക്കിസ്ഥാനെയും സമാധാനത്തിന്റെ വഴിയിലേക്കെത്തിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത് ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരിലൂടെയാണ്. ഡയരക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് (DGMO) നടത്തിയ ചര്‍ച്ചകളാണ് വെടിനിര്‍ത്തലിലേക്ക് എത്തിച്ചതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ഇന്ത്യന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലഫ്റ്റ്‌നന്റ് ജനറല്‍ രാജീവ് ഗായ് ആണ് ഇന്ത്യയുടെ ഡിജിഎംഒ. പാക്കിസ്ഥാന് വേണ്ടി ആ പദവിയില്‍ ഉള്ളത് മേജര്‍ ജനറല്‍ ഖാസിഫ് അബ്ദുള്ളയും.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ പ്രതിരോധ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ഡിജിഎംഒയുടെ ദൗത്യം. യുദ്ധം നടക്കുമ്പോഴും ഇരു രാജ്യങ്ങളുടെയും ഡിജിഎംഒ പദവിയില്‍ ഉള്ളവര്‍ മറ്റു രാജ്യങ്ങളിലെ ഡിജിഎംഒ മാരുമായി ചര്‍ച്ചകള്‍ നടത്തും. സൈനിക ഓപ്പറേഷനുകള്‍, കലാപം നിയന്ത്രിക്കല്‍, സമാധാനം പുനസ്ഥാപിക്കല്‍ തുടങ്ങിയ ഉത്തവരാദിത്വങ്ങളും ഈ പദവിയിലുള്ളവര്‍ വഹിക്കുന്നുണ്ട്. ഇന്ത്യയില്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ്, ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവക്കിടയില്‍ പരസ്പരം ബന്ധപ്പെടുത്തുന്ന ഘടകമായും പ്രവര്‍ത്തിക്കുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, വെടിനിര്‍ത്തല്‍ എന്നിവ പരിഗണിക്കുന്നതിലും പ്രധാന പങ്കുണ്ട്.
സംഘര്‍ഷ സമയങ്ങളില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒ മാര്‍ ഹോട്ട്‌ലൈന്‍ മുഖേന ബന്ധപ്പെട്ട് സമാധാനത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാറുണ്ട്.
രണ്ടു രാജ്യങ്ങളുടെ സൈന്യങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന നിര്‍ണായക പങ്ക് ഡിജിഎംഒക്കുണ്ട്. സംഘര്‍ഷ സമയങ്ങളില്‍ ഇരുരാജ്യങ്ങളും അവരുടെ ആവശ്യങ്ങളും ആശങ്കകളും പരിഹാരമാര്‍ഗങ്ങളും പരസ്പരം കൈമാറുന്നത് ഈ ഉന്നത ഉദ്യോഗസ്ഥരിലൂടെയാണ്. ഇന്ത്യയില്‍ ഡിജിഎംഒ പദവിയിലുള്ളവര്‍ ആര്‍മി ചീഫിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉന്നത സര്‍ക്കാര്‍ തലങ്ങളിലേക്ക് ബന്ധപ്പെടുന്നതിനും ഈ പദവിയിലുള്ള ഉദ്യോഗസ്ഥന് അനുമതിയുണ്ട്
ഇന്ന് വൈകീട്ട് പാക്കിസ്ഥാന്‍ ഡിജിഎംഒ ഇന്ത്യയിലേക്ക് ഹോട്ട്‌ലൈനില്‍ വിളിച്ചതോടെയാണ് വെടിനിര്‍ത്തലിന് വഴിയൊരുങ്ങിയത്. ഇന്ത്യന്‍ ഉദ്യോഗസ്ഥനായ രാജീവ് ഗായിയെ വിളിച്ച് സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയായിരുന്നു. സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. അതേസമയം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇരു രാജ്യങ്ങളുടെയും വിദേശ കാര്യവകുപ്പുമായി ചര്‍ച്ചകള്‍ നടത്തി വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine