ബിഹാര്‍ ഉന്നമിട്ട് ഹരിവന്‍ഷോ നിതീഷോ? അതോ തരൂരിന് നറുക്കുവീഴുമോ? പുതിയ ഉപരാഷ്ട്രപതിയായി ആരെത്തുമെന്നതില്‍ ആകാംക്ഷ

അപ്രതീക്ഷിത തീരുമാനങ്ങളെടുക്കുന്നതില്‍ വൈദഗ്ധ്യമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും ആരെ വാഴിക്കുമെന്ന ആകാംക്ഷ നിലനില്ക്കുന്നുണ്ട്
ബിഹാര്‍ ഉന്നമിട്ട് ഹരിവന്‍ഷോ നിതീഷോ? അതോ തരൂരിന് നറുക്കുവീഴുമോ? പുതിയ ഉപരാഷ്ട്രപതിയായി ആരെത്തുമെന്നതില്‍ ആകാംക്ഷ
Published on

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദം അപ്രതീക്ഷിതമായി രാജിവച്ചതോടെ പകരക്കാരനായുള്ള ചര്‍ച്ചകള്‍ സജീവം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ധന്‍കര്‍ പദവി വിട്ടൊഴിഞ്ഞതെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുതല്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ പേര് വരെ നിയുക്ത ഉപരാാഷ്ട്രപതി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ധനകര്‍ ഏവരെയും ഞെട്ടിച്ച് രാജി പ്രഖ്യാപിച്ചത്. അടുത്തിടെ ഡല്‍ഹി എയിംസില്‍ ധന്‍കര്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ നിരന്തരം അലട്ടുന്നുണ്ട്. ഇതും രാജിയിലേക്ക് നയിക്കാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.

പുതിയ നിയോഗം ആര്‍ക്ക്?

ലോക്‌സഭയിലും രാജ്യസഭയിലും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് വലിയ ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് തന്നെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ ഭരണപക്ഷത്തിന് വലിയ തോതില്‍ വിയര്‍പ്പൊഴുക്കേണ്ടി വരില്ല. ധന്‍കറിന്റെ പകരക്കാരനിലേക്ക് പല പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

അപ്രതീക്ഷിത തീരുമാനങ്ങളെടുക്കുന്നതില്‍ വൈദഗ്ധ്യമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും ആരെ വാഴിക്കുമെന്ന ആകാംക്ഷ നിലനില്ക്കുന്നുണ്ട്. ബിഹാര്‍ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കുന്നുണ്ട്. അതുകൂടി മുന്നില്‍ കണ്ടുള്ള നീക്കമായിരിക്കും ബിജെപിയില്‍ നിന്നുണ്ടാകുക.

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനായ ഹരിവന്‍ഷ് നാരായണ്‍ സിംഗിന്റെ പേര് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മോദിക്കും അമിത് ഷായ്ക്കും ഉള്‍പ്പെടെ സ്വീകാര്യനുമാണ് ഈ 69കാരന്‍. മാധ്യമപ്രവര്‍ത്തന മേഖലയില്‍ നിന്നാണ് ഹരിവന്‍ഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2014 മുതല്‍ ജനതാദള്‍ യുണൈറ്റഡിന്റെ പ്രതിനിധിയായി രാജ്യസഭ അംഗമാണ്. 2018ല്‍ രാജ്യസഭ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു പേര് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേതാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് വിട്ടുകൊടുക്കുന്നതിന് പകരമായി ഉപരാഷ്ട്രപതി പദവി അദ്ദേഹം സ്വീകരിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചനകള്‍ പലപ്പോഴായി നിതീഷ് പങ്കുവച്ചിരുന്നു.

ശശി തരൂരിന്റെ പേരും അഭ്യൂഹങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് എംപിയാണെങ്കിലും തരൂരിന്റെ സഹവാസം ബിജെപിയുമായിട്ടാണെന്നാണ് വിമര്‍ശനങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ദൗത്യ സംഘത്തില്‍ തരൂര്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു. അഭ്യൂഹങ്ങളില്‍ വിശദീകരണം നല്കാന്‍ തരൂര്‍ തയാറായിട്ടുമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com