Begin typing your search above and press return to search.
ദുരൂഹ ഉടമ അറസ്റ്റില്‍, പിന്നാലെ ടെലഗ്രാമിന് ഇന്ത്യയില്‍ വിലക്ക്?
ടെലഗ്രാം സ്ഥാപകനും മേധാവിയുമായ പാവേല്‍ ദുരോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തതോടെ 39കാരനായ ഈ റഷ്യന്‍ ബിസിനസുകാരന്റെ ദുരൂഹ ജീവിതവും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയാണ്. മാധ്യമശ്രദ്ധയില്‍ വരാതിരിക്കാന്‍ പലപ്പോഴും ബോധപൂര്‍വം ശ്രമിച്ചിരുന്ന പാവേലിനെ 90 ദിവസത്തേക്കാണ് ഫ്രഞ്ച് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
അതേസമയം ഇന്ത്യയില്‍ ടെലഗ്രാമിനെ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ടെലഗ്രാം വ്യാപകമായ കുറ്റകൃത്യങ്ങളുടെ ഉറവിടമായി മാറിയിരിക്കുന്നു എന്ന പരാതിയിലാണ് നീക്കം. ചൂതാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ടെലിഗ്രാം വേദിയാവുന്നുണ്ട്. അന്വേഷണത്തില്‍ ഈ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ ഇന്ത്യയില്‍ ആപ്പ് നിരോധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, ഐ.ടി മന്ത്രാലയവും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യയില്‍ അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകളില്‍ ഒന്നാണിത്.
ആരാണ് ദുരോവ്
റഷ്യന്‍ വംശജനാണെങ്കിലും നിലവില്‍ ആ രാജ്യവുമായി ദുരോവിന് വലിയ അടുപ്പമൊന്നുമില്ല. പ്രതിപക്ഷത്തിന് ടെലഗ്രാമിലൂടെ സഹായം നല്‍കുന്നുവെന്നതിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കണ്ണിലെ കരടാണ് ഈ 39കാരന്‍. 2013ലാണ് സഹോദരന്‍ നിക്കോളയുമായി ചേര്‍ന്ന് ടെലഗ്രാമിന് തുടക്കമിടുന്നത്. ടെലഗ്രാമിന്റെ ഉപയോക്താക്കളുടെ എണ്ണം 100 കോടിക്ക് മുകളിലാണ്.
ടെലഗ്രാം തുടങ്ങും മുമ്പേ ദുരോവ് മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം സ്ഥാപിച്ചിരുന്നു. ഇത് വിറ്റിട്ടാണ് അദ്ദേഹം മോസ്‌കോ വിടുന്നത്. റഷ്യയില്‍ നിന്നാല്‍ ശിഷ്ടകാലം ജയിലറയ്ക്കുള്ളില്‍ കഴിയേണ്ടി വരുമെന്ന ഭീതിയാണ് ഫ്രാന്‍സിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചത്. ഫ്രഞ്ച് പൗരത്വം ഉണ്ടെങ്കിലും കേസുകള്‍ കുമിഞ്ഞു കൂടിയതോടെ ഏഷ്യയിലേക്ക് താവളം മാറ്റുകയായിരുന്നു.
ദുബൈയിലാണ് ടെലഗ്രാമിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. 12.99 ലക്ഷം കോടി രൂപയാണ് ദുരോവിന്റെ ആസ്തി. സിനിമ ഉള്‍പ്പെടെയുള്ള വിനോദ വ്യവസായത്തെ പിന്നോട്ടടിക്കുന്നതില്‍ ടെലഗ്രാമിനെതിരേ ലോകമെമ്പാടും നിരവധി കേസുകളാണുള്ളത്.
രണ്ട് ലക്ഷം അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകളെ ടെലഗ്രാം അനുവദിക്കുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ വ്യാജവിവരങ്ങളുടെ പ്രചാരണം വേഗത്തിലാക്കുമെന്നും, അംഗങ്ങള്‍ പലതരം ഗൂഢാലോചനകള്‍ക്ക് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവും ടെലഗ്രാമിനെതിരേയുണ്ട്. അടുത്തിടെ യു.കെയില്‍ ഉണ്ടായ കുടിയേറ്റ വിരുദ്ധ കലാപത്തിന് വിത്തുപാകിയത് ടെലഗ്രാം വഴിയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
Next Story
Videos