

കേന്ദ്രമന്ത്രിസഭ അഴിച്ചുപണി അടുത്തയാഴ്ച്ച നടന്നേക്കുമെന്ന് സൂചന. നീറ്റ് പരീക്ഷ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രീതിക്ക് കാരണമായ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് സ്ഥാനം നഷ്ടമായേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു.
പുനഃസംഘടനയില്‍ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ വകുപ്പുമാറ്റമാകും. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ധനകാര്യത്തിന്റെ ചുമതലയേല്പ്പിക്കാന്‍ മോദിക്ക് താല്പര്യമുണ്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 മുതല്‍ 2024 വരെ ആര്‍ബിഐ ഗവര്‍ണറായിരുന്ന ദാസ്, പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തരില്‍ ഒരാളാണ്. റിസര്‍ ബാങ്കില്‍ നിന്ന് സ്ഥാനമൊഴിഞ്ഞ ശേഷം പതിനഞ്ചാമത് ഫിനാന്‍സ് കമ്മീഷന്‍ അംഗമായും ഇന്ത്യയുടെ ജി20 ഷേര്‍പ്പയായും അദ്ദേഹത്തെ നിയോഗിച്ചിരുന്നു.
ധനകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ എട്ട് കേന്ദ്ര ബജറ്റുകള്‍ തയാറാക്കാന്‍ ദാസിന്റെ പങ്കാളിത്തമുണ്ടായിരുന്നു. സാമ്പത്തിക നയരൂപീകരണത്തിലും രാജ്യത്തെ സാമ്പത്തിക അവസ്ഥകളിലും കൃത്യമായ അറിവുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. പശ്ചിമേഷ്യന്‍ സംഘര്‍ഷവും മണ്‍സൂണ്‍ മഴയുടെ കുറവും അടക്കം വലിയ വെല്ലുവിളികള്‍ക്കിടയില്‍ തികഞ്ഞ ബ്യൂറോക്രാറ്റിനെ ഖജനാവിന്റെ ചുമതലയേല്പിക്കാന്‍ മോദി തീരുമാനിക്കുമെന്നാണ് വിവരം.
കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനത്ത് മാറ്റമുണ്ടാകില്ല. അതേസമയം, അദ്ദേഹത്തിന്റെ മന്ത്രാലയ സീനിയറായ ഹര്‍ദീപ് പുരിക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കും. പെട്രോളിയം മന്ത്രാലയത്തിലേക്ക് മറ്റൊരു സിഖ് മുഖത്തെ എത്തിക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിന് പുനഃസംഘടനയില്‍ കൂടുതല്‍ സ്ഥാനം കിട്ടിയേക്കും.
ആംആദ്മി പാര്‍ട്ടി പിളര്‍ത്തി ബിജെപിയില്‍ ചേര്‍ന്ന രാഘവ് ചദ്ദയ്ക്കും മന്ത്രിസഭയില്‍ ഇടംലഭിച്ചേക്കും. പഞ്ചാബില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ചദ്ദ. നിര്‍മല സീതാരാമനെ മാനുഷിക വിഭവശേഷി മന്ത്രാലയത്തിലേക്ക് മാറ്റിയേക്കും. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മന്ത്രിസഭയിലെത്തും.
ശിവസേന എക്‌നാഥ് ഷിന്‍ഡെ നേതാവ് ശ്രീകാന്ത് ഷിന്‍ഡെയും കേന്ദ്രമന്ത്രിയായേക്കും. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ സുകേന്ദു ശേഖര്‍ റായും മന്ത്രിയാകാന്‍ സാധ്യതയുണ്ട്. അടുത്ത വര്‍ഷം നിര്‍ണായക തിരഞ്ഞെടുപ്പിനെ നേരിടുന്ന ഉത്തര്‍പ്രദേശിന് കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ കിട്ടുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് മറ്റാര്‍ക്കും മന്ത്രിസ്ഥാനം നല്കിയേക്കില്ല.
Read DhanamOnline in English
Subscribe to Dhanam Magazine