മുംബൈയേക്കാള്‍ മൂന്നിരട്ടി വലുപ്പം, വരുന്നത് സ്വപ്‌നനഗരം; മഹാരാഷ്ട്ര വിഭാവനം ചെയ്യുന്ന നയ്‌ന സിറ്റി എന്താണ്?

താനെ ജില്ലയിലെ 14 ഗ്രാമങ്ങളും റായ്ഗഡ് ജില്ലയിലെ 256 ഗ്രാമങ്ങളും ഉള്‍പ്പെടെ 1.3 ലക്ഷം ഏക്കറിലാണ് പുതിയ സിറ്റി വരുന്നത്
മുംബൈയേക്കാള്‍ മൂന്നിരട്ടി വലുപ്പം, വരുന്നത് സ്വപ്‌നനഗരം; മഹാരാഷ്ട്ര വിഭാവനം ചെയ്യുന്ന നയ്‌ന സിറ്റി എന്താണ്?
Published on

ഇന്ത്യയുടെ വാണിജ്യ നഗരമായ മുംബൈയ്ക്ക് സമീപം മറ്റൊരു വമ്പന്‍ സിറ്റി. അതും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അത്യാധുനിക നഗരം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് ഇത്തരമൊരു നഗരത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കുറച്ചു കാലങ്ങളായി ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും കാര്യമായ പുരോഗതിയും ഉണ്ടായിരുന്നില്ല.

നവി മുംബൈ എയര്‍പോര്‍ട്ട് ഇന്‍ഫ്‌ളൂവന്‍സ് നോട്ടിഫൈഡ് ഏരിയ എന്നതിന്റെ ചുരുക്കപ്പേരായ നയ്‌ന എന്നാകും ഈ പുതിയ മഹാനഗരം അറിയപ്പെടുക. താനെ ജില്ലയിലെ 14 ഗ്രാമങ്ങളും റായ്ഗഡ് ജില്ലയിലെ 256 ഗ്രാമങ്ങളും ഉള്‍പ്പെടെ 1.3 ലക്ഷം ഏക്കറിലാണ് പുതിയ സിറ്റി വരുന്നത്.

2013ലാണ് നൈന പദ്ധതിക്കായി സര്‍ക്കാര്‍ സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രീയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് മഹാരാഷ്ട്ര ലിമിറ്റഡിനെ ചുമതലപ്പെടുത്തുന്നത്. പിന്നീട് മന്ദഗതിയിലായിരുന്നു പദ്ധതിയുടെ മുന്നോട്ടുപോക്ക്.

മുംബൈയിലെ പുതിയ വിമാനത്താവളമായ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്നാണ് നൈന സിറ്റി വരുന്നത്. ബാന്ദ്ര കുര്‍ള പ്രദേശത്തു നിന്ന് 25 മിനിറ്റ് കൊണ്ട് റോഡ് മാര്‍ഗം ഈ പുതിയ നഗരത്തിലേക്ക് എത്താം. പുതിയ നഗരം വന്നാലും മുംബൈ അതിന്റെ പഴയ പ്രതാപത്തോടു കുടി നിലനില്‍ക്കുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് പറയുന്നത്. മഹാരാഷ്ടയുടെ ബിസിനസ് തലസ്ഥാനം എന്നും മുംബൈ തന്നെയാകും. പുതിയ സിറ്റി കൂടുതല്‍ വലിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതാകും.

ഭാവിയുടെ നഗരം

മുമ്പ് ഐ.ടി കമ്പനികള്‍ കൂടുതലായും മുംബൈയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ബെംഗളൂരുവും ഹൈദരാബാദും ഉയര്‍ന്നു വന്നതോടെ മുംബൈയുടെ ഐ.ടി പ്രതാപം മങ്ങി. പുതിയ നഗരത്തില്‍ ഐ.ടി അധിഷ്ടിത സംരംഭങ്ങള്‍ക്കായി വലിയ ഭാഗം മാറ്റിവയ്ക്കും.

മുംബൈയുടെ കുത്തൊഴുക്കിനെ കുറയ്ക്കും - മുംബൈയില്‍ വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്ന ജനസംഖ്യയുടെ വര്‍ധന, തൊഴില്‍ സാധ്യതകള്‍ എന്നിവ നിലനിര്‍ത്താനായി നഗരം വികസിക്കേണ്ടത് ആവശ്യമാണ്. മുംബൈയെ അതേപടി നിലനിര്‍ത്തി പുതിയ കാലത്തിന്റെ ആവശ്യകതകള്‍ക്ക് പുതിയ സിറ്റി സൃഷ്ടിക്കുന്നതിലൂടെ സാധിക്കും.

വ്യാപാര ആകര്‍ഷണകേന്ദ്രം - രാജ്യത്തെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളിലൊന്നായി മാറാനാണ് നയ്‌ന സിറ്റിയെ ലക്ഷ്യമിടുന്നത്.

സുസ്ഥിര വികസനം - സ്മാര്‍ട്ട് സിറ്റി ആശയത്തിന്റെ ഭാഗമായ ഈ പദ്ധതിയിലൂടെ പരിസ്ഥിതിയോട് സൗഹൃദപരമായ നഗരവികസനം നടപ്പാക്കും.

അന്താരാഷ്ട്ര തലത്തില്‍ ഇടം പിടിക്കാന്‍ - ലോകോത്തര സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നയ്‌നയെ ഒരു അന്താരാഷ്ട്ര ബിസിനസ് ഹബ്ബാക്കാന്‍ പദ്ധതിയിടുന്നു.

എതിര്‍പ്പുകളും ശക്തം

പദ്ധതി ഇതുവരെ വലിയ തോതില്‍ മുന്നോട്ടു പോകാത്തതിന് പലവിധ കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടാണ്. പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്ഥലം മിക്കതും കര്‍ഷകരുടെ കൈയിലാണ്. തങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാതെ സ്ഥലം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com