

കേരളത്തില്‍ അടുത്തിടെ ലഭിക്കുന്ന മത്തിക്ക് വലുപ്പം ഇല്ലാത്തതിന്റെ കാരണം തേടി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ). മത്തിയുടെ വലുപ്പം കുറഞ്ഞതില്‍ കാലാവസ്ഥ മാറ്റം ഉള്‍പ്പെടെ സ്വാധീനിച്ചോയെന്ന സംശയത്തിലാണ് പഠനം നടത്തുന്നത്.
സാധാരണ രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിയുമ്പോള്‍ മത്തിയുടെ വലിപ്പം കൂടാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി കുഞ്ഞന്‍ മത്തിയാണ് കേരള തീരത്തു നിന്ന് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിഎംഎഫ്ആര്‍ഐ പഠനം തുടങ്ങിയത്. മൂന്നാഴ്ചയ്ക്കകം പഠന റിപ്പോര്‍ട്ട് പുറത്തുവിടും.
മുമ്പും മത്തിയുടെ വലുപ്പക്കുറവ് ഉണ്ടായിട്ടുണ്ട്. 1940 കളില്‍ ബ്രിട്ടീഷുകാരുടെ ഭരണ കാലത്തു തന്നെ മത്തിയുടെ അളവ് കുറഞ്ഞുവരുന്ന വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതികവും മത്സ്യമേഖലയിലെ പ്രശ്നങ്ങളും മത്തിയുടെ ലഭ്യതക്കുറവിനും വലുപ്പക്കുറവിനും കാരണമായിട്ടുണ്ടെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറയുന്നു.
തീരപ്രദേശത്തോട് ചേര്‍ന്നുള്ള മേഖലയിലാണ് മത്തിയുടെ സാന്നിധ്യം കൂടുതലുള്ളത്. കഴിഞ്ഞ ആറു മാസമായി മധ്യ കേരളത്തില്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍ ഏകദേശം 14 മുതല്‍ 18 സെന്റി മീറ്റര്‍ വരേയും, എറണാകുളം മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളില്‍ ഏകദേശം 12 മുതല്‍ 14 സെന്റി മീറ്റര്‍ വരെയുമാണ് ഇപ്പോള്‍ ലഭിക്കുന്ന മത്തിയുടെ വലിപ്പം. രാജ്യത്ത് മത്തിയുടെ ശരാശരി നീളം 20 സെന്റിമീറ്ററാണ്.
അടുത്ത കാലങ്ങളിലായി സമുദ്രോപരിതലത്തിലെ താപത്തിന് വര്‍ധനയുണ്ടായിട്ടുണ്ട്. ഉപരിതല താപം അടിത്തട്ടിലേക്കും വര്‍ധിച്ചിട്ടുണ്ട്. മത്തി ഉപരിതല മത്സ്യമായിട്ടാണ് കണക്കാക്കുന്നത്. ഉപരിതല ഊഷ്മാവിലെ വ്യത്യാസങ്ങള്‍ മത്തിയുടെ പ്രജനന പ്രക്രിയയെയും കാര്യമായി ബാധിക്കും. പ്രജനന പ്രക്രിയ ശക്തമാകുന്നത് കാലവര്‍ഷത്തിന്റെ വരവോടെയാണ്.
2023 ഒക്ടോബര്‍ മുതല്‍ 2024 ഏപ്രില്‍വരെ ചൂടേറിയ കാലമായിരുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം പ്രജനനസമയം നീണ്ടുപോകാന്‍ കാരണമാകാം. ആ ചൂട് വലിയ മത്തികളെ ബാധിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സി്ലിക്കാ ആവരണമുള്ള ഡയാറ്റം ബ്ലൂംസ്, സൂ പ്ലാംഗ്ടന്‍, ചെമ്മീന്‍ ലാര്‍വകള്‍, മത്സ്യ മുട്ടകള്‍, ആല്‍ഗകള്‍, ജീര്‍ണിച്ച സസ്യാവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് മത്തിയുടെ ആഹാരം. ഇവയുടെ ലഭ്യത കുറവും മത്തിയുടെ വലുപ്പം കുറയാന്‍ കാരണമായി.
2012ല്‍ 3,99,786 ടണ്‍ മത്തി ലഭിച്ചിരുന്നത് 2021ല്‍ 3,297 ടണ്‍ മാത്രമായി. 2022ല്‍ 1,01,000 ടണ്ണായും 2023ല്‍ 1,38,000 ടണ്ണായും ഇത് തിരിച്ചെത്തി.
Read DhanamOnline in English
Subscribe to Dhanam Magazine