ദുബായിൽ വാടക കുറയുമ്പോൾ പിന്നെന്തിന് സ്വന്തം വീട് വാങ്ങണം

കോവിഡ് മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം ഗൾഫിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ഗുണപരമായ മാറ്റത്തിന്‌ തുടക്കം കുറിക്കുമോ. ദുബായിൽ വീട്ടുവാടക ഗണ്യമായി കുറഞ്ഞതോടെ വീട് വില്പന രംഗത്ത് കുതിപ്പ് അനുഭവപ്പെടുമെന്ന് സൂചനകൾ. അല്പമെങ്കിലും സാമ്പത്തികമായി നീക്കിയിരിപ്പുള്ളവർ സ്വന്തമായി വീട് വാങ്ങിക്കാൻ താല്പര്യപ്പെട്ടാൽ പല അനുകൂല ഘടകങ്ങളും നിലനിൽക്കുന്ന സമയമാണിതെന്ന് പറയപ്പെടുന്നു.

യു എ ഇ അടുത്ത കാലത്ത് പ്രഖ്യാപിച്ച പൗരത്വ ഭേദഗതിയനുസരിച്ച് വിവിധ മേഖകളിൽ പ്രാവീണ്യമുള്ള വിദേശികൾക്ക് പൗരത്വം ലഭിക്കും. ആദ്യമായാണ് ഒരു ഗൾഫ് രാജ്യം ഇത്തരം ഒരു നിയമം കൊണ്ടുവരുന്നത്. ഇത് ദുബൈയിലെയും മറ്റും റിയൽ എസ്റ്റേറ്റ് മേഖലയിൽ പുത്തൻ ഉണർവ്വ് സൃഷ്ടിച്ചിട്ടുണ്ട്. വിദേശികൾക്ക് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം ലഭിക്കും എന്നത് പൗരത്വ നിയമത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.
മാസത്തിൽ വീട്ടുവാടകയായി കൊടുക്കുന്ന അതേ തുക ഇൻസ്റ്റാൾമെന്റ് ആയി കൊടുത്താൽ ഏതാനും വര്‍ഷം കഴിയുമ്പോൾ യു എ ഇ യിൽ സ്വന്തമായി ഒരു വാസസ്ഥലം ലഭിക്കും എന്ന ഓഫർ പലരെയും നേരത്തേ തന്നെ ഇത്തരം ചിന്തകളിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ഇത് സാമ്പത്തികമായി വളരെ ഭദ്രമായ സ്ഥിതിയുള്ളവർക്ക് മാത്രമേ സാധിക്കൂ എന്ന അവസ്ഥയാണിപ്പോൾ.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഭീഷണിയായി തുടരുകയാണ്. കോവിഡ് പല ബിസിനസ് മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്ന് ധാരാളം പേരുടെ കച്ചവടം പൊളിയുകയും ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ചില സ്ഥാപനങ്ങൾ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ആനുകൂല്യങ്ങൾ മരവിപ്പിക്കുകയോ ഒക്കെ ചെയ്ത് പിടിച്ചു നിൽക്കാനുള്ള ശ്രമം തുടരുന്നു.
തൊഴിൽ നഷ്ടപ്പെട്ട വലിയൊരു ശതമാനം പേർ നാട്ടിലേക്ക് തിരികെ പോയതോടെ താമസ സ്ഥലങ്ങളുടെ വാടക കുത്തനെ കുറഞ്ഞു. ദുബായിലും ഷാർജയിലുമൊക്കെ വീട്ടുവാടക പത്ത് വർഷം മുമ്പത്തെ നിലവാരത്തിലേക്ക് താണു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ദുബായിലെ പല പ്രധാനപ്പെട്ട താമസ മേഖലകളിലും 12 മുതൽ 21 ശതമാനം വരെ വാടക കുറഞ്ഞിരിക്കുകയാണ്. ദുബായ്‌ലാൻഡ്, സ്പോർട്ട്സ് സിറ്റി, ദി ഗ്രീൻസ്, ദി വ്യൂസ്, ജുമെയ്‌റ ലേയ്ക്ക് ടവേഴ്സ്‌, ദി സ്പ്രിങ്സ്, ദി മെഡോസ്, ജുമെയ്‌റ വില്ലേജ് സർക്കിൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കുറഞ്ഞ വാടകയാണിപ്പോൾ. താമസക്കാർ കൂട്ടത്തോടെ ഒഴിഞ്ഞു പോക്ക് തുടർന്നപ്പോഴാണ് ഉടമസ്ഥർ വാടക കുറയ്ക്കാൻ നിർബ്ബന്ധിതരായത്. ചില താമസക്കാർ കൂടുതൽ സൗകര്യങ്ങളുള്ള വീടുകൾ കുറഞ്ഞ വാടകയ്ക്ക് തരപ്പെടുത്തിയപ്പോൾ മറ്റു ചിലർ തങ്ങൾ താമസിച്ചു കൊണ്ടിരിക്കുന്ന വീടുകൾക്ക് തന്നെ കുറഞ്ഞ വാടക വിലപേശി വാങ്ങിച്ച് നിലനിൽപ്പ് ഭദ്രമാക്കി.
വാടക ഇങ്ങനെ കുറയുകയും, ജോലിക്ക് ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അധിക സാമ്പത്തിക ബാധ്യത വരുത്തി വച്ച് സ്വന്തം വീട് വാങ്ങിക്കേണമോ എന്ന ചിന്തയിലാണ് മാസ ശമ്പളക്കാരായ പലരും. 2020 ൽ ദുബായിൽ മാത്രം 30,000 താമസ സ്ഥലങ്ങൾ പണി പൂർത്തിയായിട്ടുണ്ട്. ഈ വർഷം അതിലും കൂടുതൽ വീടുകൾ പണി പൂർത്തിയായി താമസക്കാർക്ക് കൈമാറാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
പക്ഷെ, സ്വന്തമായി വീട് വാങ്ങിക്കുന്നവരുടെ എണ്ണം ഉയരുന്നില്ല. അതോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ പല പുതിയ തന്ത്രങ്ങളും പയറ്റികൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പുതിയതാണ് ഡൌൺ പേയ്‌മെന്റ് വേണ്ട എന്നത്. നേരത്തെ സർവീസ് ചാർജ് മരവിപ്പിക്കുകയും വീട് കൈമാറിയതിന് ശേഷമുള്ള അടവുകളിൽ ഇളവുകൾ നൽകിയതും പോരാഞ്ഞിട്ടാണ് ഈ പുതിയ ഓഫർ.
വീട്ടുവാടകയുടെ കാര്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് ഇനിയും തുടരും എന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ടു വർഷമെങ്കിലും എടുക്കും ഇതിൽ എന്തെങ്കിലും മാറ്റം വരാൻ. നേരത്തെ തന്നെ വാടക കുറവായിരുന്ന ഷാർജയിൽ ദുബായിൽ കുറയുന്നതിന് അനുസരിച്ച് വീണ്ടും കുറയുന്നു എന്നത് പലരെയും അങ്ങോട്ട് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്. പലേടത്തും 2009ൽ സംഭവിച്ച പോലെ ആളുകൾ കൂട്ടത്തോടെ വീട് മാറ്റം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അത് കൊണ്ട് തന്നെ മധ്യമ വരുമാനക്കാർ പ്രോപ്പർട്ടി വാങ്ങിക്കുന്ന കാര്യത്തിൽ കച്ചവടം മെച്ചപ്പെടണമെങ്കിൽ കോവിഡ് സ്ഥിതിയിൽ മാറ്റം വരണം. സ്വന്തമായി വാങ്ങിക്കുമ്പോൾ ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്ന വാടകയുടെ അതേ തുക ഇൻസ്റ്റാൾമെന്റ് ആയി അടച്ചാൽ കിട്ടുന്നത് ചെറിയ വീടുകൾ ആണെങ്കിൽ വാടകയ്ക്ക് കൂടുതൽ വിശാലമായ വീടുകൾ കിട്ടും. കോവിഡ് കാലം വന്നപ്പോഴാണ് ഇത്തിരി ദൂരെ ആയാലും തരക്കേടില്ല, തിരക്കുകളിൽ നിന്നൊക്കെ അകലെ വിശാലമായ വീടുകൾ വേണം എന്ന ചിന്തയിലേക്ക് പലരും എത്തിയത്.


Related Articles
Next Story
Videos
Share it