

ചൈനീസ് സമ്പദ്‌വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയതോടെ യുവജനങ്ങളുടെ തൊഴില്‍ താല്‍പര്യങ്ങളില്‍ മാറ്റം വന്നതായി റിപ്പോര്‍ട്ട്. മുമ്പ് സ്വകാര്യ കമ്പനികളിലെ ഉയര്‍ന്ന ശമ്പളമുള്ള തൊഴിലുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജോലിക്ക് പിന്നാലെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൈനീസ് സമ്പദ് വ്യവസ്ഥ ഗുരുതരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകാന്‍ തുടങ്ങിയതോടെയാണ് ഉന്നത വിദ്യാഭ്യാസമുള്ളവര്‍ അടക്കമുള്ളവര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് നോട്ടമെറിഞ്ഞു തുടങ്ങിയത്. സ്വകാര്യ കമ്പനികള്‍ അടുത്ത കാലത്ത് പുതിയ ജോലിക്കാരെ എടുക്കുന്നത് വലിയ തോതില്‍ കുറച്ചിരുന്നു.
കഴിഞ്ഞ മാസം ചൈനീസ് സിവില്‍ സര്‍വീസ് ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 37 ലക്ഷം പേരാണ്. വാര്‍ഷിക സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ആദ്യമായിട്ടാണ് ഇത്രയധികം അപേക്ഷകള്‍ ലഭിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 38,100 വേക്കന്‍സികളിലേക്കാണ് ഇത്രയധികം അപേക്ഷകള്‍ വന്നത്. 100ല്‍ ഒരാള്‍ക്ക് മാത്രമാണ് സെലക്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ളത്. എന്നിരുന്നാലും സര്‍ക്കാര്‍ ജോലിയിലെ സുരക്ഷിതത്വത്തിലേക്ക് മാറാന്‍ വിദ്യാസമ്പന്നര്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണിത്.
ചൈനയിലെ നഗരകേന്ദ്രീകൃത തൊഴിലില്ലായ്മ 16-24 പ്രായത്തിലുള്ളവരില്‍ 17 ശതമാനത്തിന് മുകളിലാണ്. യുഎസില്‍ ഇത് 10 ശതമാനത്തില്‍ താഴെ മാത്രമാണ്. ചൈനയിലെ 500 മുന്‍നിര കമ്പനികള്‍ കഴിഞ്ഞ വര്‍ഷം മാത്രം വെട്ടിക്കുറച്ചത് 3,14,000 തൊഴിലാളികളെയാണ്. എ.ഐയുടെ കടന്നുവരവും ആഗോളരംഗത്ത് നിലനില്‍ക്കുന്ന മാന്ദ്യവും യുഎസുമായുള്ള വ്യാപാരയുദ്ധവുമെല്ലാം ഈ മാറ്റത്തിന് കാരണമായി.
Read DhanamOnline in English
Subscribe to Dhanam Magazine