

സ്മാർട്ട് ഫോണിൽ ഇനി പുതിയ കണ്ടുപിടുത്തങ്ങൾ ഒന്നും വരാനില്ലെന്നാണ് ടെക്നോളജി ലോകത്തെ സംസാരം. എന്നാൽ നത്തിങ്ങിന്റെ(nothing) ഉപ ബ്രാന്റുകളിൽ ഒന്നായ സി.എം.എഫ് ബൈ നത്തിങ് (CMF by Nothing) പുറത്തിറക്കിയ ആദ്യ ഫോൺ ഈ വാദക്കാരെ ഒന്ന് സംശയിപ്പിക്കും. വിവിധ തരത്തിലുള്ള അക്സസറികൾ ഘടിപ്പിക്കാവുന്ന വിധത്തിൽ മാറ്റി ഇടാവുന്ന ബാക്ക് കവറോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലെ ഡിസൈനിലാണ് ഫോണിന്റെ വരവ്. മികച്ച സ്പെസിഫിക്കേഷനിൽ എത്തുന്ന സി.എം.എഫ് 1 ഫോണിന്റെ വില 15,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
സി.എം.എഫ് 1
മാതൃ കമ്പനിയായ നത്തിങ്ങിന്റെ പാത പിൻപറ്റുന്ന രീതിയിലുള്ള ഡിസൈനാണ് സി.എം.എഫ് 1 ഫോണിലുമുള്ളത്. 6ജിബി റാമും 128 ജീബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 15,999 രൂപയാണ്. 17,999 രൂപയ്ക്ക് 8 ജിബി റാമും 1288 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റും ലഭിക്കും. ഫ്ലിപ്കാർട്ട് വഴിയാണ് വില്പന. ഉദ്ഘാടന ഓഫറായി ആറ് ജിബി വേർഷൻ 14,999 രൂപയ്ക്ക് ലഭിക്കും (ബാങ്ക് ഓഫർ സഹിതം).
6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകാൻ കഴിയുന്നതാണ്. 2000 നിറ്റ്സ് പീക് ബ്രൈറ്റ്നസ് ഉച്ചവെയിലിലും ഫോൺ അനായാസേന ഉപയോഗിക്കാൻ സഹായിക്കും. മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്പ് സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇൻഡിസ്പ്ലേ ഫിംഗർ പ്രിന്റ്, 5500 എം.എ.എച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, പിന്നിൽ 50 എം.പി ഇരട്ട ക്യാമറകൾ, 16 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഫോണിന്റെ കൂടെ ആക്സസറികളും വാങ്ങാനുള്ള അവസരമുണ്ട് . സ്‌റ്റാൻഡ്, കാർഡ് ഹോൾഡർ, ലാൻയാർഡ് എന്നിവ 799 രൂപ നിരക്കിൽ വാങ്ങാം. ഇളക്കി മാറ്റാവുന്ന വിവിധ നിറങ്ങളിലുള്ള ബാക്ക് കവറുകളും ലഭ്യമാണ്. നീല,കറുപ്പ്,ഓറഞ്ച്, ലൈറ്റ് ഗ്രീൻ എന്നീ നിറങ്ങളിലുള്ള കവറിന്റെ വില 1,499 രൂപയാണ്. ഫോണിന്റെ കൂടെ ചാർജർ ലഭിക്കില്ല. 799 രൂപക്ക് ചാർജർ വാങ്ങാമെന്നാണ് കമ്പനി പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine