

അഹമ്മദാബാദില്‍ സംഭവിച്ചത് പൈലറ്റിന്റെ പിഴവോ? എയര്‍ ഇന്ത്യാ വിമാന അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ വ്യോമയാന വിദഗ്ധര്‍ക്കിടയില്‍ ഉയരുന്ന ചോദ്യമിതാണ്. ജൂണ്‍ 12 ന് അപകടത്തില്‍ പെട്ട വിമാനത്തിന്റെ ഇന്ധന സ്വിച്ച് കട്ട് ഓഫായത് എങ്ങിനെയെന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. ആഗോള തലത്തില്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചായായി മാറിയിരിക്കുന്നു. ബോയിംഗ് വിമാനം പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ രണ്ട് എഞ്ചിനുകളിലെയും ഇന്ധന സ്വിച്ചുകള്‍ പെട്ടെന്ന് ഓഫായി എന്ന കണ്ടെത്തല്‍ വിശ്വസിക്കാനാവുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോക്പിറ്റില്‍ പൈലറ്റുമാര്‍ നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം അന്വേഷണത്തില്‍ പ്രധാന തെളിവാകുമെന്നാണ് സൂചന.
വിമാനത്തില്‍ ഇന്ധനത്തിന്റെ ചലനം നിയന്ത്രിക്കുന്നതിനുള്ള ലിവര്‍ ലോക്കുകള്‍ ഏറെ കാലമായി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്നാണ് പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറെ സുരക്ഷിതവും വിശ്വസ്തവുമായ ഈ സംവിധാനം 1950 മുതല്‍ വിമാനങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. കൈകൊണ്ട് മുകളിലേക്ക് വലിച്ച ശേഷം തിരിച്ചാണ് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു ബട്ടന്‍ അമര്‍ത്തുന്ന അത്ര എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമല്ല ഇതെന്നും പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അബദ്ധത്തില്‍ ലിവര്‍ സ്വിച്ചുകള്‍ നീങ്ങുന്നത് തടയാന്‍ ഗാര്‍ഡ് ബ്രാക്കറ്റുകളും ഇവക്ക് സമീപമുണ്ടാകും. രണ്ട് സ്വിച്ചുകളും ഒരേ സമയം ഓഫ് ആക്കണമെങ്കില്‍ സമയമെടുക്കുമെന്നും, അഹമ്മദാബാദില്‍ സംഭവിച്ചതായി കണ്ടെത്തിയ പിഴവ് അബദ്ധത്തില്‍ സംഭവിക്കില്ലെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ' അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം പൈലറ്റ് സ്വിച്ചുകള്‍ ഓഫാക്കി എന്നത് വിശ്വസിക്കാനാവില്ല.' അമേരിക്കയിലെ നാഷണല്‍ ട്രാസ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ ഗോയല്‍സ് ബിബിസി ന്യൂസിനോട് പറഞ്ഞു. എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത് എന്ന് ഒരു പൈലറ്റിനോട് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് പ്രധാന തെളിവാണ്. ഈ സംഭാഷണത്തിന്റെ തുടര്‍ച്ച കോക്ക് പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ ഉണ്ടാകുമെന്നും പീറ്റര്‍ ഗോയല്‍സ് ചൂണ്ടിക്കാട്ടുന്നു. ആരോ ഇന്ധന സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. ആരാണ് ഇത് ചെയ്തത്?, കാരണമെന്താണ്?.. ഇത്തരം ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറിലെ രേഖകളെ അടിസ്ഥാനമാക്കിയാണ് ഈ അപകടത്തില്‍ അന്വേഷണം മുന്നോട്ടു പോകേണ്ടതെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. ആരുടെ കൈകളാണ് ഇന്ധന സ്വിച്ചില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തണം. വിമാനം റണ്‍വേയില്‍ നിന്ന് നീങ്ങിയത് മുതല്‍ അപകടത്തില്‍ പെട്ടത് വരെ കോക്ക് പിറ്റില്‍ നടന്ന സംഭാഷണങ്ങളുടെ പൂര്‍ണവിവരം സുപ്രധാനമാണെന്നും വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനം അഹമ്മദാബാദില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പൈലറ്റുമാരുടെ ആരോഗ്യ പരിശോധന നടത്തിയിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2018 ഡിസംബറില്‍ അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഒരു മുന്നറിയിപ്പ് വിമാന കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ചില ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ലോക്കുകള്‍ ഇല്ലാത്ത രീതിയില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇത്. അതേസമയം, ഈ ലോക്കുകള്‍ ഇല്ലാതെയും സുരക്ഷിതമായി സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന നിഗമനത്തില്‍ വിമാന കമ്പനികള്‍ ഇത് ഗൗനിച്ചിരുന്നില്ല. ഇതേ സ്വച്ചിന്റെ മാതൃകയാണ് അപകടത്തില്‍ പെട്ട ബോയിംഗ് 787 മോഡലുകളിലും ഉണ്ടായിരുന്നത്.
വിമാനത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലുണ്ടായ തകരാറു മൂലം ഇന്ധന സ്വിച്ചുകള്‍ പ്രവര്‍ത്തന രഹിതമായോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ ഉദ്യോഗസ്ഥര്‍ കാപ്റ്റന്‍ കിഷോര്‍ ചിന്റ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine