വിലപേശല്‍ ശേഷി ക്ഷയിപ്പിക്കും! താരിഫ് തന്ത്രം തിരിഞ്ഞുകൊത്തും; ഇന്ത്യ-യൂറോപ് വ്യാപാര കരാര്‍ ട്രംപിനെ അസ്വസ്ഥമാക്കുന്നതിന് കാരണമെന്ത്?

യുറോപ്പില്‍ പുതിയ സുസ്ഥിരമായ, 27 രാജ്യങ്ങളിലെ വിപണി പൂര്‍ണമായും തുറന്നുകിട്ടുകയാണ് ഇന്ത്യയ്ക്ക്. യുഎസ് വിപണിയിലെ അനിശ്ചിതത്വം ഇനി വലിയ തോതില്‍ ഇന്ത്യയെ ബാധിക്കില്ല
വിലപേശല്‍ ശേഷി ക്ഷയിപ്പിക്കും! താരിഫ് തന്ത്രം തിരിഞ്ഞുകൊത്തും; ഇന്ത്യ-യൂറോപ് വ്യാപാര കരാര്‍ ട്രംപിനെ അസ്വസ്ഥമാക്കുന്നതിന് കാരണമെന്ത്?
Published on

'നിങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് ഫണ്ടിംഗ് ചെയ്യുകയാണ് യൂറോപ്പ് ചെയ്യുന്നത്' ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ കരാര്‍ യാഥാര്‍ത്ഥ്യമായെന്ന വാര്‍ത്തയ്ക്കു പിന്നാലെ യുഎസിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആണ് അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്.

അമേരിക്കയെ നേരിട്ടു ബാധിക്കുന്ന കര്യമല്ലാതിരുന്നിട്ടും ഈ കരാറിനോട് അവര്‍ ഇത്രത്തോളം കടുപ്പിച്ച് പ്രതികരിക്കാന്‍ കാരണമെന്താണ്? അതിന് കാരണങ്ങള്‍ പലതാണ്. മാസങ്ങളായി ചര്‍ച്ചയിലുള്ള ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ തങ്ങളുടെ വിലപേശല്‍ ശേഷി കുറയുമെന്ന ഭയമാണ് യുഎസിനെ അസ്വസ്ഥമാക്കുന്ന പ്രധാന കാരണം.

അമേരിക്കയുടെ 'വിലപേശല്‍' മങ്ങും

യുറോപ്പില്‍ പുതിയ സുസ്ഥിരമായ, 27 രാജ്യങ്ങളിലെ വിപണി പൂര്‍ണമായും തുറന്നുകിട്ടുകയാണ് ഇന്ത്യയ്ക്ക്. യുഎസ് വിപണിയിലെ അനിശ്ചിതത്വം ഇനി വലിയ തോതില്‍ ഇന്ത്യയെ ബാധിക്കില്ല. അതുകൊണ്ട് തന്നെ അമേരിക്കന്‍ താല്പര്യങ്ങളോട് ഇന്ത്യയ്ക്കിനി യാതൊരു വിട്ടുവീഴ്ച്ചയുടെയും ആവശ്യമില്ല. ഇന്ത്യയിലെ കാര്‍ഷിക, ക്ഷീര വിപണി തുറന്നു കിട്ടാനായിരുന്നു യുഎസിന്റെ സമ്മര്‍ദ്ദം. യുഎസിന്റെ വിലപേശല്‍ ശേഷി ഏറ്റവും താഴ്ന്ന അവസ്ഥയിലാണ് ഇപ്പോള്‍.

ഡോളറിന്റെ ആഗോള ആധിപത്യത്തിന് വെല്ലുവിളി

യൂറോപ്പ്-ഇന്ത്യ വ്യാപാര ഇടപാടുകള്‍ ശക്തമാകുന്നതോടെ, യൂറോ-രൂപ ഇടപാടുകള്‍ക്കും പ്രാധാന്യം വര്‍ധിക്കും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഡോളറിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താം. ഡോളറിന്റെ ശക്തിയെ അമേരിക്കന്‍ സാമ്പത്തിക സുരക്ഷയുടെ പ്രധാന ആയുധമായി കാണുന്ന നേതാവാണ് ട്രംപ്. ഡോളറിനെ മുന്‍നിര്‍ത്തിയുള്ള വെല്ലുവിളിയുടെ ശക്തി കുറയുന്നത് യുഎസിന് ഗുണകരമല്ല.

യുഎസ് കമ്പനികള്‍ക്ക് വിപണി നഷ്ടപ്പെടും

കാര്‍, മദ്യ ഉത്പന്നങ്ങള്‍, ഫാര്‍മ, ഫാഷന്‍, മെഷിനറി, ടെക്നോളജി ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കും. ഇതോടെ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ മത്സരത്തില്‍ തിരിച്ചടി ഉണ്ടാകും. യൂറോപ്യന്‍ കമ്പനികള്‍ കൂടുതല്‍ വിപണി പിടിക്കുകയും യുഎസ് കമ്പനികള്‍ തിരിച്ചടി നേരിടുകയും ചെയ്യുന്നത് ബിസിനസ് ലോകത്തു നിന്ന് ട്രംപിന്റെ മേല്‍ സമ്മര്‍ദം വര്‍ധിക്കാന്‍ കാരണമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com