ഒരു വര്‍ഷത്തിനിടെ രണ്ടാംതവണയും ടിക്കറ്റ് നിരക്ക് കൂട്ടാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചതെന്ത്? അശ്വിനി വൈഷ്ണവിന്റെ മനസിലെന്ത്?

ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് റെയില്‍വേയുടെ ചെലവിന്റെ വലിയൊരു പങ്ക് മുടക്കുന്നത്. ജീവനക്കാരുടെ ശമ്പള ഇനത്തില്‍ 1,15,000 കോടി രൂപയാണ് ചെലവ്.
ashwini vaishnav indian railway
x.com/RailMinIndia
Published on

ഡിസംബര്‍ 26 മുതല്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. സാധാരണയായി ബജറ്റ് സമയത്തായിരുന്നു ടിക്കറ്റ്, ചരക്ക് നീക്കം ഉള്‍പ്പെടെയുള്ള നിരക്കുകള്‍ വര്‍ധന വരുത്തിയിരുന്നത്. ജൂലൈയില്‍ റെയില്‍വേ നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. പിന്നെ എന്തുകൊണ്ടാണ് ആറുമാസത്തിനിടെ വീണ്ടും നാമമാത്ര നിരക്ക് വര്‍ധനയ്ക്ക് റെയില്‍വേ തുനിഞ്ഞത്. അതിന് കാരണങ്ങള്‍ പലതാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിനായി റെയില്‍വേ വലിയ തോതില്‍ പണം ചെലവഴിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റെയില്‍വേ കടന്നു ചെന്നതോടെ പ്രവര്‍ത്തന ചെലവ് ഉള്‍പ്പെടെ വര്‍ധിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകളിലും കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ തുക മാറ്റിവച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് വഴി ഈ സാമ്പത്തികവര്‍ഷം 600 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചത്. മെയില്‍/ എക്‌സ്പ്രസ് നോണ്‍-എസി, എസി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്.

215 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല. പുതിയ നിരക്കുകള്‍ നിലവില്‍ വരുമ്പോള്‍ എയര്‍ കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകളിലെ 500 കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപ കൂടി അധികം നല്‍കേണ്ടി വരും. സബര്‍ബന്‍ ട്രെയിന്‍ യാത്രയ്ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും. 215 കിലോമീറ്റര്‍ വരെയുള്ള ജനറല്‍ ക്ലാസ് ടിക്കറ്റുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

ചെലവുകള്‍ കൂടി

ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് റെയില്‍വേയുടെ ചെലവിന്റെ വലിയൊരു പങ്ക് മുടക്കുന്നത്. ജീവനക്കാരുടെ ശമ്പള ഇനത്തില്‍ 1,15,000 കോടി രൂപയാണ് ചെലവ്. പെന്‍ഷനായി 60,000 കോടി രൂപയും വേണ്ടിവരും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആകെ പ്രവര്‍ത്തന ചെലവ് 2,63,000 കോടി രൂപയായി വര്‍ധിച്ചു.

അധികബാധ്യതയില്‍ ചെറിയൊരു വിഹിതം ടിക്കറ്റ് വരുമാനത്തില്‍ നിന്ന് കണ്ടെത്താനാണ് റെയില്‍വേയുടെ നീക്കം. ഇതിനൊപ്പം ചരക്ക് നീക്കം വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ പ്രധാന സ്‌പേസുകള്‍ വാടകയ്ക്ക് നല്കി വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ അടുത്തിടെ ഊര്‍ജിതമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com