ചുമ്മാതല്ല അവരൊന്നും തിരിച്ചുവരാത്തത്; വിദേശത്ത് പോകുന്ന ഇന്ത്യാക്കാര്‍ തിരിച്ചുവരാത്തതിന് കാരണമിതാണ്

വിദേശത്തേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ വരുമാനത്തിലുണ്ടാകുന്ന വർധന 100 ശതമാനത്തിലേറെയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തുടര്‍ച്ചയായി 20 വര്‍ഷം ജോലി ചെയ്താല്‍ ലഭിക്കുന്ന വരുമാന വര്‍ധനവിന് തുല്യമാണിത്. വിദേശത്തേക്ക് കുടിയേറുന്ന ഇന്ത്യാക്കാര്‍ നാട്ടിലേക്ക് തിരിച്ചുവരാത്തതിന്റെ കാരണങ്ങളിലൊന്ന് വരുമാനത്തിലെ ഈ അന്തരമാണെന്നും വേള്‍ഡ് ബാങ്കിന്റെ മൈഗ്രന്റ്‌സ്, റെഫ്യൂജീസ്, സൊസൈറ്റീസ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കാര്‍ക്ക് 118 % കൂടുതല്‍ കിട്ടും
വിദേശത്തേക്ക് കുടിയേറുന്ന ഇന്ത്യക്കാര്‍ക്ക് വരുമാനത്തില്‍ 118 ശതമാനമാണ് വര്‍ധനയുണ്ടാകുന്നത്. ബംഗ്ലാദേശികള്‍ക്ക് 210 ശതമാനവും ഘാന സ്വദേശികള്‍ക്ക് 153 ശതമാനവും വരുമാനം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ ലഭിക്കുന്ന വരുമാനത്തിലെ അന്തരമാണ് ആളുകളെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. ഉദാഹരണത്തിന് മെക്‌സിക്കോയില്‍ ഒരു ട്രക്ക് ഡ്രൈവറിന് ലഭിക്കുന്ന ശമ്പളത്തിന്റെ അഞ്ചിരട്ടിയിലേറെയാണ് കാനഡയില്‍ സമാന ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്നതെന്ന് 'ദ ഹിന്ദു' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദഗ്ധ തൊഴിലാളികള്‍ക്ക് പിന്നെയും കൂടും
വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികള്‍ക്ക് കുടിയേറ്റത്തിന് ശേഷം ലഭിക്കുന്ന വരുമാനം മറ്റുള്ളവരേക്കാള്‍ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് കേള്‍ക്കുമ്പോള്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവായിരിക്കുമെന്ന് ചിന്തിക്കണ്ട. യു.എസിലേക്ക് കുടിയേറിയ ഇന്ത്യന്‍ അവിദഗ്ധ തൊഴിലാളിയുടെ വരുമാനത്തില്‍ ശരാശരി 493 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. യെമന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് 1500 ശതമാനം വര്‍ധയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടത്തിലെ ഏറ്റവും വലിയ വര്‍ധന ഇവരുടേത്.
ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നില്‍ യു.എ.ഇ
കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറിന്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയ അവിദഗ്ധ തൊഴിലാളികളുടെ വരുമാനത്തില്‍ 118 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ യു.എ.യിലെത്തിയവര്‍ക്കാണ് കോളടിച്ചത്. 298 ശതമാനമാണ് ഇവരുടെ വരുമാന വര്‍ധന. യു.എ.ഇയില്‍ ഇന്ത്യാക്കാര്‍ നേടുന്ന വരുമാനത്തിന്റെ 85 ശതമാനവും ഇന്ത്യയിലേക്ക് അയക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരിച്ചുവരുന്നവരുടെ കണക്ക് ഇങ്ങനെ
ലോകത്ത് കുടിയേറ്റം നടത്തുന്നവരില്‍ 40 ശതമാനം പേര്‍ മാത്രമേ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകുന്നുള്ളൂ എന്നാണ് കണക്ക്. ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന മുഴുവന്‍ പേരും രാജ്യത്തേക്ക് തിരിച്ചെത്തുന്നുണ്ട്. എന്നാല്‍ യു.എസ്, യു.കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കെത്തുന്ന കുടിയേറ്റക്കാരില്‍ 20 മുതല്‍ 50 ശതമാനം പേരും ആദ്യ 5 മുതല്‍ 10 വര്‍ഷങ്ങളില്‍ തന്നെ നാട്ടിലേക്ക് തിരിച്ചുവരുന്നു. ചിലര്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് താമസം മാറുകയും ചെയ്യുന്നു. ആകെ കുടിയേറ്റക്കാരില്‍ 20 ശതമാനം മാത്രമാണ് യു.എസ് വിടുന്നത്. യു.എസ്, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എല്ലാ വര്‍ഷവും രണ്ട് ശതമാനം തൊഴിലാളികളെ നിര്‍ബന്ധപൂര്‍വം തിരിച്ചയയ്ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Next Story

Videos

Share it