

ഹോംഅപ്ലൈന്‍സസ് ഷോപ്പുകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്പന കുത്തനെ ഉയരുന്നു. പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതാണ് കച്ചവടം പൊടിപൊടിക്കാന്‍ കാരണമായത്. യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് പാചകവാതക ലഭ്യതയില്‍ കുറവുണ്ടാകുമെന്ന വാര്‍ത്തകളാണ് ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് തിരിയാന്‍ വഴിയൊരുക്കിയത്.
വീടുകളിലേക്ക് മാത്രമല്ല ചെറുകിട ഹോട്ടലുകളും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങുന്നതായിട്ടാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്യാസ് ലഭ്യത കുറഞ്ഞതു മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല ഹോട്ടലുകളും പ്രവര്‍ത്തനസമയം കുറച്ചിട്ടുണ്ട്.
ഇന്‍ഡക്ഷന്‍ കുക്കറിന് സമീപകാലത്ത് വലിയ തോതില്‍ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പല ഹോംഅപ്ലൈന്‍സസ് ഷോപ്പുകാരും ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിരുന്നില്ല. പെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിച്ചതോടെ പലയിടത്തും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. അതേസമയം, ഡിമാന്‍ഡ് എത്രദിവസം നീണ്ടുനില്‍ക്കുമെന്ന സൂചനയില്ലാത്തതിനാല്‍ വലിയതോതില്‍ സ്‌റ്റോക്കെടുത്ത് വയ്ക്കാന്‍ ഷോപ്പുകള്‍ മടിക്കുന്നുണ്ട്.
1,200 രൂപ മുതല്‍ വിവിധ കമ്പനികളുടെ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിപണിയില്‍ ലഭ്യമാണ്. 1,800-2,500 റേഞ്ചിലുള്ള കുക്കറുകളാണ് കേരളത്തില്‍ കൂടുതലായി വിറ്റുപോകുന്നത്. ഗ്രാമീണ മേഖലകളേക്കാള്‍ നഗരങ്ങളിലാണ് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് വില്പന കൂടുതല്‍.
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും വില്പന കുതിച്ചുയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൂന്ന് നാല് ആഴ്ചയ്ക്ക് മുമ്പുള്ളതിനേക്കാള്‍ വില്പനയില്‍ നാലിരട്ടിയോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടാണ് ഡിമാന്‍ഡ് ഇത്രത്തോളം ഉയര്‍ന്നതെന്ന് ഫ്‌ളിപ്പ്കാര്‍ഡ് പ്രതിനിധി പറയുന്നു.
ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വില്പനയില്‍ 20 ശതമാനത്തിലേറെ വര്‍ധനയുണ്ടായി. ഇന്‍ഡക്ഷന്‍ കുക്കറുമായി ബന്ധപ്പെട്ട സെര്‍ച്ചുകളും വലിയതോതില്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എല്‍പിജിയുടെ 87 ശതമാനവും ഗാര്‍ഹിക ഉപയോക്താക്കളാണ് വാങ്ങുന്നത്. 10 ശതമാനത്തില്‍ താഴെയാണ് ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഉപയോഗിക്കുന്നത്. 31.2 മില്യണ്‍ ടണ്‍ ആണ് ഇന്ത്യയിലെ വാര്‍ഷിക എല്‍പിജി ഉപയോഗം. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഉള്‍പ്പെടെ ചില ഹോട്ടലുകള്‍ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്.
ഇന്‍ഡക്ഷന്‍ കുക്കര്‍ വില്പന ഉയര്‍ന്നത് ഈ രംഗത്തുള്ള കമ്പനികളുടെ ഓഹരിവിലയിലും പ്രതിഫലിച്ചു. പ്രമുഖ ഹോം അപ്ലൈന്‍സസ് കമ്പനിയായ കമ്പനിയായ ടിടികെ പ്രസ്റ്റീജ് ലിമിറ്റഡ് ഓഹരികള്‍ ഇന്ന് രാവിലെ മാത്രം 8 ശതമാനത്തോളം ഉയര്‍ന്നു.
ഹോക്കിന്‍സ് കുക്കേഴ്‌സ് ഓഹരിവില അഞ്ചുദിവസത്തിനിടെ 4 ശതമാനത്തിന് മുകളിലാണ് വര്‍ധിച്ചത്. ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസ്, ബജാജ് ഇലക്ട്രിക്കല്‍സ് ഓഹരിവിലകളും ഉയരുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine