പോളിസിബസാറിന് ₹5 കോടി പിഴയിട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി; വിശദാംശങ്ങള്‍ ഇങ്ങനെ

പോളിസി ഉടമകള്‍ അടച്ച പ്രീമിയം ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൈമാറുന്നതില്‍ ഗുരുതരമായ കാലതാമസം പോളിസിബസാര്‍ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്
പോളിസിബസാറിന് ₹5 കോടി പിഴയിട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി; വിശദാംശങ്ങള്‍ ഇങ്ങനെ
Published on

പ്രമുഖ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസിബസാറിന് അഞ്ചുകോടി രൂപ പിഴയിട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI). തെറ്റായ വിവരങ്ങള്‍ നല്കി പരസ്യങ്ങളിലൂടെ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു, ഉപയോക്താക്കള്‍ അടച്ച പ്രീമിയം തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൈമാറുന്നത് വൈകിപ്പിച്ചു തുടങ്ങിയ കാരണങ്ങള്‍ക്കാണ് നടപടി. 2019ലും വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കമ്പനിക്ക് പിഴയിട്ടിരുന്നു.

പോളിസിബസാര്‍ ഇന്‍ഷുറന്‍സ് വെബ് അഗ്രഗേറ്ററായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ഇതില്‍ ചില നിയമലംഘനങ്ങള്‍ നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കോമ്പോസിറ്റ് ബ്രോക്കര്‍ ലൈസന്‍സ് പോളിസിബസാറിന് ലഭിക്കുന്നത്. 2008ല്‍ ഗുരുഗ്രാമില്‍ യാഷിഷ് ദാഹിയ, അലോക് ബന്‍സാല്‍, അവനീഷ് നിര്‍ജാര്‍ എന്നിവരാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായി പോളിസിബസാര്‍ ആരംഭിക്കുന്നത്.

പിടിമുറുക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി

കമ്പനി തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ചില കമ്പനികളുടെ ചില പ്രത്യേക പോളിസികള്‍ വിപണിയിലെ 'ഏറ്റവും മികച്ചത്' എന്ന പേരില്‍ പ്രമോട്ട് ചെയ്തിരുന്നതായി ഐ.ആര്‍.ഡി.എ.ഐ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി. മാത്രമല്ല ഈ റാങ്കിംഗ് ഏതു മാനദണ്ഡത്തിലാണ് പോളിസിബസാര്‍ നല്കിയതെന്ന് വിശദീകരിക്കാനും കമ്പനിക്ക് സാധിച്ചില്ലെന്ന് ഉത്തരവില്‍ പറയുന്നു.

പോളിസി ഉടമകള്‍ അടച്ച പ്രീമിയം ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൈമാറുന്നതില്‍ ഗുരുതരമായ കാലതാമസം പോളിസിബസാര്‍ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഉടമകള്‍ അടയ്ക്കുന്ന പ്രീമിയം തുക 24 മണിക്കൂറിനകം ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലപ്പോഴും കമ്പനി ഇത് ലംഘിച്ചു. അഞ്ചു മുതല്‍ 30 ദിവസം വരെ ഇത്തരത്തില്‍ കാലതാമസം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഒരു കോടി രൂപയാണ് ഇതിന് പിഴയിട്ടിരിക്കുന്നത്.

പോളിസിബസാറിലെ പ്രധാന റോളിലുള്ളവര്‍ അനുമതിയില്ലാതെ മറ്റ് കമ്പനികളുടെ ഡയറക്ടര്‍ പദവി വഹിച്ചതായും ടെലിമാര്‍ക്കറ്റിംഗ് വഴി കൃത്യമായ വിവരങ്ങളില്ലാതെ 97,000ത്തിലധികം പോളിസികള്‍ വിറ്റതായും ഐ.ആര്‍.ഡി.എ.ഐ കണ്ടെത്തിയിട്ടുണ്ട്.

ഓഹരികളില്‍ ഇടിവ്

വാര്‍ത്ത പുറത്തു വന്നത് പോളിസിബസാറിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക് ലിമിറ്റഡിന്റെ (PB Fintech Ltd) ഓഹരികള്‍ക്ക് ക്ഷീണം ചെയ്തു. ഇന്ന് (ഓഗസ്റ്റ് 5, ചൊവ്വ) രാവിലെ ഓഹരിവില 1.40 ശതമാനം വരെ താഴ്ന്നു.

ജൂണ്‍ പാദത്തില്‍ പി.ബി ഫിന്‍ടെകിന്റെ വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 33.5 ശതമാനം ഉയര്‍ന്ന് 1,348 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 1,010 കോടി രൂപയായിരുന്നു. ലാഭത്തിലും 40 ശതമാനം നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു.

IRDAI imposes ₹5 crore fine on Policybazaar for misleading ads and delays in premium transfer, affecting PB Fintech shares

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com