

ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് പ്രഷുബ്ധമായാണ് മുന്നോട്ടു പോകുന്നത്. ക്രിപ്‌റ്റോ രംഗത്തെ ചെറുചലനം പോലും വിപണിയില്‍ വലിയ ചാഞ്ചാട്ടത്തിന് വഴിയൊരുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ആടിയുലഞ്ഞ ക്രിപ്‌റ്റോ മാര്‍ക്കറ്റിന് ഞായറാഴ്ചയും തിരിച്ചടിയുടേതായിരുന്നു. പ്രമുഖ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ഞായറാഴ്ച ഒരു മണിക്കൂര്‍ കൊണ്ട് ഇടിഞ്ഞത് 6 ശതമാനമാണ്.
ബിറ്റ്‌കോയിന്‍ മൂല്യം ഞായറാഴ്ച താഴ്ന്നത് 5,200 ഡോളര്‍ വരെയാണ്. നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 400 മില്യണ്‍ ഡോളറാണ് ഇടിവുണ്ടായത്. നവംബറില്‍ മാത്രം ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ 18 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2018 നവംബറിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്.
ആഗോളതലത്തില്‍ വില്പന സമ്മര്‍ദം കൂടിയതും ക്രിപ്‌റ്റോകറന്‍സികളുടെ ഭാവി സംബന്ധിച്ച് ആശങ്കകള്‍ വര്‍ധിച്ചതും ബിറ്റ്‌കോയിന്‍ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. നിക്ഷേപകര്‍ കൂടുതലായി വിറ്റൊഴിവാക്കാനാണ് ശ്രമിക്കുന്നത്. യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഭാഷണത്തില്‍ ക്രിപ്‌റ്റോ കറന്‍സിയെപ്പറ്റി പരാമര്‍ശം ഉണ്ടാകുമെന്ന സൂചനയും വിലയിടിവിലേക്ക് നയിച്ചു.
റിപ്പിള്‍, ബിഎന്‍ബി, സോളാന, ഡോഗ്കോയിന്‍ തുടങ്ങിയ പ്രധാന ക്രിപ്‌റ്റോകറന്‍സികള്‍ 5-8 ശതമാനം വീതം വരെ താഴ്ന്നിരുന്നു. ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വര്‍ധിച്ചതും മറ്റ് നിക്ഷേപ സാധ്യതകളിലേക്ക് ഇടപാടുകാര്‍ തിരിഞ്ഞതും ബിറ്റ്‌കോയിന് മങ്ങലുണ്ടാക്കി.
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്കോയിനാണ്.
ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്റ്റോകള്‍ക്കില്ല.
Read DhanamOnline in English
Subscribe to Dhanam Magazine