ഇറാന്‍ മുതല്‍ അഫ്ഗാന്‍ വരെ പാക്കിസ്ഥാനെ 'വളഞ്ഞ്' ശത്രുക്കള്‍; സാമ്പത്തിക പ്രതിസന്ധിക്കിടെ അയല്‍ക്കാരെയും എതിരാക്കി ഷരീഫ് നയതന്ത്രം

തകര്‍ന്നു തരിപ്പണമായ സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം പിടിവിട്ട രീതിയില്‍, അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളിയാകട്ടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ അവസ്ഥയിലും. ദാരിദ്രത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ അയല്‍രാജ്യങ്ങളില്‍ ആക്രമണം നടത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന് കടുത്ത ശിക്ഷ നല്‍കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചതോടെ മേഖല കൂടുതല്‍ രക്തരൂക്ഷിതമായി മാറുകയാണ്.

ദാരിദ്രത്തിലും പാക്കിസ്ഥാന് മാറ്റമില്ല

രാജ്യം കടുത്ത ദാരിദ്ര്യത്തിലാണ്. കാലാവസ്ഥ വ്യതിയാനം അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും വരള്‍ച്ചയും ചില്ലറയൊന്നുമല്ല പാക്കിസ്ഥാനെ കുഴപ്പിച്ചത്. പണപ്പെരുപ്പം കൈവിട്ടതോടെ അവശ്യസാധനനങ്ങളുടെ വില അടിച്ചുകയറി. പെട്രോള്‍ ഡീസല്‍ വില വന്‍തോതില്‍ വര്‍ധിപ്പിച്ചത് ജനങ്ങളുടെ ഭാരം ഇരട്ടിയാക്കി. ഇതിനിടെയാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ തുറങ്കിലടച്ചതിന്റെ പേരില്‍ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപ സമാനമായ പ്രതിഷേധങ്ങള്‍.
ഇത്തരം പ്രതിസന്ധികള്‍ക്ക് നടുവിലെങ്കിലും പാക് സൈന്യം തങ്ങളുടെ പതിവുകള്‍ക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം അഫ്ഗാനില്‍ കടന്നുകയറി നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം 46 പേരാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ പക്തി പ്രവിശ്യയിലാണ് പാക്കിസ്ഥാന്‍ താലിബാന് (തെഹ് രീകെ താലിബാന്‍ പാക്കിസ്ഥാന്‍) പാക് സൈന്യം ആക്രമണം നടത്തിയത്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച താലിബാന്‍ പാക് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഇറാനുമായും അത്ര രസത്തിലല്ല

അയല്‍രാജ്യങ്ങളില്‍ ചൈനയായിട്ട് മാത്രമാണ് പാക്കിസ്ഥാന് സുസ്ഥിര ബന്ധമുള്ളത്. പാക്കിസ്ഥാന്റെ തന്ത്രപ്രധാന സ്ഥലങ്ങളുടെയെല്ലാം അവകാശം ചൈനയ്ക്ക് പണയംവച്ച നിലയിലുമാണ്. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനുമായി വര്‍ഷങ്ങളായി പാക്കിസ്ഥാന് അത്ര നല്ല ബന്ധമല്ല. സുന്നി ഭൂരിപക്ഷ രാജ്യമാണ് പാക്കിസ്ഥാന്‍. ഈ വര്‍ഷം ജനുവരിയില്‍ പാക്ക് ഭൂപ്രദേശത്ത് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. നിരവധിപേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ സംഘങ്ങള്‍ ഇറാന്‍ സൈന്യത്തിനു നേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല.
ഇറാന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ കൂടി വലിയ ശത്രുക്കളുടെ വശത്തേക്ക് മാറിയതോടെ പാക്കിസ്ഥാന്‍ മേഖലയില്‍ ഒറ്റപ്പെടുകയാണെന്ന് പറയാം. ഇന്ത്യയുമായി കാലങ്ങളായുള്ള ശത്രുതയ്ക്കപ്പുറം അഫ്ഗാനില്‍ നിന്നും ഇറാനില്‍ നിന്നും വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നത് പാക്കിസ്ഥാനുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയല്ല. ഇതിനൊപ്പം ബലുചിസ്ഥാനില്‍ സ്വയംഭരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും കത്തിക്കയറുകയാണ്.
ബംഗ്ലാദേശില്‍ ഭരണമാറ്റം വന്നതോടെ അവരുമായി കൂടുതല്‍ അടുക്കാനായെന്നത് മാത്രമാണ് പാക്കിസ്ഥാനെ സംബന്ധിച്ച നേട്ടം. എന്നാല്‍ ബംഗ്ലാദേശിലും പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്. പാക് താല്പര്യങ്ങള്‍ എത്രത്തോളം വിഭജിച്ചു മാറിയ ബംഗ്ലാദേശില്‍ നടക്കുമെന്ന് കണ്ടറിയേണ്ടതാണ്.
Related Articles
Next Story
Videos
Share it