വലിയൊരു പ്രശ്‌നം; സൈനികാവശ്യത്തിന് എ.ഐ ശേഷി എത്രത്തോളം വിട്ടുകൊടുക്കാം? ആന്ത്രോപികും പെന്റഗണുമായി ഉരസല്‍

സൈനിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സ്വാതന്ത്ര്യത്തോടെ എഐ ഉപയോഗിക്കണമെന്ന പെന്റഗണിന്റെ ആവശ്യം, സുരക്ഷയും നൈതിക നിയന്ത്രണങ്ങളും മുന്‍നിര്‍ത്തുന്ന ആന്ത്രോപിക്കിന്റെ നിലപാടുമായി പൊരുത്തപ്പെടുന്നില്ല
AI digital employees
Image courtesy: Canva
Published on

അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണും പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കും തമ്മില്‍ കടുത്ത തര്‍ക്കം. കമ്പനിയുടെ 'ക്ലോഡ്' (Claude) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിന്റെ ഉപയോഗ പരിധിയെ ചുറ്റിപ്പറ്റിയാണ് വിവാദം. സൈനിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സ്വാതന്ത്ര്യത്തോടെ എഐ ഉപയോഗിക്കണമെന്ന പെന്റഗണിന്റെ ആവശ്യം, സുരക്ഷയും നൈതിക നിയന്ത്രണങ്ങളും മുന്‍നിര്‍ത്തുന്ന ആന്ത്രോപിക്കിന്റെ നിലപാടുമായി പൊരുത്തപ്പെടുന്നില്ല.

എന്താണ് പ്രശ്‌നം?

ക്ലോഡ് എഐ മോഡലിന് ആന്ത്രോപിക് ചില കര്‍ശനമായ 'ഗാര്‍ഡ്റെയിലുകള്‍' ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം നിയന്ത്രിത ആയുധ സംവിധാനങ്ങള്‍, വന്‍തോതിലുള്ള നിരീക്ഷണം തുടങ്ങിയ വിവാദ മേഖലകളില്‍ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് കമ്പനിയുടെ നയം. എന്നാല്‍ ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി, നിയമപരമായ പരിധിക്കുള്ളില്‍ എഐ ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് മുഴുവന്‍ സ്വാതന്ത്ര്യം വേണമെന്നാണ് പെന്റഗണിന്റെ വാദം. ആധുനിക യുദ്ധരംഗത്ത് ചൈന പോലുള്ള രാജ്യങ്ങളോട് മത്സരിക്കണമെങ്കില്‍ അത്യാധുനിക എഐ സംവിധാനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ ലഭ്യമാകണം എന്നാണ് പ്രതിരോധ വകുപ്പിന്റെ നിലപാട്.

ക്ലിപ്പിടുമോ?

പ്രതിരോധ സെക്രട്ടറി കമ്പനിയോട് നിശ്ചിത സമയപരിധിക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ആന്ത്രോപിക് പെന്റഗണിന്റെ നിബന്ധനകള്‍ അംഗീകരിക്കാത്ത പക്ഷം, ചില കടുത്ത നടപടികള്‍ക്ക് നീക്കമുണ്ട്. പ്രതിരോധ വിതരണ ശൃംഖലയ്ക്ക് 'റിസ്‌ക്' ആയി കമ്പനിയെ പ്രഖ്യാപിക്കല്‍, പ്രതിരോധ ഉത്പാദന നിയമം (Defence Production Act) പ്രയോഗിച്ച് സാങ്കേതിക വിദ്യ നിര്‍ബന്ധിതമായി ലഭ്യമാക്കല്‍, കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന കരാറുകള്‍ റദ്ദാക്കല്‍ തുടങ്ങിയവയാണ് പരിഗണനയില്‍. ഇവ നടപ്പായാല്‍ ആന്ത്രോപിക്കിന് വലിയ തിരിച്ചടിയാകും.

സുരക്ഷ പ്രധാനം

മുന്‍ ഓപ്പണ്‍എഐ ഗവേഷകര്‍ സ്ഥാപിച്ച ആന്ത്രോപിക്, 'സുരക്ഷാ കേന്ദ്രീകൃത എഐ' വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൈനിക പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണമില്ലാത്ത ഉപയോഗം അവരുടെ നൈതിക ചട്ടക്കൂടിനും പൊതു വിശ്വാസത്തിനും ഭീഷണിയാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എങ്കിലും ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ പരിഗണിച്ച് ചര്‍ച്ചകള്‍ തുടരുന്നതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മറ്റു കമ്പനികളുടെ നീക്കം

ഈ തര്‍ക്കത്തിനിടെ, മറ്റ് എഐ കമ്പനികള്‍ പ്രതിരോധ വകുപ്പുമായി സഹകരിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ചില ടെക് കമ്പനികള്‍ അവരുടെ എഐ മോഡലുകള്‍ പ്രതിരോധ സംവിധാനങ്ങളില്‍ സംയോജിപ്പിക്കുന്നതിനുള്ള കരാറുകളിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് എഐ വ്യവസായത്തിനുള്ളില്‍ പുതിയ മത്സരത്തിനും സമ്മര്‍ദ്ദത്തിനും കാരണമാകുന്നു.

ഭാവിയില്‍ എന്ത്?

ഈ തര്‍ക്കം ഒരു സാധാരണ കരാര്‍ പ്രശ്‌നമല്ല. ദേശീയ സുരക്ഷയും സാങ്കേതിക നൈതികതയും തമ്മിലുള്ള വലിയ ചര്‍ച്ചയുടെ പ്രതീകമാണ് ഇത്. എഐ വികസനത്തില്‍ കോര്‍പ്പറേറ്റുകളുടെ ഉത്തരവാദിത്വം എത്രത്തോളം? സര്‍ക്കാരുകള്‍ക്ക് എത്ര അധികാരം വേണം? സൈനിക ആവശ്യങ്ങള്‍ക്കായി എഐയുടെ പരിധി എവിടെ വരെയാകണം? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തുന്ന ഘട്ടത്തിലാണ് ലോകം. പെന്റഗണ്‍-ആന്ത്രോപിക് തര്‍ക്കത്തിന്റെ അന്തിമ ഫലം, ഭാവിയിലെ എഐ-സൈനിക ബന്ധങ്ങള്‍ക്ക് മാതൃകയായേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com