ഇസ്രയേല്‍ ഇപ്പോള്‍ ഇറാനെ ആക്രമിച്ചത് എന്തുകൊണ്ട്? സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ മറികടക്കുകയും ലക്ഷ്യം, നെതന്യാഹു പൊടിതട്ടിയെടുത്തത് പഴയ യുദ്ധതന്ത്രം

ഇറാന്‍ ഉയര്‍ത്തുന്ന ത്രിമുഖ ഭീഷണി മറികടക്കാനാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് ഇസ്രയേല്‍ പറയുന്നത്
israel prime minister Benjamin Netanyahu
Facebook/ Benjamin Netanyahu
Published on

ഇസ്രയേലിന്റെ അസ്ഥിത്വത്തിന് ഭീഷണിയായി വളര്‍ന്നപ്പോള്‍ മറ്റ് വഴികളില്ലാതെയാണ് ഇറാനെ ആക്രമിക്കേണ്ടി വന്നതെന്ന് ഇസ്രയേല്‍. കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷങ്ങളേക്കാള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷേ യു.എസിന്റെ പിന്തുണയില്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ഈ സമയത്ത് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്?

പെട്ടെന്നുണ്ടായ തിടുക്കത്തിന് പിന്നില്‍

ഇറാനില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണ പരീക്ഷണങ്ങള്‍ അപകടമാണെന്ന് ഇസ്രയേല്‍ ഏറെക്കാലമായി വാദിക്കുന്നതാണ്. ആണവ പരീക്ഷണം നിര്‍ത്തിയില്ലെങ്കില്‍ ആക്രമിക്കുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 15 ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇറാനില്‍ പൂര്‍ത്തിയായെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് മിന്നല്‍ നീക്കത്തിന് കാരണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഇതിനപ്പുറം വേറെയും ചില കാരണങ്ങള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

തകര്‍ത്തത് യു.എസ് ചര്‍ച്ച?

ആണവ വിഷയത്തില്‍ ഇറാനും യു.എസും തമ്മില്‍ നടത്തുന്ന ആറാം ഘട്ട ചര്‍ച്ചകള്‍ തമ്മില്‍ ആറാംവട്ട ചര്‍ച്ചകള്‍ ഞായറാഴ്ച ഒമാനില്‍ നടക്കാനിരിക്കുകയാണ്. ഇരുകൂട്ടരും സമവായത്തില്‍ എത്തുമെന്ന സൂചനകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇസ്രയേലിന് അസ്വീകാര്യമായ വ്യവസ്ഥകള്‍ ഇതിന് പിന്നിലുണ്ടാകുമെന്ന ആശങ്കയാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. യു.എസുമായുള്ള ചര്‍ച്ച തടസപ്പെടുത്താനും ഇസ്രയേല്‍ ലക്ഷ്യമിട്ടിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇറാന്റെ ത്രിമുഖ ഭീഷണി

ഇറാന്‍ മൂന്ന് വിധത്തിലാണ് ഇസ്രയേലിന് ഭീഷണിയാകുന്നതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഇഫി ഡെഫ്രിന്‍ വിശദീകരിക്കുന്നു. ആദ്യത്തേത് അണുബോംബിലേക്ക് അടുക്കുന്നുവെന്നതാണ്. ഇറാന്റെ രഹസ്യ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയാണ് മറ്റൊന്ന്. യു.എസ് സൈന്യത്തിന്റെ കണക്ക് അനുസരിച്ച് ഇറാന്റെ കൈവശം 2,000 ബാലിസ്റ്റിക് മിസൈലുകളാണുള്ളത്. അധികം വൈകാതെ ഇവ ഇരട്ടിയും മൂന്ന് മടങ്ങും ആക്കാനാണ് ഇറാന്റെ പദ്ധതി. മറ്റൊന്ന് ഇസ്രയേലിന് ഭീഷണിയാകുന്ന രീതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഇറാന്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നുവെന്നതാണ്. പല അറബ് രാജ്യങ്ങളിലും സൈനിക-സാമ്പത്തിക സഹായം നല്‍കി ഇറാന്‍ പല തീവ്രസംഘങ്ങളെയും വളര്‍ത്തിയെടുക്കുന്നുണ്ടെന്നും ഡെഫ്രിന്‍ ആരോപിക്കുന്നു.

ആഭ്യന്തര പ്രശ്‌നങ്ങളും

ഗസയില്‍ നടക്കുന്ന യുദ്ധം 616 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനിടയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പാളയത്തില്‍ തന്നെ പട ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹമാസിന്റെ തടങ്കലിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം നെതന്യാഹുവിന് മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് ഇസ്രയേലിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. നെതന്യാഹുവിനെ താഴെയിറക്കുമെന്ന് ചില സഖ്യകക്ഷികളും അടുത്തിടെ പറഞ്ഞിരുന്നു. ഇസ്രയേലിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച പ്രധാനമന്ത്രിക്കെതിരെ വര്‍ഷങ്ങളായി അഴിമതി ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. നെതന്യാഹു സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാന് നേരെയുള്ള ആക്രമണം. സ്വന്തം നാട്ടിലെ വിവാദങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലും നെതന്യാഹു ആഗ്രഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇസ്രയേലിന്റെ യുദ്ധതന്ത്രം

ഇറാന്റെ മിസൈല്‍-ആണവ കേന്ദ്രങ്ങള്‍ക്കൊപ്പം ഉന്നത സൈനിക നിരയെയും തകര്‍ത്താണ് ഇസ്രയേലിന്റെ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ തുടങ്ങിയത്. നേരത്തെ ലെബനനില്‍ ഇറാന്‍ പക്ഷത്തുള്ള ഹിസ്ബുള്ളയെ തകര്‍ക്കാനും ഇസ്രയേല്‍ ഉപയോഗിച്ചത് ഇതേ യുദ്ധതന്ത്രം. ആദ്യം എതിര്‍പക്ഷത്തുള്ള പ്രധാന നേതാക്കളെ വകവരുത്തുക. ഇതോടെ തിരിച്ചടിക്കാനുള്ള ശക്തിനഷ്ടപ്പെട്ട ശത്രുവിനെ എളുപ്പത്തില്‍ കീഴടക്കാം. ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതും ഇപ്പോള്‍ ഇറാനില്‍ നടത്തിയതുമായ ആക്രമണങ്ങള്‍ക്ക് സമാന സ്വഭാവമാണുള്ളതെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.

ഇറാനില്‍ കാര്യങ്ങള്‍ ഈസിയല്ല

എന്നാല്‍ ലെബനനിലേത് പോലെ എളുപ്പമായിരിക്കില്ല ഇറാന്‍. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് വൈകാരിക മറുപടി നല്‍കാനാണ് ഇറാന്റെ തീരുമാനം. ഷിയ മുസ്ലിങ്ങളുടെ വിശ്വാസപ്രകാരം പ്രതികാരത്തിന് മുമ്പ് ചുവന്ന കൊടികള്‍ ഉയര്‍ത്തുന്ന ശീലമുണ്ട്. ഇസ്രയേല്‍ ആക്രമണമുണ്ടായതിന് പിന്നാലെ ഇറാനിലെ ചില പള്ളികളില്‍ ചുവന്ന കൊടി ഉയര്‍ന്നത് ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കുന്നമെന്നതിന്റെ സൂചനയാണെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.

ട്രംപിന്റെ സ്വപ്‌നങ്ങള്‍ക്കും തിരിച്ചടി

ലോകസമാധാനത്തിന് ഭീഷണിയായ യുദ്ധങ്ങളെല്ലാം അവസാനിപ്പിക്കുമെന്നും ആഗോള സമാധാനം ഉറപ്പാക്കുമെന്നും യു.എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിലേറി അഞ്ച് മാസം കഴിഞ്ഞിട്ടും ട്രംപ് ഇതില്‍ വിജയിച്ചില്ല. ഗസയിലും യുക്രെയിനിലും രക്തച്ചൊരിച്ചില്‍ തുടരുന്നുവെന്ന് മാത്രമല്ല ഇസ്രയേലും ഇറാനും യുദ്ധമുഖത്തെത്തുകയും ചെയ്തു. ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് നിരന്തരം ആവശ്യപ്പെട്ട ട്രംപിനുള്ള തിരിച്ചടി കൂടിയാണിത്. ഇറാനില്‍ നടന്ന ആക്രമണത്തില്‍ ആദ്യ തിരിച്ചടി ലഭിച്ചത് ട്രംപിന്റെ നയങ്ങള്‍ക്കാണെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിദേശകാര്യ ഉപദേഷ്ടകന്‍ ബ്രെറ്റ് ബ്രുവന്‍ അടക്കമുള്ളവര്‍ പറയുന്നു. ഇസ്രയേല്‍ ആക്രമണത്തിന് മുമ്പ് തന്നെ ട്രംപിന്റെ വിദേശനയങ്ങള്‍ പാളിയെന്നും ചിലര്‍ ആരോപിക്കുന്നു.

On June 13, 2025, Israel launched “Operation Rising Lion,” deploying over 200 aircraft to strike more than 100 Iranian military and nuclear sites—including Natanz—aiming to halt Iran’s nuclear weapon progress; Iran responded by dispatching over 100 drones toward Israeli airspace.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com