ഇന്ത്യക്കാരിയാണെന്ന് പറയാന്‍ കമല ഹാരിസ് മടിക്കുന്നതെന്തിന്?

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിന്, താന്‍ ഇന്ത്യക്കാരിയാണെന്നു പറയാന്‍ മടിയുണ്ടോ? തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നതിനിടയില്‍ എതിരാളികളായ റിപ്പബ്ലിക്കന്‍സ് കമലക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വിഷയമാണിത്. അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ തെരഞ്ഞെടുപ്പില്‍ ഒരു നിര്‍ണായക വോട്ട് ബാങ്ക് അല്ലെന്നതിനാലാണ് തന്റെ ഇന്ത്യന്‍ മേല്‍വിലാസം പരസ്യമായി പറയാന്‍ കമല മടിക്കുന്നതെന്ന് എതിരാളികള്‍ ആരോപിക്കുന്നു. വൈസ് പ്രസിഡണ്ട് പദവിയില്‍ ഇരിക്കുമ്പോഴും കമലഹാരിസ് തന്റെ ഇന്ത്യന്‍ ബന്ധം പറഞ്ഞിട്ടില്ല. ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വക്താക്കള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കുകയാണ് ഈ പ്രചാരണത്തിലൂടെ കമലയുടെ എതിരാളികള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ വംശജരുടെ ഒരു ശതമാനം വോട്ടുകള്‍

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഡോ.സമ്പത്ത് ശിവാംഗി ഒരു ഇന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, കമലഹാരിസിന്റെ വംശീയ നിലപാടുകളുടെ കുറിച്ചാണ് കൂടുതല്‍ പറഞ്ഞത്. അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ നിന്ന് കമലക്ക് ഒരു ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കു എന്നാണ് വിലയിരുത്തല്‍. അതേസമയം അമേരിക്കന്‍-ആഫ്രിക്കന്‍ വംശജരില്‍ നിന്ന് 20 ശതമാനം വോട്ടുകള്‍ വരെ കമലക്ക് നേടാന്‍ കഴിയും. ഇതാണ് തന്റെ ഇന്ത്യന്‍ ബന്ധം മറച്ചുവെക്കാന്‍ കമലയെ പ്രേരിപ്പിക്കുന്നതെന്ന് ഡോ.ശിവാംഗി കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ കമലഹാരിസിനെ ഒരു ഇന്ത്യന്‍ അമേരിക്കന്‍ പ്രസിഡണ്ടായി കാണാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 45 വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ശിവാംഗി, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനോടൊപ്പം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡണ്ടുമാരെ ഇന്ത്യയുമായി അടുപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച നേതാവുമാണ് അദ്ദേഹം. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മാതാവ് ഇന്ത്യക്കാരിയും പിതാവ് ജമൈക്കനുമാണ്.

ബൈഡനേക്കാള്‍ മികച്ചത് കമല

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആയിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന് കൂടുതല്‍ അനുകൂലമായ സാഹചര്യം ഉണ്ടാവുമായിരുന്നെന്ന് ഡോ.ശിവാംഗി അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. ബൈഡനെക്കാള്‍ എല്ലാ അര്‍ത്ഥത്തിലും മികച്ചത് കമല ഹാരിസ് ആണ്. ആഫ്രിക്കന്‍ അമേരിക്കന്‍ പരിവേഷം അവര്‍ക്ക് ഗുണം ചെയ്യും. പ്രായക്കുറവും സ്ത്രീയാണെന്നതും അനുകൂല ഘടകങ്ങളാണ്. ബൈഡന്‍ സര്‍ക്കാരിന്റെ നയങ്ങളെല്ലാം പാളിപ്പോയി. ഉക്രൈനിലെയും ഇസ്രായേലിലെയും അമേരിക്കയുടെ വിദേശകാര്യ നയങ്ങള്‍ പരാജയമായിരുന്നു. ഉക്രൈനിൽ അമേരിക്ക മില്യണ്‍ കണക്കിന് ഡോളര്‍ ചെലവിട്ടതിനെ സാധാരണക്കാരായ അമേരിക്കക്കാര്‍ പിന്തുണക്കുന്നില്ല. അമേരിക്കയിലെ പണപ്പെരുപ്പം കൂടുകയാണ്. ഇതുകൊണ്ടെല്ലാം ജനങ്ങള്‍ സര്‍ക്കാറിനെ വെറുത്തു തുടങ്ങിയിരിക്കുന്നുവെന്നും ഡോ. ശിവാംഗി പറഞ്ഞു.

Related Articles
Next Story
Videos
Share it