ഇന്ധന വില; എന്തുകൊണ്ട് കേരളം നികുതി കുറയ്ക്കുന്നില്ല?

കഴിഞ്ഞ ദിവസം പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ച കേന്ദ്രം സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ഇന്ധന വിലയിലുള്ള വാറ്റ് നികുതി കുറയ്ക്കില്ലെന്ന് കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ച് പറയുകയാണ് ഇന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എന്തുകൊണ്ട് കേരളം നികുതി കുറയ്ക്കുന്നില്ല എന്നതിന് കാരണങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വ്യവസായ മന്ത്രി പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റും എത്തി.

'കൂട്ടിയവര്‍ കുറയ്ക്കട്ടെ'!

നികുതി കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ എന്ന നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നത്. കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന വില കൂട്ടിയപ്പോഴും സെസ് ഏര്‍പ്പെടുത്തിയപ്പോഴും സംസ്ഥാനം അത് ചെയ്തില്ല. കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണെന്നും ധനമന്ത്രി പറയുന്നു. കഴിഞ്ഞ ആറുവര്‍ഷമായി കേരളം ഇന്ധനനികുതി കൂട്ടിയിട്ടില്ല. എന്നാല്‍ ഒരു തവണ കുറയ്ക്കുകയും ചെയ്‌തെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു.

കൂട്ടാത്തവര്‍ എന്തിന് കുറയ്ക്കണമെന്നാണ് വ്യവസായമന്ത്രി പി രാജീവ് ചോദിക്കുന്നത്. കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ മൊത്തം വിലയില്‍ കുറവുവരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാനനികുതിയുംആനുപാതികമായി കുറയും. സംസ്ഥാനത്തിന്റെ നികുതി ഇനിയും കുറയണമെങ്കില്‍ കേന്ദ്രം നികുതി നിരക്ക് കുറച്ചാല്‍ മതിയെന്നും പി രാജീവ് പറയുന്നു.

ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്റെ എക്‌സൈസ് നികുതി 9.48 രൂപയായിരുന്നു. അത് 32.90ല്‍ എത്തിയപ്പോഴാണ് അഞ്ചുരൂപ കുറഞ്ഞത്. ഡീസലിന്റെ നികുതി 3.56 രൂപയായിരുന്നത് 31.80 രൂപയില്‍ എത്തിയപ്പോഴാണ് 10 രൂപ കുറച്ചത്.

കേരളം നികുതി കുറച്ചാല്‍

കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാനം വാറ്റ് നികുതി കുറച്ചാല്‍ പെട്രോളിന് 3.20 രൂപയും ഡീസലിന് 5 രൂപയും കുറയും. കേന്ദ്രം നികുതി കുറച്ചപ്പോള്‍ അതിന് ആനുപാതികമായി പെട്രോളിന് 1.30 പൈസയും ഡീസലിന് 2.27 പൈസയും ആണ് കേരളത്തിന് നഷ്ടമാകുന്നത്.

പ്രതിദിനം സംസ്ഥാനത്ത് 63 ലക്ഷം ലീറ്റര്‍ ഡീസലും 51 ലക്ഷം ലീറ്റര്‍ പെട്രോളുമാണ് വില്‍പന നടത്തുന്നത്. എക്സൈസ് നികുതി 5 രൂപ വീതം കുറയുമ്പോള്‍ പെട്രോള്‍ വിഭാഗത്തില്‍ നിന്നും 60 ലക്ഷം രൂപയും ഡീസലിന് 10 രൂപ കുറയുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ നിന്നും 1.20 കോടി രൂപയും കുറയും. സംസ്ഥാനത്തിനുണ്ടാകുന്ന മൊത്തം പ്രതിദിന വരുമാന നഷ്ടം 1.80 കോടി രൂപയോളമായിരിക്കും. പ്രതിമാസ നഷ്ടം 54 കോടി രൂപയോളമാണ്.

നികുതി കുറച്ച സംസ്ഥാനങ്ങള്‍

കേന്ദ്രത്തിന്റെ തീരുമാനത്തിന് പിന്തുണയുമായി 10 സംസ്ഥാനങ്ങളാണ് ഇന്ധന നികുതി കുറച്ചത്. ഏറ്റവും കൂടുതല്‍ ഇളവ് നല്‍കിയത് ഹരിയാനയും ഉത്തര്‍പ്രദേശുമാണ്. പെട്രോളിനും ഡീസലിനും 12 രൂപവീതമാണ് ഇരു സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചത്. കര്‍ണാടക,അസം,ഗോവ, ത്രിപുര, ഗുജറാത്ത്,മണിപ്പൂര്‍, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും ഏഴുരൂപ വീതമാണ് കുറച്ചത്. ഉത്തരഖണ്ഡ് ഇന്ധനവിലയില്‍ രണ്ട്‌രൂപയും കുറച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it