പുകയുന്ന ഗള്‍ഫ് മണ്ണിലും കാര്യമായി കുതിക്കാതെ എണ്ണവില; ഒപെക് ഇതര രാജ്യങ്ങളുടെ നീക്കവും റഷ്യന്‍ തന്ത്രവും വിപണിയെ കാത്തത് ഇങ്ങനെ

ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ പ്രതീക്ഷിച്ച രീതിയിലുള്ള വിലക്കയറ്റം ഉണ്ടാകാത്തത് സാമ്പത്തിക വിദഗ്ധരെയും നിക്ഷേപകരെയും ഒരേപോലെ അദ്ഭുതപ്പെടുത്തുന്നു.
Donald Trump looking serious in the foreground; behind him, Vladimir Putin and Narendra Modi are walking and talking in front of a background filled with oil barrels
canva,Facebook / Narendra Modi, Donald Trump
Published on

തുടര്‍ച്ചയായ ആക്രമണങ്ങളും യുദ്ധഭീതിയും കൊണ്ട് പശ്ചിമേഷ്യ പുകയുമ്പോഴും ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ കാര്യമായ ചലനമില്ല. സാധാരണ ഗതിയില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആദ്യം പ്രതിഫലിക്കുക എണ്ണ വിപണിയിലായിരുന്നു. ഇറാനെതിരേ ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ സമയത്ത് ക്രൂഡ് വില ബാരലിന് 120 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ അത്രത്തോളം ശക്തമായ രണ്ടാംഘട്ട യുദ്ധത്തില്‍ ക്രൂഡ് വില 90 ഡോളര്‍ പരിസരത്തിലാണ്.

ഇത്രയും വലിയ തോതില്‍ ആക്രമണം നടക്കുമ്പോള്‍ ക്രൂഡ് വില 100 ഡോളര്‍ കടക്കേണ്ടതായിരുന്നു. എന്നാല്‍, ഡബ്ല്യുഡിഐ, മര്‍ബന്‍ ക്രൂഡുകള്‍ നിലവില്‍ യഥാക്രമം 84, 81 ഡോളറുകളിലാണ് വ്യാപാരം. ബ്രെന്റ് ക്രൂഡ് മാത്രമാണ് 90 ഡോളറിലെത്തിയത്. ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ പ്രതീക്ഷിച്ച രീതിയിലുള്ള വിലക്കയറ്റം ഉണ്ടാകാത്തത് സാമ്പത്തിക വിദഗ്ധരെയും നിക്ഷേപകരെയും ഒരേപോലെ അദ്ഭുതപ്പെടുത്തുന്നു.

നിലവില്‍ യുദ്ധ ഭീതി നിലനില്‍ക്കുമ്പോഴും അന്താരാഷ്ട്ര വിപണിയില്‍ വലിയൊരു വിലക്കയറ്റം ഉണ്ടാകാത്തതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. ആഗോള ഡിമാന്‍ഡ് കാര്യമായി വര്‍ധിക്കാത്തതും ഹോര്‍മൂസ് ഇതര വിതരണശൃംഖല കൂടുതല്‍ ശക്തമായതും ഇതിനു കാരണമാണ്.

ചൈനീസ് ഡിമാന്‍ഡ്

ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയില്‍ നിന്ന് ഡിമാന്‍ഡ് കുറവാണ്. ചൈനയാകട്ടെ ഇറാനില്‍ നിന്നാണ് കൂടുതല്‍ എണ്ണ വാങ്ങുന്നത്. ശേഷിച്ച ഭാഗം മാത്രമാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തുന്നത്. ചൈനീസ് സമ്പദ്വ്യവസ്ഥയിലുണ്ടായ മന്ദഗതിയും, അവിടെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ചതും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഗണ്യമായി കുറച്ചു. ചൈനയുടെ ആവശ്യകത വരും മാസങ്ങളിലും ഇതേ നിലയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍.

ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (IEA) കണക്കനുസരിച്ച് ഈ വര്‍ഷം ആഗോള ഓയില്‍ ഡിമാന്‍ഡ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രതിദിനം 10 ലക്ഷം ബാരലിലധികം കുറയുമെന്നാണ് പ്രവചനം.

ഒപെക് ഇതര രാജ്യങ്ങളുടെ ശക്തമായ വിതരണം

യുദ്ധം മൂലം ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണവിതരണം തടസപ്പെടുമ്പോഴും മറ്റ് രാജ്യങ്ങളില്‍ ഉത്പാദനം കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. ഹോര്‍മൂസ് വഴി മാത്രമാണ് നിലവില്‍ തടസപ്പെട്ടു കിടക്കുന്നത്. മറ്റ് ആഗോള എണ്ണ വഴികളെല്ലാം ശാന്തമാണ്. കിട്ടിയ അവസരം മുതലാക്കുകയാണ് ഒപെക് പ്ലസ്/ഗള്‍ഫ് ഇതര എണ്ണ ഉത്പാദക രാജ്യങ്ങള്‍.

യുഎസ്, ബ്രസീല്‍, കാനഡ തുടങ്ങിയ ഒപെക് ഇതര രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുത്തന വര്‍ധിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കാന്‍ രാജ്യങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇതേ പാതയിലാണ്.

വലിയ തോതിലുള്ള എണ്ണ സംഭരണം

രണ്ടാംഘട്ട യുദ്ധ സാധ്യത മുന്‍കൂട്ടി കണ്ട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെല്ലാം വന്‍തോതില്‍ എണ്ണ സംഭരിച്ചിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ എണ്ണ പ്രതിസന്ധി പല രാജ്യങ്ങളെയും മറ്റ് പ്ലാനുകള്‍ ക്രമപ്പെടുത്താന്‍ സഹായിച്ചു. മാത്രമല്ല, യു്ദ്ധം മറ്റൊരു തലത്തിലേക്ക് മാറുമെന്ന സൂചനകള്‍ ഉണ്ടായിരുന്നതിനാല്‍ ജാഗ്രതയിലായിരുന്നു രാജ്യങ്ങള്‍.

റഷ്യന്‍ എണ്ണയുടെ സമാന്തര വിപണിപാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യ, ഏഷ്യന്‍ വിപണികളിലേക്ക് വന്‍തോതില്‍ വിലക്കിഴിവിലാണ് എണ്ണ എത്തിക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള പ്രമുഖ ഇറക്കുമതി രാജ്യങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചു. ഇന്ത്യ വലിയൊരു പങ്ക് എണ്ണ റഷ്യയില്‍ നിന്ന് വാങ്ങുന്നത് വഴി ഹോര്‍മൂസിലെ പ്രതിസന്ധി അതിജീവിക്കുന്നു.

എണ്ണവിപണിയുടെ ഭാവിയെന്ത്?

ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള ആഗോള ഏജന്‍സികളുടെ വിലയിരുത്തല്‍ അനുസരിച്ച് 2026-ന്റെ രണ്ടാം പകുതിയിലും വിപണിയില്‍ ആവശ്യത്തിലധികം എണ്ണ ലഭ്യമാകുന്ന അവസ്ഥ തുടരും. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെക് പ്ലസ്' നിയന്ത്രണം കടുപ്പിച്ചില്ലെങ്കില്‍, വരും മാസങ്ങളിലും ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഉയരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികമായി ഞെരുക്കത്തില്‍ ആയതിനാല്‍ ഉത്പാദനം കുറച്ച് വില ഡിമാന്‍ഡ് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചേക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com