
2025ന്റെ ആദ്യ പകുതിയില്‍ തകര്‍ത്തു കയറിയ സ്വര്‍ണവില പിന്നീട് വലിയ അനക്കമില്ലാതെ മുന്നോട്ടു പോകുന്നതാണ് കണ്ടത്. അതേസമയം, വെള്ളിവില തുടര്‍ച്ചയായി നേട്ടങ്ങളിലൂടെയാണ് മുന്നേറുന്നത്. ജൂണില്‍ മാത്രം എട്ട് ശതമാനം നേട്ടമാണ് വെള്ളി നല്കിയത്. വില ഉയര്‍ന്നതോടെ നിക്ഷേപകരുടെ ശ്രദ്ധ പതിയെ വെള്ളിയിലേക്ക് മാറിയിട്ടുണ്ട്.
ജൂണ്‍ അവസാനം വരെ 25 ശതമാനമാണ് സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. വെള്ളിയുടേത് 20 ശതമാനവും. മുന്‍ വര്‍ഷങ്ങളിലെ ട്രെന്റിനു വിരുദ്ധമായി ഈ ലോഹങ്ങളുടെ വിലയില്‍ വലിയ മാറ്റത്തിനു കാരണമായത് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട തീരുവ യുദ്ധമാണ്. ഒപ്പം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും സ്വര്‍ണത്തിനും വെള്ളിക്കും കുതിപ്പേകി.
സ്വര്‍ണവില കുതിക്കാനുള്ള കാരണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് വെള്ളിയുടെ കാര്യം. വ്യവസായിക ആവശ്യങ്ങള്‍ക്കാണ് വെള്ളി കൂടുതലായും ഉപയോഗിക്കുന്നത്. വെള്ളിയുടെ മൊത്തം ഡിമാന്‍ഡിന്റെ 60 ശതമാനത്തിലേറെയും വ്യവസായിക മേഖലയില്‍ നിന്നാണ്. ഇലക്‌ട്രോണിക്‌സ്, സോളാര്‍ പാനല്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വെള്ളി പ്രധാനപ്പെട്ട ഘടകമാണ്. ഡിമാന്‍ഡിന് അനുസരിച്ച് ലഭ്യത ഉയരാത്തതും വെള്ളിയുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.
വെള്ളി ലഭ്യത തുടര്‍ച്ചയായി ഇടിയുന്നത് വരും വര്‍ഷങ്ങളിലും വെള്ളിവില ഉയരുന്നതിന് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. സ്വര്‍ണത്തെ അപേക്ഷിച്ച് കൂടുതല്‍ നേട്ടം ലഭിക്കുമെന്നതിനാല്‍ വരുംവര്‍ഷങ്ങളില്‍ വെള്ളിയിലുള്ള നിക്ഷേപം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുമ്പ് വെള്ളി ആഭരണങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ല. എന്നാല്‍ യുവതലമുറയ്ക്ക് വെള്ളി ആഭരണങ്ങളോട് പ്രിയം കൂടിയിട്ടുണ്ട്. മാല, ലോക്കറ്റ്, കൈച്ചെയിന്‍, വളകള്‍ എന്നീ ആഭരണങ്ങളോടാണ് യുവാക്കള്‍ക്ക് പ്രിയം. എന്നാല്‍, പെണ്‍കുട്ടികള്‍ കൂടുതല്‍ പാദസരങ്ങളോടാണ് താത്പര്യം കാണിക്കുന്നത്. റോസ്, വൈറ്റ് തുടങ്ങി വിവിധ നിറങ്ങളില്‍ വെള്ളിയാഭരണങ്ങള്‍ വിപണിയിലെത്തിയതും ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. ഡയമണ്ട് ചേര്‍ത്തുള്ള വെള്ളിയാഭരണങ്ങള്‍ക്കും ആവശ്യക്കാരേറെയുണ്ടെന്ന് വ്യാപാരികളും പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine