
ആഗോള തലത്തിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പലപ്പോഴും വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കാറുണ്ട്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശ സമയത്ത് പതിനായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നത്. ഇതിലേറെയും മെഡിക്കല്‍ രംഗത്ത് പഠനം തുടര്‍ന്നവരായിരുന്നു.
ഇപ്പോഴിതാ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം വീണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വിവിധ കോഴ്‌സുകളില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യ അവിടെ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. എണ്ണസമ്പത്ത് ആവശ്യത്തിലേറെ ഉണ്ടെങ്കിലും താരതമ്യേന സാമ്പത്തികമായി ഞെരുക്കത്തിലാണ് ഇറാന്‍. അവിടുത്തെ വിദ്യാഭ്യാസ സംവിധാനവും അത്ര ഉയര്‍ന്നതല്ല.
എന്നിരുന്നാലും നിരവധി കുട്ടികളാണ് ഇറാനില്‍ പഠിക്കുന്നതിലേറെ. അതിലേറെയും മെഡിക്കല്‍ ഫീല്‍ഡുമായി ബന്ധപ്പെട്ടാണ്. ഈ വിദ്യാര്‍ത്ഥികളിലേറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ് താനും.
ഇറാനില്‍ കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലാകാന്‍ കാരണങ്ങള്‍ പലതാണ്. കശ്മീരും ടെഹ്‌റാനും തമ്മില്‍ സംസ്‌കാരികവും മതപരവുമായ സാമ്യമാണ് അതിലേറ്റവും പ്രധാനം. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ഇറാനില്‍ നിന്നുള്ള വ്യാപാരികള്‍ കശ്മീരുമായി ബന്ധം തുടരുന്നുണ്ട്.
കാര്‍പെറ്റ്, ഡ്രൈഫ്രൂട്ട്, കരകൗശല വസ്തുകള്‍ എന്നിവയുടെ വില്പനയ്ക്കായിട്ടാണ് ഇറാനില്‍ കശ്മീരില്‍ വന്നതെങ്കിലും പിന്നീട് ഇവിടെ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈയൊരു ബന്ധം നൂറ്റാണ്ടുകള്‍ക്കു ശേഷവും നിലനില്‍ക്കുന്നു. കശ്മീരുമായി സാമ്യമുള്ളതാണ് ടെഹ്‌റാനിലെ മതപരമായ സാഹചര്യങ്ങളും.
യഥാസ്ഥിതികരായ കശ്മീരി മാതാപിതാക്കള്‍ ടെഹ്‌റാനിലേക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കാന്‍ മറ്റു പല കാരണങ്ങളുമുണ്ട്. ഇറാനിലും ഇന്ത്യയിലും എം.ബി.ബി.എസ് പഠനത്തിനുള്ള ചെലവ് വ്യത്യസ്തമാണ്. സര്‍ക്കാര്‍ കോളജുകളില്‍ ചുരുങ്ങിയ ചെലവില്‍ പഠിക്കാന്‍ സാധിക്കുമെങ്കിലും സ്വകാര്യ കോളജുകളില്‍ സ്ഥിതി വ്യത്യസ്തമാണ്.
കോടികള്‍ മുടക്കിയെങ്കില്‍ മാത്രമേ സ്വകാര്യ കോളജുകളില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. രാജ്യത്ത് നിലവില്‍ 1.18 ലക്ഷം എം.ബി.ബി.എസ് സീറ്റുകളുണ്ട്. 2024ല്‍ 22.7 ലക്ഷം അപേക്ഷകരായിരുന്നു സര്‍ക്കാര്‍ ക്വാട്ടയില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ കോളജുകളില്‍ അഡ്മിഷന്‍ കിട്ടാത്തവര്‍ പിന്നീട് വിദേശ പഠനത്തിനാണ് മുന്‍തൂക്കം നല്കുന്നത്. ഇറാന്‍, യുക്രെയ്ന്‍ പോലുള്ള രാജ്യങ്ങളില്‍ ഇന്ത്യയിലേതിനേക്കാള്‍ ചുരുങ്ങിയ തുകയ്ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ടെഹ്‌റാനിലെ കോളജുകളില്‍ എം.ബി.ബി.എസ് പഠനത്തിന് ചെലവ് തീരെ കുറവാണ്. ഇന്ത്യയില്‍ പഠിക്കുന്നതിന്റെ പത്തിലൊന്ന് തുകയ്ക്ക് ഇവിടെ പഠനം പൂര്‍ത്തിയാക്കാം. ചില യൂണിവേഴ്‌സിറ്റികള്‍ ഓരോ വര്‍ഷവും ഒന്നിലേറെ ബാച്ചുകള്‍ നടത്തുന്നുണ്ടെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പവനീന്ദ്ര ലാല്‍ പറയുന്നു.
പല വിദേശ വിദ്യാര്‍ത്ഥികളും രണ്ട് തലത്തിലുള്ള എം.ബി.ബി.എസ് കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്ന് ലാല്‍ മുന്നറിയിപ്പ് നല്കുന്നു. ഒന്ന് തങ്ങളുടെ രാജ്യത്തുള്ള കുട്ടികള്‍ക്കും മറ്റൊന്ന് വിദേശ വിദ്യാര്‍ത്ഥികള്‍ക്കും. ഈ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടറായി ജോലി ചെയ്യുന്നതിന് ഈ കോഴ്‌സ് മതിയാകാത്ത അവസ്ഥയുമുണ്ട്. വിദേശത്ത് എം.ബി.ബി.എസ് പഠനത്തിന് ചെലവ് കുറവാണെങ്കിലും ഇത്തരത്തിലുള്ള ചതിക്കുഴികളില്‍ പെടാതെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine