
ഇറാന്-ഇസ്രയേല്‍ യുദ്ധം ഓരോ ദിവസം ചെല്ലുന്തോറും രൂക്ഷമാകുകയാണ്. ഇറാന്‍ നേതൃത്വത്തിലുള്ള മുന്‍നിര നേതാക്കളെ തിരഞ്ഞു പിടിച്ചു വധിക്കുകയാണ് ഇസ്രയേല്‍. ഇറാനും വിട്ടുകൊടുക്കുന്നില്ല. ടെല്‍ അവീവിലും ഇസ്രയേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തുകയാണ്. മധ്യസ്ഥതയ്ക്കായി അണിയറയില്‍ നീക്കം നടക്കുന്നുണ്ടെങ്കിലും പോരാട്ടം കനക്കുകയാണ്.
വെടിനിര്‍ത്തലിനായി ഇസ്രയേലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ സമീപിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നുണ്ട്. വേണ്ടിവന്നാല്‍ യുദ്ധത്തില്‍ നേരിട്ട് ഇടപെടുമെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവന പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നുണ്ട്.
യുദ്ധത്തില്‍ ഇസ്രയേലിന് മേല്‍ക്കൈ ലഭിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നീക്കത്തിന് ഇറാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഗള്‍ഫ് മേഖലയിലെ എണ്ണ വിതരണത്തിന്റെ സിംഹഭാഗവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ യാത്ര തടസപ്പെടുത്താന്‍ ഇറാന്‍ നീക്കം നടത്തിയേക്കുമെന്നാണ് സൂചന. ലോകത്തെ എണ്ണക്കയറ്റുമതിയുടെ 20 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.
ഈ റൂട്ടില്‍ കപ്പലുകള്‍ക്ക് സഞ്ചാരം തടസപ്പെട്ടാല്‍ അത് എണ്ണവിതരണത്തെ ബാധിക്കും. ആഗോള തലത്തില്‍ എണ്ണവില കുത്തനെ കൂടാനും ഇതു കാരണമാകും. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കാനുള്ള നേരിയ പാതയാണിത്. ശരാശരി 55-90 കിലോമീറ്ററാണ് ഹോര്‍മുസ് കടലിടുക്കിന്റെ വീതി. ജലപാതയാകട്ടെ ഇതിലും ഇടുങ്ങിയതാണ്. ഈ പാതയില്‍ തടസങ്ങളുണ്ടാക്കുക ഇറാനെ സംബന്ധിച്ച് എളുപ്പമാണ്.
പാതയില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയോ ഇതുവഴി പോകുന്ന കപ്പലുകളെ ആക്രമിക്കുകയോ ചെയ്താല്‍ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാകും. ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് ഇതുവഴി പോയിരുന്ന കപ്പലുകളെ ഇരുകൂട്ടരും ആക്രമിച്ചിരുന്നു. എന്നാല്‍ ജലപാത പൂര്‍ണമായും അടയ്ക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പാതയുടെ പേരില്‍ ഇറാന്‍ തുടര്‍ച്ചയായി ഭീഷണി മുഴക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനോ തടസപ്പെടുത്താനോ ഇറാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കുന്നവര്‍ക്കും അതു പ്രഹരമാകും. എണ്ണ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ചൈന. എണ്ണ വില ഉയരണമെന്ന് അവര്‍ക്ക് ഒട്ടും ആഗ്രഹമില്ല. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ആദ്യം അപലപിച്ച രാജ്യം കൂടിയാണ് ചൈന. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ഇറക്കുമതി തടസപ്പെട്ടാല്‍ ചൈനയുടെ അനിഷ്ടം കൂടി ഇറാന് നേരിടേണ്ടി വരും.
ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങളെയും ഈ നീക്കം ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗം എണ്ണ വില്പനയാണ്. ഇതിനു ഭംഗം വരുന്ന വിധത്തില്‍ ഇറാനില്‍ നിന്നുണ്ടാകുന്ന നീക്കത്തെ അവര്‍ അനുകൂലിക്കാന്‍ സാധ്യതയില്ല. ഇപ്പോള്‍ തന്നെ ഇറാനോട് അത്ര താല്പര്യമില്ലാത്ത നിലപാടാണ് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്.
ഇറാനോടും ഇസ്രയേലിനോടും ഒരുപോലെ സൗഹൃദം പുലര്‍ത്തുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുദ്ധമേഖലയില്‍ നിന്ന് പുറത്തു കടക്കാന്‍ ഇറാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ നീക്കമുണ്ടായാല്‍ ഇന്ത്യയ്ക്കും തലവേദനയാകും.
ഹോര്‍മുസ് വഴി പ്രതിദിനം കടന്നുപോകുന്ന 17 മില്യണ്‍ ക്രൂഡ്ഓയില്‍ ബാരലുകളില്‍ കൂടുതലും നല്ലൊരു പങ്ക് ഇന്ത്യയിലേക്കും വരുന്നുണ്ട്. മാത്രമല്ല ഗള്‍ഫ് മേഖലയിലേക്കുള്ള ചെറുതും വലുതുമായ കയറ്റുമതിയും ഈ മേഖലയിലൂടെയാണ്. ഹോര്‍മുസ് കടലിടുക്കിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഇന്ത്യയെയും ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
Read DhanamOnline in English
Subscribe to Dhanam Magazine