

ഡൊണാള്‍ഡ് ട്രംപ് പ്രവചനങ്ങള്‍ക്ക് അതീതനാണ്. ഏതു സമയത്ത് ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് ഒപ്പമുള്ളവര്‍ക്കു പോലും മനസിലാക്കാന്‍ പറ്റില്ല. ഉറ്റസുഹൃത്തായ നരേന്ദ്ര മോദി മുതല്‍ ജസ്റ്റിന്‍ ട്രൂഡോ വരെയൊണെങ്കില്‍ പോലും. അമേരിക്കയുടെ താല്പര്യങ്ങള്‍ മാത്രമാണ് താന്‍ പരിഗണിക്കുന്നതെന്ന് ആദ്യ ടേം മുതല്‍ ട്രംപ് കൃത്യമായി ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. തീരുവ യുദ്ധത്തില്‍ ലോകരാജ്യങ്ങളെയെല്ലാം വെല്ലുവിളിച്ച് തുടങ്ങിയ ട്രംപ് ഇപ്പോള്‍ തന്റെ ശ്രദ്ധയെല്ലാം ഒരൊറ്റ പോയിന്റിലേക്ക് കേന്ദ്രീകരിക്കുകയാണ്.
ലോകരാജ്യങ്ങള്‍ക്ക് തീരുവ ഈടാക്കുന്നതിന് ഇളവ് അനുവദിക്കുന്നു, യൂറോപ്യന്‍ യൂണിയനോടുള്ള ശത്രുതാ സമീപനം മാറ്റുന്നു. ശരവേഗത്തില്‍ എവിടെ തുടങ്ങിയോ അങ്ങോട്ടേക്ക് തന്നെ യു.എസും ട്രംപ് തിരിച്ചെത്തുകയാണ്. എന്താണ് ട്രംപ് മനസില്‍ കാണുന്നത്.
ലോക രാജ്യങ്ങളെ പാഠം പഠിപ്പിക്കുന്നതിനേക്കാള്‍ ചൈനയെ വരിഞ്ഞു മുറുക്കുകയാണെന്ന ലക്ഷ്യത്തിലേക്ക് ട്രംപ് കൂടുതല്‍ ഫോക്കസ് ചെയ്യുകയാണെന്ന വിലയിരുത്തലുകളാണ് വരുന്നത്. അതേ, ചൈനയെ വളരാന്‍ അനുവദിക്കാതിരിക്കുകയെന്നത് മാത്രമായി ട്രംപ് തല്‍ക്കാലത്തേക്കെങ്കിലും തീരുമാനം മാറ്റിയിരിക്കുന്നു.
സാമ്പത്തികമായി ഇപ്പോഴും ചൈനയ്ക്കു മുകളിലാണെങ്കിലും യു.എസിന് നല്ല പേടിയുണ്ട്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ചൈനയില്‍ നിന്നുള്ള വെല്ലുവിളി പ്രതീക്ഷിക്കുന്നതിന് അപ്പുറമാകുമെന്ന ഭയം മുമ്പേയുണ്ട്. ശത്രുവിന്റെ കരുത്ത് എന്താണോ അതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന തന്ത്രമാണ് ട്രംപ് പയറ്റുന്നത്.
ചൈനീസ് മാര്‍ക്കറ്റില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്കുള്ള കയറ്റുമതി ഇടിക്കാനായാല്‍ ചൈനീസ് കുതിപ്പ് തടയാനാകുമെന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് തന്നെയാണ് യൂറോപ്യന്‍ യൂണിയനു പോലും പരിഗണന നല്കി ചൈനയില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലോകത്തിന്റെ ഫാക്ടറിയായി ചൈന വരുന്നത് യു.എസ് താല്പര്യങ്ങള്‍ക്ക് ഹാനികരമാണ്. ചൈനയെ ഇപ്പോഴേ തടഞ്ഞില്ലെങ്കില്‍ യു.എസ് വിരുദ്ധ ചേരി ബീജിംഗിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവരുമെന്ന് യു.എസ് ഭരണകൂടം ഭയക്കുന്നുമുണ്ട്. ബാക്കി രാജ്യങ്ങള്‍ക്ക് ഇളവു നല്കിയിട്ടും ചൈനയെ വെറുതെ വിടാത്തതിന് കാരണവും ഇതുതന്നെയാണ്.
യു.എസിന്റെ വെല്ലുവിളിക്ക് മുന്നില്‍ കീഴടങ്ങി മറുചുങ്കം ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് ചൈന പിന്മാറിയിരുന്നെങ്കില്‍ പോലും വൈറ്റ്ഹൗസ് ഇപ്പോഴത്തെ നിലപാട് തുടര്‍ന്നേനെ. കാരണം, അവരുടെ ലക്ഷ്യം പ്രധാനമായും ചൈനയാണ്.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ 145 ശതമാനമാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനത്തില്‍ നിന്ന് 125 ശതമാനമായി തീരുവ ഉയര്‍ത്തുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമുള്ള 20 ശതമാനം നികുതി കൂടി ബാധകമാണെന്നും അതിനാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യഥാര്‍ഥ തീരുവ 145 ശതമാനമാണെന്നും വൈറ്റ്ഹൗസ് വിശദീകരിച്ചു.
ചൈന ഇതുവരെ രണ്ടുഘട്ടമായി 84 ശതമാനം നികുതിയാണ് അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള തീരുവ ചൈന ഇനിയും ഉയര്‍ത്തുമെന്ന അഭ്യൂഹവും ശക്തമാണ്. മറ്റ് രാജ്യങ്ങള്‍ക്കു മേലുള്ള പുതുക്കിയ നിരക്ക് മരവിപ്പിച്ചത് ചൈനയ്ക്ക് തിരിച്ചടിയാണ്. മറ്റ് രാജ്യങ്ങളെ കൂട്ടുപിടിച്ച് യു.എസിനെ വെല്ലുവിളിക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിക്കാര്‍ക്കൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിച്ചശേഷം ഇവിടെ നിന്ന് കുറഞ്ഞ തീരുവ നല്കി കയറ്റിയയ്ക്കുന്നതിന് എതിരേയായിരുന്നു അത്. യു.എസിന്റെ ലക്ഷ്യം ചൈനയാണെന്ന് വ്യക്തമായതോടെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.
യു.എസിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ മറ്റ് രാജ്യങ്ങളും ചൈനീസ് ഇറക്കുമതിയോട് ചെറുതായെങ്കിലും മുഖംതിരിച്ചാല്‍ കഥമാറും. പുറമേ വലിയ മോടിയുണ്ടെങ്കിലും ചൈനീസ് സമ്പദ്‌വ്യവസ്ഥ അത്രയങ്ങ് ശക്തമല്ല. ട്രംപിന്റെ കളികള്‍ കൃത്യമായാല്‍ ചൈന തന്നെ വെള്ളംകുടിക്കേണ്ടി വരും. കൂടുതല്‍ രാജ്യങ്ങളെ പിണക്കാതെ ട്രംപ് രീതി മാറ്റിയതും ഇതൊക്കെ മുന്നില്‍ കണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine