റഷ്യന്‍ എണ്ണയെ ട്രംപ് പേടിക്കുന്നതെന്തിന്? യുക്രെയ്ന്‍ യുദ്ധം മാത്രമോ, അതോ സാമ്പത്തിക വളര്‍ച്ചയോ?

എണ്ണ കമ്പനികള്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കുന്നുവെന്നത് റഷ്യന്‍ എണ്ണക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്റ് കൂട്ടുന്നു
Russian oil
Russian oilcanva,Facebook / Narendra Modi, Donald Trump
Published on

റഷ്യയില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന്റെ പേരിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ ഇന്ത്യക്കും ചൈനക്കുമെതിരെ വാളെടുക്കുന്നത്. റഷ്യയുമായുള്ള പെട്രോളിയം ഇടപാടിന്റെ പേരില്‍ ഇന്ത്യക്ക് പഴിയടിക്കാന്‍ വരെ മുതിരുന്ന ട്രംപ് യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നതെന്താണ്? യുക്രെയ്നെതിരെ യുദ്ധം ചെയ്യുന്ന റഷ്യയെ ശക്തിപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി വൈറ്റ് ഹൗസിലെത്തിയ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെ പടിയിറക്കി വിട്ട ട്രംപാണ് ഇപ്പോള്‍ യുക്രെയ്നില്‍ മരിച്ചു വീഴുന്നവരെ കുറിച്ച് വിലപിക്കുന്നത്. യഥാര്‍ത്ഥത്തില്‍ യുക്രെയ്ന്‍ സ്‌നേഹം മാത്രമാണോ ട്രംപിനുള്ളത്?. അതോ യുദ്ധം നിര്‍ത്താന്‍ വേണ്ടി റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനോ?

പുടിനെ വരുതിയില്‍ നിര്‍ത്തണം

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വഴങ്ങാത്തതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. റഷ്യയുടെ പ്രധാന വരുമാന മാര്‍ഗം തടയുകയെന്നതാണ് ഇതിന് ട്രംപ് ഇപ്പോള്‍ കണ്ടിട്ടുള്ള പോംവഴി. ചൈന, ഇന്ത്യ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ചൈനയില്‍ നിന്ന് പ്രധാനമായി എണ്ണ വാങ്ങുന്നത്. 2023 ല്‍ റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതോടെ ആ മേഖലയിലേക്കുള്ള റഷ്യന്‍ കയറ്റുമതി കുറഞ്ഞിരുന്നു. നിലവില്‍ ചൈനയാണ് റഷ്യന്‍ എണ്ണയുടെ പ്രധാന ആവശ്യക്കാര്‍. 21,950 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 13,340 കോടി ഡോളറിന്റെ ഇടപാടും നടത്തുന്നു. തുര്‍ക്കിക്ക് 900 കോടി ഡോളറിന്റെ എണ്ണ ഇടപാടുകള്‍ റഷ്യയുമായുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഹംഗറിയും റഷ്യന്‍ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്.

റഷ്യന്‍ എണ്ണയുടെ പ്രത്യേകത

വിലക്കുറവാണ് ആഗോള വിപണിയില്‍ റഷ്യന്‍ എണ്ണയെ ആകര്‍ഷകമാക്കുന്നത്. അന്താരാഷ്ട്ര വിപണി വിലയേക്കാള്‍ കുറച്ചാണ് റഷ്യ എണ്ണ വില്‍ക്കുന്നത്. എണ്ണ കമ്പനികള്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കുന്നുവെന്നത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്റ് കൂട്ടുന്നുണ്ട്. യൂറോപ്പിന്റെ ഉപരോധം നിലനില്‍ക്കുമ്പോഴും റഷ്യ പെട്രോളിയം മേഖലയില്‍ നിന്ന് നല്ല വരുമാനമുണ്ടാക്കുന്നു. ജൂണ്‍ മാസത്തില്‍ 1,260 കോടി ഡോളറാണ് റഷ്യയുടെ എണ്ണ വരുമാനം. ലോകത്തെ പ്രമുഖരായ ഏഴ് വ്യവസായ രാഷ്ട്രങ്ങള്‍ ഒന്നിച്ചെതിര്‍ത്തിട്ടും റഷ്യയുടെ പെട്രോളിയം ബിസിനസിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വിലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയും ഇന്‍ഷുറന്‍സ് കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തിയും റഷ്യന്‍ മുന്നേറ്റം തടയാന്‍ ശ്രമങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം റഷ്യ അതിജീവിക്കുകയാണ്. ഉപരോധം നിലവിലില്ലാത്ത രാജ്യങ്ങളിലെ കമ്പനികള്‍ വഴിയാണ് റഷ്യയുടെ എണ്ണ വ്യാപാരം മുന്നോട്ടു പോകുന്നത്. ഈ വര്‍ഷം റഷ്യയില്‍ നിന്ന് 15,300 കോടി ഡോളറിന്റെ എണ്ണ കയറ്റുമതിക്ക് കരാറുകളുണ്ട്. ഇതാണ് റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന വരുമാനം. റൂബിളിന്റെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിലും ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലും റഷ്യയുടെ പ്രധാന കരുത്ത് ഈ കയറ്റുമതിയാണ്. അത് തകര്‍ക്കുകയാണ് ട്രംപിന്റെ പുതിയ ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com