
ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളില്‍ അടക്കം പാകിസ്ഥാന്‍ ഷെല്ലാക്രമണം തുടരുന്നതിനിടെ ചര്‍ച്ചയായി തുര്‍ക്കി-പാക് ബന്ധം. കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ പാക് ആക്രമണങ്ങളില്‍ ഉപയോഗിച്ചത് നാന്നൂറോളം തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ്. തകര്‍ന്ന് വീണ ഡ്രോണുകളുടെ പ്രാഥമിക പരിശോധനയില്‍ ഇവ തുര്‍ക്കി നിര്‍മിത അസിസ് ഗാര്‍ഡ് സോന്‍ഗാര്‍ ഡ്രോണുകളാണെന്ന് തെളിഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിക്കാതെ പാകിസ്ഥാന് പൂര്‍ണ പിന്തുണ നല്‍കിയ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. ഇതിനിടയില്‍ പ്രസിഡന്റ് റസബ് തയ്യിബ് എര്‍ദോഗന്റെ നിര്‍ദ്ദേശ പ്രകാരം തുര്‍ക്കി സൈനിക വിമാനവും ഒരു മുങ്ങിക്കപ്പലും പാകിസ്ഥാനിലെത്തുകയും ചെയ്തു. കൂടെയുണ്ടാകുമെന്ന് കരുതിയ ചൈന പോലും കൈവിട്ട സാഹചര്യത്തില്‍ പാകിസ്ഥാനെ തുര്‍ക്കി പിന്തുണക്കുന്നതിന് പിന്നിലെ കാരണമെന്താണ്? ഇത് ഇന്ത്യന്‍ താത്പര്യങ്ങളെ എങ്ങനെ ബാധിക്കും? ഇന്ത്യ-തുര്‍ക്കി ബന്ധം എങ്ങനെയാണ്? പരിശോധിക്കാം...
തുര്‍ക്കിയും പാകിസ്ഥാനും തമ്മില്‍ പതിറ്റാണ്ടുകളായുള്ള ബന്ധമാണുള്ളത്. സ്വാതന്ത്ര്യത്തിനും മുമ്പ് ഖിലാഫത്ത് മുന്നേറ്റ കാലത്ത് തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ വലിയ സൈനിക സഹകരണത്തിലേക്ക് എത്തിച്ചത്. 2003ല്‍ അധികാരത്തില്‍ എത്തിയ ശേഷം പത്ത് തവണ പാകിസ്ഥാനിലെത്തി എര്‍ദോഗന്‍ ഈ ബന്ധം ഊട്ടിയുറപ്പിച്ചു. പശ്ചിമേഷ്യയില്‍ സൗദി-യു.എ.ഇ അച്ചുതണ്ടിനെതിരെ ഖത്തറും തുര്‍ക്കിയും ഒരുക്കുന്ന സഖ്യത്തില്‍ പാകിസ്ഥാനെയും കൂടെനിര്‍ത്താനാണ് തുര്‍ക്കി ശ്രമിക്കുന്നതെന്ന് ചില നിരീക്ഷകര്‍ പറയുന്നു.
പാകിസ്ഥാന് പുറമെ ഗള്‍ഫ് മേഖലക്ക് പുറത്തുള്ള മുസ്‌ലിം രാജ്യങ്ങളെ തങ്ങള്‍ക്കൊപ്പം നിറുത്താനാണ് തുര്‍ക്കിയുടെ ശ്രമം. 2019ല്‍ പാകിസ്ഥാന്‍, തുര്‍ക്കി, ഖത്തര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കോലലംപൂരില്‍ ഉച്ചകോടി നടത്തിയിരുന്നു. മുസ്ലിം രാജ്യങ്ങളിലെ ബുദ്ധിജീവികളുടെ സമ്മേളനമെന്ന് വിശദീകരിച്ചെങ്കിലും സൗദി അറേബ്യക്കെതിരെയുള്ള സന്ദേശമെന്നാണ് അന്ന് വിലയിരുത്തപ്പെട്ടത്. സുന്നി മുസ്‌ലിം വിഭാഗത്തില്‍ പെട്ട തുര്‍ക്കിയും പാകിസ്ഥാനും അടുക്കുന്നതില്‍ അത്ഭുതമില്ലെന്നും നിരീക്ഷകര്‍ പറയുന്നു.
അടുത്ത കാലത്തായി പാകിസ്ഥാന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. ചൈനക്ക് പിന്നില്‍ രണ്ടാം സ്ഥാനമാണ് തുര്‍ക്കിക്ക് ഇക്കാര്യത്തിലുള്ളത്. അടുത്തിടെ തുര്‍ക്കിയില്‍ നിന്നും ബയ്‌റക്തര്‍ ഡ്രോണുകളും (Bayraktar Drones) കെമാന്‍കെസ് ക്രൂസ് മിസൈലുകളും (Kemankes Cruise Missile) പാക്കിസ്ഥാന്‍ വാങ്ങിയിരുന്നു. ഇതിനിടയില്‍ മെയ് എട്ടിന് തുര്‍ക്കിഷ് സി130 ഇ സൈനിക വിമാനം പാകിസ്ഥാനിലെത്തിയത് എന്തിനെന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ധനം നിറക്കുന്നതിനാണ് പാക് വിമാനത്താവളത്തില്‍ ഇറങ്ങിയതെന്ന് തുര്‍ക്കിയും പാകിസ്ഥാനും വിശദീകരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നിരവധി സംശയങ്ങള്‍ ബാക്കിയാണ്.
2023ല്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആദ്യം ഓടിയെത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓപ്പറേഷന്‍ ദോസ്ത് എന്ന പേരില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയാണ് തുര്‍ക്കിയിലെത്തിയത്. ഇതിന് പുറമെ സൈനിക ഫീല്‍ഡ് ആശുപത്രിയും അന്ന് ദുരന്തഭൂമിയില്‍ തുറന്നിരുന്നു. നിരവധി സാമ്പത്തിക സഹായവും അന്ന് ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലെത്തി. ഭൂകമ്പ ദുരന്തത്തില്‍ പെട്ട തുര്‍ക്കി, സിറിയ എന്നീ രാജ്യങ്ങള്‍ക്ക് 10 കോടി രൂപ കേരളവും സംഭാവന ചെയ്തിരുന്നു.
സംഘര്‍ഷമുണ്ടായപ്പോള്‍ പാകിസ്ഥാന് ആയുധങ്ങള്‍ അയച്ചുനല്‍കി പരസ്യ പിന്തുണ നല്‍കിയ തുര്‍ക്കിയുടെ നീക്കം കേവലം പ്രതീകാത്മകമല്ലെന്നാണ് വിലയിരുത്തല്‍. നേരിട്ട് ഇന്ത്യയുമായി തുര്‍ക്കിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും പുതിയ സാഹചര്യത്തില്‍ തുര്‍ക്കിയോടുള്ള നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്താന്‍ ഇടയുണ്ട്. തുര്‍ക്കിയുടെ ശത്രുപക്ഷത്തുള്ള ഗ്രീസ്, സൈപ്രസ്, ഇസ്രയേല്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
Read DhanamOnline in English
Subscribe to Dhanam Magazine