Begin typing your search above and press return to search.
വിസ്താര എയര്‍ലൈന്‍സില്‍ ഭക്ഷണത്തില്‍ 'ഹിന്ദു-മുസ്ലിം' വേര്‍തിരിവെന്ന് ആക്ഷേപം, സത്യാവസ്ഥ ഇതാണ്
വിസ്താര എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് എടുത്തപ്പോള്‍, അതില്‍ രണ്ടു രീതിയിലുളള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നതായാണ് പരാതികള്‍ ഉയര്‍ന്നത്. ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് യാത്ര ചെയ്തപ്പോള്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് അനുവദിക്കുന്ന ടിക്കറ്റിന്റെ പകര്‍പ്പ് മാധ്യമപ്രവർത്തക ആരതി ടിക്കൂ സിംഗാണ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. എന്തുകൊണ്ടാണ് വിസ്താര തങ്ങളുടെ വെജിറ്റേറിയൻ ഭക്ഷണങ്ങളെ ഹിന്ദു ഭക്ഷണമെന്നും ചിക്കൻ ഭക്ഷണത്തെ മുസ്ലീം ഭക്ഷണങ്ങളെന്നും അടയാളപ്പെടുത്തതെന്നും ആരതി ചോദിക്കുന്നു.
എല്ലാ ഹിന്ദുക്കളും സസ്യാഹാരികളാണെന്നും എല്ലാ മുസ്ലീങ്ങളും മാംസാഹാരികളാണെന്നും നിങ്ങളോട് ആരാണ് പറഞ്ഞതെന്നും അവര്‍ വിസ്താര എയര്‍ലൈന്‍സിനോട് ആരാഞ്ഞു. ആരതിയുടെ ടിക്കറ്റില്‍ ഒരു "ഹിന്ദു ഭക്ഷണവും" ഒരു "മുസ്ലിം ഭക്ഷണവും" ബുക്ക് ചെയ്തതായാണ് കാണിക്കുന്നത്.
ഭക്ഷണ കോഡുകൾ ഏകീകൃതം
അതേസമയം വിമാന കമ്പനികളുടെ ഭക്ഷണ കോഡുകൾ തീരുമാനിക്കുന്നത് വിസ്താരയല്ലെന്നും, അവ എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ ഉടനീളം ഏകീകൃതമാണെന്നുമുളള വിശദീകരണമാണ് ഇതുസംബന്ധിച്ച് അറിവുളളവര്‍ നല്‍കുന്നത്. വിമാന കമ്പനികള്‍, കാറ്ററിംഗ് സേവനങ്ങൾ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവർ ഭക്ഷണ കാര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുളള ആശയവിനിമയം സുഗമമാക്കുന്നതിനും ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനാണ് (IATA) ഏകീകൃത ഭക്ഷണ കോഡുകൾ പുറപ്പെടുവിക്കുന്നത്.
വിമാനങ്ങളിലെ ഹിന്ദു ഭക്ഷണം (HNML) എന്നത് സസ്യാഹാരം ആയിരിക്കണമെന്നില്ല. അത് ഹലാൽ അല്ലാത്ത ഒരു നോൺ വെജ് ഭക്ഷണവും ആയിരിക്കാമെന്ന് അവിയലാസ് കൺസൾട്ടന്റ്സിന്റെ സി.ഇ.ഒ സഞ്ജയ് ലാസർ പ്രതികരിച്ചു. അതുപോലെ മുസ്ലീം ഭക്ഷണം (MOML) എന്നത് ഹലാലായ നോൺ വെജിറ്റേറിയൻ ഭക്ഷണമാണെന്നും അദ്ദേഹം വിശദീകരിച്ചു.
നവീകരണം ആവശ്യം
അയാട്ടയുടെ ഭക്ഷണ കോഡുകൾ കാലഹരണപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ജെറ്റ് എയർവേയ്‌സ് മുൻ സി.ഇ.ഒ സഞ്ജീവ് കപൂറും രംഗത്തെത്തി. ജി.ഡി.എസ് അടിസ്ഥാനമാക്കിയുള്ള എയർലൈനുകളിലുടനീളം ആഗോളതലത്തിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് അന്താരാഷ്ട്ര ഭക്ഷണ കോഡുകളാണ് ഇവ. എന്നിരുന്നാലും, അയാട്ടയോ ബന്ധപ്പെട്ട അധികൃതരോ ഈ കാലഹരണപ്പെട്ടതും അമ്പരപ്പിക്കുന്നതുമായ ഭക്ഷണ കോഡുകൾ നവീകരിക്കണമെന്നാണ് തന്റെ നിലപാടെന്നും കപൂർ പറഞ്ഞു.
എയർലൈൻ ഷെഡ്യൂളുകൾ, നിരക്കുകൾ, റിസർവേഷൻ, ടിക്കറ്റിംഗ് ആവശ്യങ്ങൾക്കുള്ള ലഭ്യത എന്നിവ ആക്‌സസ് ചെയ്യുന്നതിനായി ട്രാവൽ ഏജന്റുമാരും ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് നെറ്റ്‌വർക്കാണ് ജി.ഡി.എസ് (GDS) അഥവാ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം. വ്യത്യസ്ത വിമാന കമ്പനികളുടെ ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും സുഗമമാക്കുന്നതിനുളള ഒരു പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഈ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.
അതേസമയം, വിസ്താരയുടെ വെബ്‌സൈറ്റിൽ ഹിന്ദു അല്ലെങ്കിൽ മുസ്ലീം ഭക്ഷണങ്ങളെ സംബന്ധിച്ച് പരാമർശങ്ങള്‍ ഒന്നുമില്ല. മാംസാഹാരം, മുട്ടകൾ, പാലുൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടാത്ത വെജിറ്റേറിയൻ വിഗൻ മീൽ (VGML), മാംസാഹാരമോ കിഴങ്ങ് വിഭാഗത്തില്‍പ്പെട്ട പച്ചക്കറികളോ ഉള്‍പ്പെടാത്ത വെജിറ്റേറിയൻ ജെയിൻ മീൽ (VJML), മുട്ടയും പാലുൽപ്പന്നങ്ങളും അടങ്ങിയിരിക്കുന്ന വെജിറ്റേറിയൻ ലാക്ടോ-ഓവോ മീൽ (VLML) എന്നിങ്ങനെയാണ് വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ പട്ടിക നല്‍കിയിരിക്കുന്നത്.
Next Story
Videos